

ചെല്‍സിയുടെ പുതിയ പരിശീലകനായി ലിയാം റൊസീനിയര്‍ ക്ലബ്ബ് എത്തുന്നു. പ്രീമിയര്‍ ലീഗ് ടീമുമായി വാക്കാലുള്ള കരാറിലെത്തിയതായി നിലവിലെ സ്‌ട്രോസ്ബര്‍ഗ് പരിശീലകനായ റൊസീനിയര്‍ സ്ഥിരീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കവേ ഇംഗ്ലീഷ് പരിശീലകന്‍ വ്യക്തമാക്കി.
മോശം പ്രകടനങ്ങളുടെയും ക്ലബ് ഉടമകളുമായുള്ള അഭിപ്രായ ഭിന്നതയെയും തുടര്‍ന്ന് വ്യാഴാഴ്ച ചെല്‍സിയുമായി വഴിപിരിഞ്ഞ എന്‍സോ മരെസ്‌കയ്ക്ക് പകരക്കാരനായാണ് റോസനിയര്‍ സ്റ്റാംഫോഡ് ബ്രിഡ്ജിലേക്ക് എത്തുന്നത്. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന്‍ ക്ലബ് ഹള്‍ സിറ്റിയില്‍ നിന്ന് പുറത്താക്കപ്പെട്ട് രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പാണ് ഇംഗ്ലീഷ് ഫുട്‌ബോളിലേക്കുള്ള 41കാരന്റെ തിരിച്ചുവരവ്.
ഫ്രഞ്ച് ക്ലബ് സ്ട്രോസ്ബർഗില്‍ നിന്നാണ് റൊസീനിയർ ചെൽസിയിലേക്ക് എത്തുന്നത്. ചെല്‍സിയുടെ സഹോദരക്ലബാണ് സ്ട്രോസ്ബര്‍ഗ്. 2021-22 കാലഘട്ടത്തിൽ ഡെർബി കൗണ്ടിയിൽ വെയ്ൻ റൂണിയുടെ സഹപരിശീലകനായിരുന്നു റൊസീനിയർ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസ താരം ക്ലബ് വിട്ടതോടെ ഡെർബിയുടെ ഇടക്കാല പരിശീലകനായും ചുമതലയേറ്റു. പിന്നീട് ഹൾ സിറ്റിയുടെ പരിശീലകനായിരുന്ന റോസനിയർ, 2024 ജൂലൈയിലാണ് സ്ട്രോസ്ബർഗിൽ ചേർന്നത്.
Content highlights: Liam Rosenior agrees to become Chelsea new Head Coach