നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം

മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്

നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാർത്ഥിയെങ്കിൽ നിലംതൊടാതെ തോൽപ്പിച്ചിരിക്കും; പോസ്റ്റർ പ്രതിഷേധം
dot image

കോഴിക്കോട്: കെപിസിസി മുന്‍ അധ്യക്ഷനും വടകര എംപിയുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വീണ്ടും പോസ്റ്റര്‍ പ്രതിഷേധം. നാദാപുരം നിയോജകമണ്ഡലത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് മത്സരിക്കുന്നതെങ്കില്‍ നിലംതൊടാതെ തോല്‍പ്പിച്ചിരിക്കുമെന്ന മുന്നറിയിപ്പ് പോസ്റ്ററാണ് പതിച്ചിരിക്കുന്നത്. സേവ് കോണ്‍ഗ്രസിന്റെ പേരില്‍ പതിച്ച പോസ്റ്ററില്‍ നാദാപുരത്തിന് മുല്ലപ്പള്ളിയെ വേണ്ടേ വേണ്ട എന്നും പറയുന്നു.

'മുല്ലപ്പള്ളിയെ നാദാപുരത്തേക്ക് ആനയിക്കുന്ന ലീഗിന്റെ മണ്ഡലം നേതൃത്വത്തോടാണ്, നാദാപുരത്ത് മുല്ലപ്പള്ളിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ നിലം തൊടാതെ തോല്‍പ്പിച്ചിരിക്കും..തീര്‍ച്ച', എന്നാണ് പോസ്റ്റര്‍. ഏഴ് തവണ എംപിയും രണ്ട് തവണ കേന്ദ്രമന്ത്രിയും കെപിസിസി പ്രസിഡന്റും എഐസിസി സെക്രട്ടറിയുമായ മുല്ലപ്പള്ളിക്ക് ഇനിയും അധികാരക്കൊതി തീര്‍ന്നില്ലേയെന്നും പോസ്റ്ററിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇത്തവണ നാദാപുരത്തുനിന്നോ കൊയിലാണ്ടിയില്‍ നിന്നോ നിയമസഭയിലേക്ക് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസവും മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്തുപോകാന്‍ കാരണക്കാരനായ മുല്ലപ്പള്ളി ഇനിയും വിശ്രമ ജീവിതം തുടരട്ടെയെന്നായിരുന്നു പോസ്റ്റര്‍.

മത്സരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ച് മുല്ലപ്പള്ളി രാമചന്ദ്രനും രംഗത്തെത്തിയിരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നാണ് കഴിഞ്ഞദിവസം മുല്ലപ്പള്ളി പ്രതികരിച്ചത്. മുസ്ലിം ലീഗിന്റെ സ്വാധീന മേഖലയാണ് നാദാപുരം. ഇവിടെ കെഎം അഭിജിത്തിന്റെ പേരും കൊയിലാണ്ടിയില്‍ ഡിസിസി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാറിന്റെ പേരും ഉയര്‍ന്നുവരുന്നതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും ഉയര്‍ന്നുകേള്‍ക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിലൂടെ കോഴിക്കോട് ജില്ലയില്‍ മികച്ച സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

Content Highlights: Poster Protest At Nadapuram Against Mullappally Ramachandrans

dot image
To advertise here,contact us
dot image