

തട്ടത്തിൻ മറിയത്ത്, വടക്കൻ സെൽഫി, പ്രേമം തുടങ്ങിയ സിനിമകളിലൂടെ നിവിൻ പോളി മലയാള സിനിമയിൽ പീക്കിൽ നിന്നൊരു സമയം ഉണ്ടായിരുന്നു. നിവിന് തുടരെ പരാജയം ഉണ്ടായപ്പോൾ നമ്മൾ എല്ലാവരും ആ പഴയ നിവിനെ വല്ലാതെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞിരുന്നു. എന്നാൽ 2025 ന്റെ അവസാനം നിവിൻ പോളി ഒരു ഗംഭീര തിരിച്ചു വരവാണ് നടത്തിയത്. അഖിൽ സത്യൻ സംവിധാനം ചെയ്ത സർവ്വം മായ എന്ന സിനിമയിലൂടെ പരാതികളെല്ലാം നിവിൻ നികത്തിയിട്ടുണ്ട്. റീലീസ് ചെയ്ത് 10 ദിവസം കഴിയുമ്പോൾ ബോക്സ് ഓഫീസിൽ നിന്ന് 100 കോടി കൂളായിട്ടാണ് നിവിൻ തൂക്കിയത്.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ആദ്യ 100 കോടി ചിത്രമാണ് സർവ്വം മായ. ഗംഭീര ഫൈറ്റ് സീനുകളോ, ത്രില്ല് അടുപ്പിക്കുന്ന പഞ്ച് ഡയലോഗുകൾ ഒന്നും ഇല്ലാതിരുന്നിട്ടും പ്രേക്ഷകർ സർവ്വം മായയെ സ്വീകരിച്ചു. ഈ ക്രിസ്മസ് അവധികാലത്ത് ഫാമിലി ആയി കാണാൻ കഴിയുന്ന ഒരു ഫീൽ ഗുഡ് സിനിമ എന്നത് തന്നെയാണ് സിനിമയുടെ വലിയ വിജയത്തിന് കാരണം. ഒപ്പം നിവിൻ പോളിയുടെയും അജു വർഗീസിന്റെയും ഒത്തു കൂടലും. സിനിമയിലെ വിഷ്വൽ ഭംഗിയും ഗാനങ്ങളും മികച്ചതായിരുന്നു.

പ്രായമായി, ഫിറ്റ്നസ് പോയി എന്ന് ബോഡി ഷെയ്മിങ് കമന്റുകള്‍ നടത്തിയവര്‍ക്കും ഇയാൾ ഫീൽഡ് ഔട്ട് ആയി എന്ന് പറഞ്ഞ് കളിയാക്കിയവർക്കുമെല്ലാം നിവിൻ പോളി സർവ്വം മായ എന്ന സിനിമയിലൂടെ മറുപടി നൽകുകയാണ്.
ഈ വർഷം നിവിൻ പോളിയുടെ ലൈനപ്പുകളും ശ്രദ്ധ നേടുന്നുണ്ട്. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ആണ് നിവിൻ നായകനായി എത്തുന്ന അടുത്ത സിനിമ. ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം അരുൺ ഒരുക്കുന്ന സിനിമയാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ നിർമിക്കുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ ആണ്.

നയൻതാര-നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഡിയർ സ്റ്റുഡന്റ്സും ആരാധകർ കാത്തിരിക്കുന്ന സിനിമയാണ്. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത്. വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ഈ ചിത്രത്തിൻറെ നിർമ്മാണം നിർവഹിക്കുന്നത്. ചിത്രം ഫെബ്രുവരിയിൽ പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. പ്രേമലു എന്ന വമ്പൻ ഹിറ്റിന് ശേഷം ഗിരീഷ് എഡി ഒരുക്കുന്ന ബത്‌ലഹേം കുടുംബ യൂണിറ്റിൽ നിവിൻ ആണ് നായകൻ. സിനിമയുടെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും. ചിത്രം 2026 ഓണത്തിന് പുറത്തിറങ്ങുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. മമിത ബൈജു ആണ് സിനിമയിലെ നായിക. പ്രേമലുവിന് തിരക്കഥയൊരുക്കിയ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ് ഈ ചിത്രത്തിന്‍റെയും രചന നിര്‍വഹിക്കുന്നത്.

ലോകേഷ് കനകരാജിന്റെ എൽ സി യുവിന്റെ ഭാഗം കൂടിയാണ് നിവിൻ. ബെൻസ് എന്ന സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്. ഇവിടെ കൊടും വില്ലനായാണ് നിവിൻ എത്തുന്നത്. ആദിത്യ ചന്ദ്രശേഖർ സംവിധാനത്തിൽ അണിയറയിൽ ഒരുങ്ങുന്ന മൾട്ടിവേഴ്‌സ് മന്മഥനിലും നിവിൻ പോളി ആണ് നായകൻ. നിവിൻ പോളി നായകനായി എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ നേരത്തെ പുറത്തുവന്നിരുന്നു. ടൈം ട്രാവലും വിവിധ യൂണിവേഴ്‌സുകളുമെല്ലാമായാകും നിവിൻ ചിത്രം എത്തുക എന്ന് തന്നെയാണ് പോസ്റ്റർ നൽകിയ സൂചനകൾ.
ക്രിസ്റ്റഫർ എന്ന സിനിമയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന അടുത്ത സിനിമയിലും നായകൻ നിവിൻ ആണ്. ഒരു ബിഗ് ബജറ്റ് പൊളിറ്റിക്കൽ സിനിമയായി ഒരുങ്ങുന്ന ചിത്രം ഏപ്രിലിൽ തിയേറ്ററിൽ എത്തും. ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.
Content Highlights: Nivin Pauly has achieved his first 100 crore movie, marking a significant career milestone. The success sets the stage for even bigger releases, with major films expected to hit the screens in 2026, adding further momentum to his growing career in the Malayalam film industry.