

തിരുവനന്തപുരം: സർക്കാരിന്റെ വീഴ്ചകളിൽ ക്വിസ് മത്സരവുമായി കെഎസ്‌യു. സർക്കാരിന്റെ വീഴ്ചകൾ ചോദ്യോത്തരങ്ങളായി അവതരിപ്പിച്ചുകൊണ്ട് കേരളമൊട്ടാകെ ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാനാണ് നീക്കമെന്ന് കെഎസ്‌യു വ്യക്തമാക്കി. ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തിന് ബദലായിരിക്കുമിത്.
പത്തു വർഷം കേരളം ഭരിച്ച് മുടിച്ചിട്ടും അതിനുള്ള മറുപടി ജനങ്ങൾ 2025ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സർക്കാർ നൽകിയിട്ടും പി ആർ കൊണ്ട് ഒരു കൊട്ടാരം കെട്ടിക്കൊണ്ടിരിക്കുകയാണ് സർക്കാർ എന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. സർക്കാർ ഖജനാവിൽ നിന്ന് പണം മുടക്കിക്കൊണ്ട് വീട് വീടാന്തരം കേറി ഇറങ്ങുന്ന സർവ്വേ പരിപാടി മുതൽ സ്‌കൂൾ കോളേജ് വിദ്യാർത്ഥികളുടെ ഉൾപ്പെടുത്തിക്കൊണ്ട് സർക്കാരിന്റെ പ്രവർത്തനങ്ങൾ വിളിച്ചോതുന്നതിനു വേണ്ടിയിട്ടുള്ള ക്വിസ് പരിപാടികൾ വരെയുള്ള വ്യത്യസ്തങ്ങളായ പി ആർ എക്‌സസൈസ് ആണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും അലോഷ്യസ് സേവ്യർ വിമർശിച്ചു. ഇത്തരം പ്രയത്‌നങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരമെന്നും അലോഷ്യസ് കുറ്റപ്പെടുത്തി.
ഇ - ഗ്രാൻഡ് ആനുകൂല്യങ്ങൾ കൃത്യസമയത്ത് ലഭിക്കാതെ പഠനം നഷ്ടപ്പെട്ട വിദ്യാർത്ഥികളും ഒരു തസ്തിക പോലും പുതുതായി നിർമ്മിക്കാതെ താൽക്കാലിക അധ്യാപകരെ വെച്ച് ഓടുന്ന യൂണിവേഴ്‌സിറ്റികളും സ്‌കൂളുകളും കേരളത്തിലുള്ളപ്പോഴാണ് സർക്കാർ മറ്റൊരു കണ്ണിൽ പൊടിയിടുന്ന പി ആർ ക്യാമ്പയിനുമായി എത്തിയിരിക്കുന്നത്. 'പണിയൊന്നും എടുത്തില്ലെങ്കിലും വേണ്ടില്ല, പണി എടുത്തു എന്ന് തോന്നിപ്പിക്കുന്ന പി ആർ നടത്തിയാൽ മതി' എന്നതാണ് കേരള സർക്കാരിന്റെ നയം. ഈ നയവുമായി കേരളത്തിലെ വിദ്യാർത്ഥികളെ കയ്യിലെടുക്കാം എന്നാണ് സർക്കാർ വിചാരിച്ചിരിക്കുന്നതെങ്കിൽ അതിനെ ഏത് വിധേനയും കേരള വിദ്യാർഥി യൂണിയൻ തടയുമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപവരെ സമ്മാനം നൽകുന്നതാണ് ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം. സ്‌കൂൾ, കോളേജ് വിഭാഗങ്ങളിലാണ് മത്സരം നടക്കുക. കേരളത്തിന്റെ ആവേശോജ്ജ്വലമായ സാമൂഹിക പുരോഗതിയുടെ ചരിത്രത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിജ്ഞാന യാത്ര- ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരം സംസ്ഥാന വ്യാപകമായി ആരംഭിക്കുകയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.
Content Highlights: ksu planning to conduct all kerala quiz competition against chief ministers mega quiz competition