'സേവ് ബോക്സ്' ആപ്പ് വഴി തട്ടിയ പണം വിദേശത്തേക്ക് കടത്തിയതായി നിഗമനം; അന്വേഷണം ദുബായിലേക്ക്

ആപ്പ് ഉടമ തൃശ്ശൂര്‍ സ്വദേശിയായ സ്വാതിഖിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത തുടരുകയാണ്

'സേവ് ബോക്സ്' ആപ്പ് വഴി തട്ടിയ പണം വിദേശത്തേക്ക് കടത്തിയതായി നിഗമനം; അന്വേഷണം ദുബായിലേക്ക്
dot image

കൊച്ചി: സേവ് ബോക്‌സ് ആപ്പ് നിക്ഷേപം വഴി തട്ടിയെടുത്ത പണം വിദേശത്തേക്ക് കടത്തിയെന്ന നിഗമനത്തിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. ആപ്പ് ഉടമയും തൃശ്ശൂര്‍ സ്വദേശിയുമായ മുഖ്യപ്രതി സ്വാതിഖ് റഹീമിന്റെ ദുബായിലുള്ള കൂട്ടാളികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. 20 കോടി രൂപയുടെ തട്ടിപ്പാണ് ആപ്പിന്റെ മറവില്‍ നടന്നതെന്നാണ് വിവരം. സ്വാതിഖിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹത തുടരുകയാണ്. സ്വാതിഖിന്റെ സ്വന്തം പേരിലുള്ള ആസ്തികള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യയെയും ഭാര്യയെയും ഇ ഡി ചോദ്യം ചെയ്തിരുന്നു. സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യ പ്രവര്‍ത്തിച്ചോ എന്നും ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ലഭിച്ചോ എന്നുമാണ് ഇ ഡി പരിശോധിക്കുന്നത്. സ്വാതിക് റഹീം 2019ല്‍ തുടങ്ങിയതാണ് സേവ് ബോക്‌സ്. ഇന്ത്യയിലെ തന്നെ ആദ്യ ഓണ്‍ലൈന്‍ ലേല ആപ്പ് എന്ന നിലയിലായിരുന്നു സേവ് ബോക്‌സ് ജനങ്ങള്‍ക്ക് മുന്നിലേക്ക് എത്തിച്ചത്. 2023ലാണ് ആപ്പിന്റെ മറവില്‍ തട്ടിപ്പ് ആരംഭിച്ച് തുടങ്ങിയത് എന്നാണ് കണ്ടെത്തല്‍.

സിനിമ മേഖലയിലെ നിരവധി ആളുകളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സ്വാതിക് ആപ്പിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യയെ ക്ഷണിച്ചത്. രണ്ട് കോടിയോളം രൂപയാണ് ഇതിനായി സ്വാതിക് ജയസൂര്യയ്ക്ക് വാഗ്ദാനം ചെയ്തത്. മറ്റ് പല സിനിമ താരങ്ങളും ആപ്പിന്റെ പ്രമോഷന്‍ സോഷ്യല്‍ മീഡിയ വഴിയും മറ്റും നടത്തിയിരുന്നു.

2023 ജനുവരിയില്‍ സേവ് ബോക്‌സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീമിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്‌സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.

മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെ പരാതികള്‍ ഉയര്‍ന്നു. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്‌സ് ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്‌സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.

Content Highlight; Investigators have concluded that money obtained through cheating via the Save Box app was transferred to foreign destinations.

dot image
To advertise here,contact us
dot image