

തിരുവനന്തപുരം: വി കെ പ്രശാന്ത് ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് ഒഴിയുന്നു. കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുളള ഓഫീസില്‍ നിന്നാണ് മാറ്റം. മരുതുംകുഴിയിലാണ് പുതിയ ഓഫീസ്. വട്ടിയൂര്‍ക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന്റെ സമീപത്തേക്കാണ് മാറുന്നത്. ഓഫീസ് ഒഴിയണമെന്ന് ആര്‍ ശ്രീലേഖ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. അനാവശ്യ വിവാദം ഒഴിവാക്കാനാണ് നടപടിയെന്ന് വി കെ പ്രശാന്ത് വ്യക്തമാക്കി.
'ജനപ്രതിനിധികള്‍ ജയിച്ചുകഴിഞ്ഞാല്‍ പിന്നെ എല്ലാവരുടേതുമാണല്ലോ. വിവാദത്തിന് കാര്യമില്ല. ജനങ്ങളുടെ കാര്യം നോക്കുക എന്നതിനാണ് പ്രാധാന്യം. വിവാദമില്ലെങ്കില്‍ അവിടെ തന്നെ തുടരുമായിരുന്നു. കഴിഞ്ഞ ഏഴ് വര്‍ഷമായി അവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. വ്യത്യസ്ത രാഷ്ട്രീയ ചേരിയിലുളളവര്‍ വന്നിട്ടും ഇതുവരെ പ്രശ്‌നം ഉണ്ടായിട്ടില്ല. കഴിഞ്ഞ 5 വര്‍ഷവും ബിജെപിയുടെ കൗണ്‍സിലറായിരുന്നു ഇതുവരെ പ്രശ്‌നമുണ്ടായിട്ടില്ല. ഇപ്പോള്‍ പ്രശ്‌നം ഉയര്‍ന്നുവന്നു. അനാവശ്യ വിവാദമുണ്ടായി. അതുകൊണ്ട് മാറുന്നതിന് തീരുമാനിച്ചു. ജനങ്ങള്‍ക്ക് സൗകര്യമുളള ഇടത്തേക്കാണ് മാറുന്നത്': വി കെ പ്രശാന്ത് പറഞ്ഞു.
ശാസ്തമംഗലത്തെ എംഎല്‍എ ഓഫീസ് വി കെ പ്രശാന്ത് ഒഴിയണമെന്നാവശ്യപ്പെട്ട് ശ്രീലേഖ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശ്രീലേഖയുടെ വാര്‍ഡായ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലാണ് പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. തന്റെ ഓഫീസ് സൗകര്യപ്രദമായി പ്രവര്‍ത്തിക്കുന്നതിന് പ്രശാന്ത് ഓഫീസ് ഒഴിയണമെന്നായിരുന്നു ശ്രീലേഖ ഫോണിലൂടെ വിളിച്ച് ആവശ്യപ്പെട്ടത്. പ്രശാന്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നതിന് മാര്‍ച്ച് വരെ കാലാവധിയുള്ളപ്പോഴായിരുന്നു ശ്രീലേഖലയുടെ ഇത്തരത്തിലുള്ള ഇടപെടല്‍.
എന്നാൽ കാലാവധി തീരാതെ ഓഫീസ് ഒഴിയില്ലെന്ന് വി കെ പ്രശാന്ത് ഉറപ്പിച്ച് പറഞ്ഞിരുന്നു. സാധാരണക്കാരായ ജനങ്ങള്‍ക്കുവേണ്ടിയാണ് ശാസ്തമംഗലത്ത് എംഎല്‍എ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും പ്രശാന്ത് നിലപാട് വ്യക്തമാക്കിയിരുന്നു. ഇതിനിടെ ശ്രീലേഖ തർക്ക സ്ഥലത്ത് തന്നെ ഓഫീസ് തുടങ്ങുകയും മുറിയുടെ പരിമിതികൾ ചൂണ്ടിക്കാട്ടി രംഗത്തെത്തുകയും ചെയ്തിരുന്നു.
Content Highlights: VK Prashanth's office in Sasthamangalam is changing; new MLA's office in Maruthumkuzhi