

ആലപ്പുഴ: ഹരിപ്പാട് പേടി മാറ്റുന്നതിനെന്ന പേരില്‍ ആറ് മാസം പ്രായമുള്ള കുഞ്ഞിനെ കൊമ്പിലിരുത്തിയുള്ള സാഹസത്തിന് തൊട്ടുമുന്‍പ് ആനയെ ക്രൂരമായി മര്‍ദിച്ച് പാപ്പാന്‍ അഭിലാഷ്. മദ്യലഹരിയിലായിരുന്നു മര്‍ദനം. ഇതിന്റെ ദൃശ്യം പുറത്തുവന്നു. ആനയുടെ മുന്‍കാലുകളില്‍ കമ്പ് ഉപയോഗിച്ച് തല്ലുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ച്ചയായി തല്ലുന്നത് വീഡിയോയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുമായി ഇയാള്‍ ആനയുടെ അടുത്ത് എത്തുന്നതും കുഞ്ഞിനെ ആനക്കൊമ്പില്‍ ഇരുത്താന്‍ ശ്രമിക്കുന്നതും. ഇതിനിടെ കുഞ്ഞ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവന്നിരുന്നു.
മദ്യലഹരിയില്‍ ഇയാള്‍ ആനയെ മര്‍ദിക്കുന്നത് സ്ഥിരം സംഭവമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കുഞ്ഞുമായുള്ള സാഹസത്തില്‍ അഭിലാഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഹരിപ്പാട് പൊലീസാണ് അഭിലാഷിനെതിരെ കേസെടുത്തത്. കുഞ്ഞ് താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയായിരുന്നു പൊലീസ് നടപടി.
ഇന്നലെയായിരുന്നു കുഞ്ഞുമായുള്ള അഭിലാഷിന്റെ സാഹസ വീഡിയോ പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനും സഹായിക്കുമെന്നുമാണ് വിശ്വാസം. ഇതുപ്രകാരം കുഞ്ഞുമായി ഇയാള്‍ ആനയുടെ അടിയിലൂടെ കടന്നുപോകുകയും പിന്നാലെ ആനയുടെ കൊമ്പില്‍ കുഞ്ഞിനെ ഇരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് താഴെ വീഴുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട, സമീപമുണ്ടായിരുന്ന ആളാണ് കുഞ്ഞിനെ നിലത്തുനിന്ന് എടുക്കുന്നത്. രണ്ടര മാസം മുന്‍പ് പാപ്പാനെ കുത്തിക്കൊന്ന ആനയ്ക്ക് സമീപമാണ് ഇയാള്‍ സാഹസം കാണിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരുന്നു.
Content Highlights- A mahout from harippad who trying to sitting a baby on elephant trunk who also brutally attack elephant video out