

ഹല്‍ചല്‍ എന്ന തന്റെ സിനിമയെക്കുറിച്ച് നടൻ അർഷാദ് വാർസി പറഞ്ഞ വാക്കുകൾ വേദനിപ്പിച്ചെന്ന് സംവിധായകൻ പ്രിയദർശൻ. അദ്ദേഹത്തിന്റെ പരാതി തന്നെ ഞെട്ടിച്ചെന്നും പ്രിയദർശൻ പറഞ്ഞു. ബോളിവുഡ് ചിത്രം ഹല്‍ചലില്‍ അഭിനയിച്ചതിനെക്കുറിച്ചുള്ള അര്‍ഷദിന്റെ വാക്കുകള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു. ഹല്‍ചല്‍ തനിക്കൊരു ദുരനുഭവം ആയിരുന്നുവെന്നാണ് അര്‍ഷദ് പറഞ്ഞത്. ഇതിനോടാണ് ഇപ്പോൾ പ്രിയദർശൻ പ്രതികരിച്ചത്.
'അദ്ദേഹം പറഞ്ഞത് വായിച്ചപ്പോള്‍ എനിക്ക് വല്ലാതെ വിഷമമായി. ചിലപ്പോള്‍ അദ്ദേഹം പറഞ്ഞത് തെറ്റായി വ്യഖ്യാനിച്ചതാകും. പക്ഷെ അദ്ദേഹം പരാതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ഞെട്ടിക്കുന്നതാണ്. റിലീസിന് ശേഷം അദ്ദേഹം എന്നെ വിളിക്കുകയും, പ്രിയന്‍ സാര്‍ എനിക്ക് ഇതുപോലെ പ്രശംസ കിട്ടുമെന്ന് കരുതിയിരുന്നില്ല എന്ന് പറയുകയും ചെയ്തിരുന്നു. അത് എന്റെ വിജയ സിനിമകളിലൊന്നാണ്. പിന്നെ എന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞത്. അര്‍ഷദിന്റെ ആരോപണം എന്നെ വല്ലാതെ വേദനിപ്പിച്ചു. അദ്ദേഹത്തിന് പരാതിപ്പെടാന്‍ യാതൊരു കാരണവുമില്ല', പ്രിയദർശന്റെ വാക്കുകൾ.
'ഹല്‍ചല്‍ മോശം അനുഭവമായിരുന്നു. പ്രിയദര്‍ശന്‍ ആണ് സംവിധായകന്‍ എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു. ഹേര ഫേരിയിലെ അക്ഷയ് കുമാറിന്റെ കഥാപാത്രം പോലെയാണ് എന്റെ കഥാപാത്രം എന്നാണ് നിർമാതാവ് പറഞ്ഞിരുന്നത്. എന്നാൽ സെറ്റിൽ എത്തിയപ്പോൾ അത് നായകന്റെ സുഹൃത്ത് കഥാപാത്രമായി മാറി. അത് എനിക്ക് വലിയൊരു അടി കിട്ടിയത് പോലെയായിരുന്നു. പ്രിയനും ഇതേക്കുറിച്ച് അറിയില്ലായിരുന്നുവെന്ന് തോന്നുന്നു. അദ്ദേഹത്തിന്റെ തെറ്റല്ല. ഇതൊരു ദുരന്തമാണെന്ന് മനസിലായി. പക്ഷെ കമ്മിറ്റ് ചെയ്തതാണ്, അതിനാല്‍ പൂര്‍ത്തിയാക്കി. എന്നാൽ എനിക്ക് അത് ഒരു മോശം അനുഭവമായിരുന്നു. പ്രിയന് അത് അറിയുമായിരുന്നു എന്ന് തോന്നുന്നില്ല', എന്നായിരുന്നു അര്‍ഷദ് വാര്‍സിയുടെ വാക്കുകൾ.

മലയാള ചിത്രം ഗോഡ്ഫാദറിന്റെ ഹിന്ദി റീമേക്കാണ് പ്രിയദര്‍ശന്‍ ഒരുക്കിയ ഹല്‍ചല്‍. അക്ഷയ് ഖന്ന, കരീന കപൂർ, സുനിൽ ഷെട്ടി, ജാക്കി ഷ്രോഫ്, അർഷാദ് വാർസി, അംരീഷ് പുരി, പരേഷ് റാവൽ എന്നിവർ ആയിരുന്നു സിനിമയിലെ പ്രധാന താരങ്ങള്‍. ചിത്രം ബോക്‌സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു.
Content Highlights: Director Priyadarshan responds to actor arshad warsi comment on hulchul movie