

കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരരംഗത്തുണ്ടാകില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ജയസാധ്യതയുള്ള സീറ്റ് കോൺഗ്രസ് വാഗ്ദാനം ചെയ്തുവെങ്കിലും സപ്തതി കഴിഞ്ഞതിനാൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ല എന്നാണ് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്.
ശാന്തികവാടത്തിലെ വൈദ്യുത ശ്‌മശാനത്തിൽ എരിഞ്ഞടങ്ങുന്നതുവരെയും താൻ അടിയുറച്ച കോൺഗ്രസ് പ്രവർത്തകനായിരിക്കുമെന്നും ചെറിയാൻ ഫിലിപ്പ് വ്യക്തമാക്കി. രാഷ്ട്രീയ ചിന്താശേഷിയിലും ഓർമശക്തിയിലും യുവത്വം നിലനിൽക്കുന്നതിനാൽ ഏൽപ്പിക്കുന്ന ഏത് ചുമതലയും ഉത്തരവാദിത്തത്തോടെ നിർവഹിക്കുമെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.
കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരവെയാണ് ചെറിയാൻ ഫിലിപ്പിന്റെ പ്രതികരണം. നേരത്തെ മത്സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ രംഗത്തെത്തിയിരുന്നു. മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും താന്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടിയാണെന്നും എം എം ഹസ്സന്‍ വ്യക്തമാക്കിയിരുന്നു.
വി എം സുധീരൻ, കെ സുധാകരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ തുടങ്ങിയ നേതാക്കളെ മത്സരിപ്പിക്കാനും കോൺഗ്രസ് പദ്ധതിയിടുന്നുവെന്നാണ് സൂചന. തൃശൂരിൽ വി എം സുധീരൻ, കണ്ണൂരിൽ കെ സുധാകരൻ, നാദാപുരത്തോ പേരാമ്പ്രയിലോ മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിങ്ങനെയാണ് സാധ്യതകൾ. എന്നാല്‍ താന്‍ മത്സരിക്കാനില്ലെന്ന് സുധീരന്‍ വ്യക്തമാക്കി. ഇതിന് പുറമെ സിനിമ താരങ്ങൾ അടക്കമുള്ള സർപ്രൈസ് സ്ഥാനാർത്ഥികളെയും പരിഗണിക്കുന്നുണ്ട്. എത്രയും പെട്ടെന്ന് സീറ്റ് വിഭജന ചർച്ചകൾ ആരംഭിച്ച് ജനുവരി മധ്യത്തോടെ സ്ഥാനാർഥി നിർണയത്തിലേക്ക് കടക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ പല രാഷ്ട്രീയനേതാക്കളും ആഗ്രഹങ്ങൾ വ്യക്തമാക്കി രംഗത്തെത്തിത്തുടങ്ങി. ബിജെപി നേതാവ് ജി കൃഷ്ണകുമാർ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള തന്റെ ആഗ്രഹം പ്രകടിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും അടുത്ത ബന്ധമാണുളളതെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തന്റെ പേര് ഉയര്‍ന്നുവന്നേക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും വട്ടിയൂര്‍ക്കാവാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ വട്ടിയൂർക്കാവിൽ അവകാശവാദവുമായി ഒന്നിലധികം നേതാക്കൾ രംഗത്തുണ്ട്. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കിയ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.