

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാനുളള ആഗ്രഹം പ്രകടിപ്പിച്ച് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാര്‍. തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും പ്രാദേശിക നേതാക്കളുമായും ജനങ്ങളുമായും അടുത്ത ബന്ധമാണുളളതെന്നും ജി കൃഷ്ണകുമാര്‍ പറഞ്ഞു. താന്‍ ജീവിക്കുന്നത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണെന്നും നാച്ചുറല്‍ കാന്‍ഡിഡേറ്റ് എന്ന നിലയില്‍ തന്റെ പേര് ഉയര്‍ന്നുവന്നേക്കുമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. പാര്‍ട്ടി പറയുന്ന സീറ്റില്‍ മത്സരിക്കുമെന്നും വട്ടിയൂര്‍ക്കാവാണ് തന്റെ പ്രവര്‍ത്തന മണ്ഡലമെന്നും അദ്ദേഹം വ്യക്തമാക്കി.
'ഞാന്‍ 25 വര്‍ഷമായി ജീവിക്കുന്നത് വട്ടിയൂര്‍ക്കാവിലാണ്. എന്റെ പ്രവര്‍ത്തനമണ്ഡലമാണ് ഇത്. പക്ഷെ പാര്‍ട്ടിയാണ് അവസാനം തീരുമാനമെടുക്കുന്നത്. പാര്‍ട്ടി ഒരു കണക്കുകൂട്ടലിലാണ് ഓരോ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്. കൃഷ്ണകുമാര്‍ അവിടെ പോയി മത്സരിക്കണം എന്ന് പാര്‍ട്ടി പറഞ്ഞാല്‍ അതുപോലെ അനുസരിക്കണം. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ പറഞ്ഞാല്‍ സന്തുഷ്ടനായിരിക്കും. ഞാനല്ലെങ്കിലും പാര്‍ട്ടി നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കും' ജി കൃഷ്ണകുമാര്‍ പറഞ്ഞു. ബിജെപി തിരുവനന്തപുരത്ത് മൂന്നിലധികം സീറ്റുകളില്‍ വിജയിക്കുമെന്നും കൃഷ്ണകുമാര്‍ വ്യക്തമാക്കി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കൂടിയാണ് ജി കൃഷ്ണകുമാര്‍.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതല ബിജെപി കൃഷ്ണകുമാറിന് നല്‍കിയിരുന്നു. ബിജെപിക്ക് ഏറെ മുന്‍തൂക്കമുളള വട്ടിയൂര്‍ക്കാവ് മണ്ഡലത്തിനായി മുതിര്‍ന്ന നേതാക്കളും ചരടുവലി തുടങ്ങിക്കഴിഞ്ഞു. കെ സുരേന്ദ്രനും കുമ്മനം രാജശേഖരനും വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സന്നദ്ധത അറിയിച്ചതായാണ് വിവരം. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി വ്യക്തമാക്കിയ ആര്‍ ശ്രീലേഖയെ വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നു.
2016-ല്‍ കുമ്മനം രാജശേഖരന്‍ മത്സരിച്ചതോടെയാണ് വട്ടിയൂര്‍ക്കാവില്‍ ബിജെപി സാധ്യത കണ്ടെത്തിയത്. സിപിഐഎമ്മിനെ മൂന്നാംസ്ഥാനത്താക്കി ബിജെപി അന്ന് വന്‍ മുന്നേറ്റം നടത്തിയിരുന്നു. കെ മുരളീധരനോട് 7622 വോട്ടുകള്‍ക്ക് പരാജയപ്പെട്ടെങ്കിലും വോട്ട് 20 ശതമാനത്തിലധികം വര്‍ധിപ്പിക്കാന്‍ കുമ്മനത്തിനായി. 2019-ല്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് പോയി. എന്നാല്‍ 2021-ല്‍ വി വി രാജേഷ് മത്സരിച്ച് ബിജെപിയെ രണ്ടാംസ്ഥാനത്തേക്ക് എത്തിച്ചിരുന്നു. സുരേന്ദ്രനും ശ്രീലേഖയ്ക്കും പിന്നാലെ കൃഷ്ണകുമാറും രംഗത്തെത്തിയതോടെ പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിര്‍ണായകമാകും.
Content Highlights: g krishnakumar expresses interest to contest from vattiyoorkkavu assembly constituency