

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പേസർ മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതിൽ കടുത്ത നടപടിയുമായി ബംഗ്ലാദേശ് ക്രിക്കറ്റ്. അടുത്ത മാസം ഇന്ത്യയിൽ തീരുമാനിച്ചിരിക്കുന്ന ടി20 ലോകകപ്പിൽ കളിക്കാൻ ബംഗ്ലാദേശ് തയ്യാറാവില്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. ഇതിനുപുറമെ ഐപിഎൽ മത്സരങ്ങൾ ബംഗ്ലാദേശിൽ സംപ്രേഷണം ചെയ്യില്ലെന്നും റിപ്പോർട്ടുകളുണ്ട്.
ബംഗ്ലാദേശിലെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്‍റെ സ്റ്റാര്‍ പേസര്‍ മുസ്തഫിസുറിനെ റിലീസ് ചെയ്യണമെന്ന് കഴിഞ്ഞ ദിവസം ബിസിസിഐ ഔദ്യോഗികമായി ആവശ്യപ്പെട്ടത്. ഈ നടപടിയിൽ പ്രതിഷേധിച്ചാണ് 2026ലെ ടി20 ലോകകപ്പിൽ ഇന്ത്യയിൽ നടക്കേണ്ട തങ്ങളുടെ മത്സരങ്ങൾ ബഹിഷ്കരിക്കാൻ ബംഗ്ലാദേശ് ഒരുങ്ങുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ബംഗ്ലാദേശിന്റെ മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.
ഒരു വിശദീകരണവും നൽകാതെയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് ബിസിസിഐ മുസ്തഫിസുർ റഹ്മാനെ റിലീസ് ചെയ്യാന്‍ ആവശ്യപ്പെട്ടത്. ഈ കാര്യത്തിലും ബിസിബി ബിസിസിഐയ്ക്ക് കത്തെഴുതുമെന്നാണ് അറിയുന്നത്. ഐസിസിയോടും മുസ്തഫിസുറിന്റെ കാര്യം പരാമര്‍ശിക്കുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.
ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടി20 ലോകകപ്പ് നടക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശിൻ്റെ എല്ലാ മത്സരങ്ങളും ഇന്ത്യയിലാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ലോകകപ്പിൽ ബംഗ്ലാദേശിൻ്റെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിന് ശേഷം ഫെബ്രുവരി 9ന് ഇറ്റലിയെയും ഫെബ്രുവരി 14ന് ഇംഗ്ലണ്ടിനെയും ബംഗ്ലാദേശ് നേരിടും. ഈ മത്സരങ്ങളെല്ലാം കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ്. ഫെബ്രുവരി 17ന് നേപ്പാളിനെതിരായ മത്സരത്തിൻ്റെ വേദി മുംബൈ വാംഖഡെ സ്റ്റേഡിയം. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലെത്താൻ വിസമ്മതിച്ചാൽ ഈ മത്സരങ്ങളെല്ലാം ശ്രീലങ്കയിലേക്ക് മാറ്റേണ്ടിവരും.
Content highlights: Mustafizur Rahman's IPL exit, Bangladesh wants its T20 World Cup games out of India