

തിരുവനന്തപുരം: പുനര്‍ജനിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിയുടെ പ്രധാന പങ്കാളികളില്‍ ഒന്നായ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. മണപ്പാട്ട് ഫൗണ്ടേഷന്‍ സിഇഒ അമീര്‍ അഹമ്മദിനെതിരെയാണ് സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. പുനര്‍ജനിക്ക് വേണ്ടി പിരിച്ച പണത്തിന് രേഖകള്‍ സൂക്ഷിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.
ബാങ്ക് അക്കൗണ്ടിലെ വിവരങ്ങളും ഫൗണ്ടേഷന്റെ രേഖകളിലെ വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടില്‍ പണം എത്തിയത് വി ഡി സതീശന്റെ അഭ്യര്‍ത്ഥനപ്രകാരമാണെന്നും വിജിലന്‍സ് പറയുന്നു. വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വി ഡി സതീശനെതിരെയും സിബിഐ അന്വേഷണത്തിന് വിജിലന്‍സ് ശുപാര്‍ശ ചെയ്തിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്കായിരുന്നു വഴിവെച്ചത്. വിഷയം തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നായിരുന്നു വി ഡി സതീശന്‍ അടക്കമുള്ളവര്‍ പറയുന്നത്. എന്നാല്‍ വിഷയം അത്ര ചെറുതായി കാണാന്‍ കഴിയില്ലെന്നാണ് മന്ത്രി വി ശിവന്‍കുട്ടി അടക്കമുള്ളവര്‍ പറഞ്ഞത്.
2018ലെ മഹാപ്രളയത്തിന് ശേഷം വി ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ നടപ്പിലാക്കിയ പുനരധിവാസ പദ്ധതിയാണ് 'പുനര്‍ജനി, പറവൂരിന് പുതുജീവന്‍'. വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുക, സ്‌കൂളുകള്‍ നവീകരിക്കുക, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയായിരുന്നു ഇതിന്റെ ലക്ഷ്യം. മണപ്പാട്ട് ഫൗണ്ടേഷന്‍, ഹാബിറ്റാറ്റ് ഫോര്‍ ഹ്യൂമാനിറ്റി എന്നീ സംഘടനകളായിരുന്നു പദ്ധതിയിലെ പ്രധാന പങ്കാളികള്‍.
പദ്ധതിക്കായി വിദേശത്തുനിന്നും മറ്റും നിയമവിരുദ്ധമായി പണം പിരിച്ചുവെന്നും സാമ്പത്തിക ക്രമക്കേടുകള്‍ നടന്നുവെന്നും ആരോപിച്ച് കാതിക്കുടം ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹി ജയ്സണ്‍ പാനിക്കുളങ്ങരയാണ് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചത്. വി ഡി സതീശന്‍ പണം അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അടക്കമായിരുന്നു ജയ്സണ്‍ വിജിലന്‍സിന് പരാതി നല്‍കിയത്.
കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വിദേശത്തുനിന്ന് (പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന്) പണം പിരിച്ചത് വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ (FCRA) ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എംഎല്‍എ എന്ന നിലയിലുള്ള ഔദ്യോഗിക പദവി സതീശന്‍ ദുരുപയോഗം ചെയ്തെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ 2023 ല്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് അന്വേഷണത്തില്‍ സതീശന്‍ യുകെയില്‍ വിവിധ വ്യക്തികളില്‍ നിന്ന് 19,95,880.44 രൂപ സമാഹരിച്ചതായി കണ്ടെത്തി. ഈ പണം മണപ്പാട്ട് ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് അയച്ചതായും വിജിലന്‍സ് കണ്ടെത്തി. വിദേശ പണമിടപാടുകള്‍ ഉള്‍പ്പെട്ടതിനാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് ഏറ്റെടുത്തിരുന്നു.
Content Highlights- Vigilance also recommend cbi investigation against manappad foundation on punarjani cas