കോണ്‍ഗ്രസ് വയനാട്ടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ കെപിസിസി ദ്വിദിന ക്യാമ്പ്

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് ക്യാംപ് രൂപംനല്‍കും

കോണ്‍ഗ്രസ് വയനാട്ടിലേക്ക്; നിയമസഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ കെപിസിസി ദ്വിദിന ക്യാമ്പ്
dot image

കല്‍പ്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാന്‍ കെപിസിസി സംഘടിപ്പിക്കുന്ന ദ്വിദിന ക്യാമ്പ് ഇന്ന് ആരംഭിക്കും. സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന ക്യാമ്പിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് ചര്‍ച്ചയാവുക. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തും. സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതിനുളള മാനദണ്ഡങ്ങള്‍ക്ക് ക്യാമ്പ് രൂപംനല്‍കും. ഞായര്‍, തിങ്കൾ ദിവസങ്ങളില്‍ സുല്‍ത്താന്‍ ബത്തേരി സപ്ത കണ്‍വെന്‍ഷന്‍ സെന്ററിലാണ് ക്യാമ്പ് നടക്കുന്നത്.

രാവിലെ ഒമ്പതരയോടെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോര്‍ കമ്മിറ്റി, രാഷ്ട്രീയ കാര്യ സമിതി അംഗങ്ങള്‍, എംഎല്‍എമാര്‍, എംപിമാര്‍, കെപിസിസി ഭാരവാഹികള്‍ അടക്കം ഇരുന്നൂറിലധികം പേര്‍ ക്യാമ്പിൽ പങ്കെടുക്കും. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗം രൂപം നല്‍കും.


ശബരിമല സ്വര്‍ണക്കൊളള അടക്കമുളള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പോരാട്ടം കടുപ്പിക്കുന്നതിനുളള മാര്‍ഗങ്ങള്‍ക്കും രൂപം നല്‍കും.സംഘടനാതലത്തിലുളള തയ്യാറെടുപ്പുകള്‍, നടപ്പാക്കേണ്ട മാറ്റങ്ങള്‍ എന്നിവയില്‍ ഊന്നിയായിരിക്കും ചര്‍ച്ചകള്‍ നടക്കുക. ഓരോ ജില്ലയിലെയും മണ്ഡലങ്ങളിലെയും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിശോധിക്കും. കോണ്‍ഗ്രസിനുളള സാധ്യതകളെക്കുറിച്ചും വെല്ലുവിളികളെക്കുറിച്ചും ജില്ലയില്‍ നിന്നുളള നേതാക്കള്‍ വിശദീകരിക്കും. തെരഞ്ഞെടുപ്പില്‍ സംസ്ഥാനം മുഴുവനും പ്രാദേശികമായും ഉയര്‍ത്തിക്കാട്ടേണ്ട വിഷയങ്ങളും ക്യാമ്പിൽ തീരുമാനിക്കും. തിങ്കളാഴ്ച്ച വൈകുന്നേരം മൂന്നുമണിയോടെ സമാപന സമ്മേളനം നടക്കും.

Content Highlights: KPCC Two day camp for discussing assembly election preparations starts in wayanad today

dot image
To advertise here,contact us
dot image