ഇന്ത്യ-ഇസ്രായേൽ വ്യാപാര വിനിമയം രൂപയിലേക്ക് ; തീരുമാനവുമായി എസ്ബിഐ

അടുത്തിടെ 40,000-ത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേലിൽ ജോലിയിൽ ചേർന്നു. എസ്ബിഐയുടെ ടെൽ അവീവ് ശാഖ വഴി ഇന്ത്യയിൽ എൻആർഐ അക്കൗണ്ടുകൾ തുറക്കാനും ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സുഗമമാക്കാനും തയ്യാറെടുത്ത് എസ്ബിഐ

ഇന്ത്യ-ഇസ്രായേൽ വ്യാപാര വിനിമയം രൂപയിലേക്ക് ; തീരുമാനവുമായി എസ്ബിഐ
dot image

ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം സുഗമമാക്കാനുള്ള നടപടിയുമായി എസ്ബിഐ. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം രൂപയിൽ പ്രോത്സാഹിപ്പിക്കാനാണ് തീരുമാനം. സ്വതന്ത്ര വ്യാപാര കരാറിനെ ചുറ്റിപ്പറ്റിയുള്ള തന്ത്രപരമായ ബന്ധങ്ങളും ചർച്ചകളും ശക്തി പ്രാപിക്കുന്നതിനിടെയാണിത്.

നിലവിൽ ഇസ്രായേലിൽ സാന്നിധ്യമുള്ള ഏക ഇന്ത്യൻ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ആഗോള വ്യാപാര സമൂഹത്തിൽ ഇന്ത്യൻ രൂപയിൽ വ്യാപാരം ചെയ്യാനുള്ള താൽപ്പര്യം വർദ്ധിച്ചുവരികയാണ്. ഇത് കണക്കിലെടുത്ത് ആർബിഐ, ഇന്ത്യൻ ബാങ്കുകൾക്ക് അവരുടെ കോർപ്പറേറ്റ് ഇടപാടുകാരുടെ കയറ്റുമതിയും ഇറക്കുമതിയും രൂപയിലാക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഈ സംവിധാനത്തിന് കീഴിലുള്ള പങ്കാളി രാജ്യങ്ങളിലൊന്നായി ഇസ്രായേലിനെ കണക്കാക്കുന്നതായി എസ്ബിഐ ഇസ്രായേൽ സിഇഒ വി. മണിവണ്ണൻ പറഞ്ഞു.

ഈ സംവിധാനം വഴി കയറ്റുമതി/ഇറക്കുമതി നടത്തുന്ന ഇസ്രായേലി സ്ഥാപനങ്ങൾ, ഇസ്രായേലി വിൽപ്പനക്കാരനിൽ നിന്നോ വാങ്ങുന്നയാളിൽ നിന്നോ രൂപയിൽ പേയ്മെന്റുകൾ സ്വീകരിക്കും. ഇത്തരത്തിൽ സാധനങ്ങളുടെയോ സേവനങ്ങളുടെയോ ഇൻവോയ്സുകൾ രൂപയിൽ സ്വീകരിക്കുകയും നൽകുകയും ചെയ്യാം. ഇത് സ്‌പെഷ്യൽ റുപ്പി വോസ്‌ട്രോ അക്കൗണ്ടിലേക്ക് (SRVA) ക്രെഡിറ്റ് ചെയ്യപ്പെടും. ഈ ഇടപാടുകൾ സുഗമമാക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും എസ്ബിഐ ടെൽ അവീവിൽ ഉള്ളതായി വി. മണിവണ്ണൻ പറഞ്ഞു.

SBI Branch in Tel Aviv, Israel
ഇസ്രയേലിലെ എസ്ബിഐ ബ്രാഞ്ച്

രൂപയിലുള്ള വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി ഇസ്രായേൽ-ഇന്ത്യ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരിച്ച് ടെൽ അവീവ് ബ്രാഞ്ച് അടുത്തിടെ നിരവധി മീറ്റിംഗുകൾ നടത്തുകയും വെബിനാറുകൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രായേലിലെ മിക്ക പ്രധാന പ്രതിരോധ സ്ഥാപനങ്ങളെയും ഈ ചർച്ചകളിൽ ഉൾപ്പെടുത്തിയിരുന്നു.

അടുത്തിടെ 40,000-ത്തിലധികം ഇന്ത്യൻ തൊഴിലാളികൾ ഇസ്രായേൽ തൊഴിൽ മേഖലയിൽ ചേർന്നതോടെ, ടെൽ അവീവ് ശാഖ വഴി ഇന്ത്യയിൽ എൻആർഐ അക്കൗണ്ടുകൾ തുറക്കാനും ഇന്ത്യയിലേക്കുള്ള പണമയയ്ക്കൽ സുഗമമാക്കാനും തയ്യാറെടുക്കുകയാണ് എസ്ബിഐ. ഇസ്രായേൽ തൊഴിൽ വിപണിയിൽ, പ്രത്യേകിച്ച് നിർമ്മാണ, കാർഷിക മേഖലകളിൽ, ഇന്ത്യൻ തൊഴിലാളികളുടെ ഒഴുക്ക് ഉണ്ടായിട്ടുണ്ട്. എസ്ബിഐ നിലവിൽ ഇന്ത്യൻ പ്രവാസികൾക്ക് രൂപയിൽ പണമടയ്ക്കുന്നതിന് ഫിൻടെക്, പ്രാദേശിക ബാങ്കുകളുമായി സഹകരിക്കാനൊരുങ്ങുകയാണ്.

Rupee Note

2007 ലാണ് എസ്ബിഐ ഇസ്രായേലിൽ ശാഖ ആരംഭിച്ചത്. ഈ ശാഖയിലൂടെ എസ്ബിഐ വ്യാപാര ധനസഹായം, ഇന്ത്യയുമായി ബന്ധപ്പെട്ട പദ്ധതികൾക്കുള്ള ബാങ്ക് ഗ്യാരണ്ടികൾ, ബിസിനസ് അക്കൗണ്ട്, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി പ്രാദേശിക കോർപ്പറേറ്റുകളെ സഹായിക്കുന്നു. ഇസ്രയേൽ, യുദ്ധമവസാനിപ്പിച്ച് സാമ്പത്തിക മുന്നേറ്റത്തിന്റെ പാതയിലേക്ക് പോകുമ്പോൾ എസ്ബിഐയുടെ ഈ നടപടി ഇന്ത്യക്ക് ഗുണകരമാവും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള സഹകരണം വർദ്ധിച്ചുവരുന്നതിനാൽ, പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് എസ്ബിഐക്കാകുമെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ളതും വരാനിരിക്കുന്നതുമായ ഇടപാടുകാരുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനും അവരുടെ ബിസിനസ് ഇടപാടുകളിൽ വിശ്വസനീയ പങ്കാളിയാകാനും ബ്രാഞ്ച് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: State Bank of India is planning an initiative to promote trade between India and Israel by enabling transactions in Indian Rupees. The move is aimed at strengthening bilateral trade and reducing dependence on foreign currencies for cross border settlements.

dot image
To advertise here,contact us
dot image