തൊണ്ടിമുതൽ തിരിമറി കേസ്; ആന്‍റണി രാജുവിന് അർഹമായ ശിക്ഷ ലഭിച്ചില്ല, മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി

തൊണ്ടിമുതൽ തിരിമറി കേസ്; ആന്‍റണി രാജുവിന് അർഹമായ ശിക്ഷ ലഭിച്ചില്ല, മേൽക്കോടതിയിൽ അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ
dot image

തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് അര്‍ഹമായ ശിക്ഷ ലഭിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാന്‍ പ്രോസിക്യൂഷന്‍. ആന്റണി രാജുവിന് നല്‍കിയ ശിക്ഷ പര്യാപ്തമല്ലെന്നും കുറ്റകൃത്യത്തിന്റെ ഗൗരവം ശരിയായി പരിഗണിച്ചില്ലെന്നുമാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍. IPC 409 പ്രകാരമുള്ള ശിക്ഷ ആന്റണി രാജുവിന് നല്‍കിയില്ലെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നു. ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് ആന്റണി രാജു ചെയ്തതെന്നും കേസ് മേല്‍ക്കോടതിക്ക് കൈമാറാത്തത് ഉയര്‍ത്തിക്കാട്ടുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അപ്പീല്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് ഉടന്‍ അപേക്ഷ നല്‍കാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

വിധി പകര്‍പ്പിന്റെ പൂര്‍ണരൂപം പുറത്തുവന്നതിന് പിന്നാലെ പ്രോസിക്യൂഷന് വേണ്ടി ഹാജരായ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമവകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. അടിയന്തരമായി കേസില്‍ അപ്പീല്‍ പോകേണ്ട സാഹചര്യമുണ്ട് എന്നായിരുന്നു ചര്‍ച്ചയില്‍ ഉയര്‍ന്നുവന്ന പ്രധാനപ്പെട്ട നിര്‍ദേശം. നിയമവ്യവസ്ഥയുടെ അടിത്തറ തകര്‍ക്കുന്ന പ്രവര്‍ത്തിയാണ് പ്രതികളുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് വിധി പകര്‍പ്പില്‍ പറയുന്നു. കൂടാതെ കേസിലെ ഒന്ന് രണ്ട് പ്രതികള്‍ നിയമത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരുമായതിനാല്‍ കേസ് അതീവ ഗുരുതരമാണെന്നും മജിസ്‌ട്രേറ്റ് നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്.

അതേസമയം കേസില്‍ തടവ് ശിക്ഷ ലഭിച്ച സാഹചര്യത്തില്‍ ആന്റണി രാജു ഇന്ന് എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അയോഗ്യനാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിപ്പിക്കും മുന്‍പ് രാജിവെച്ച് ഒഴിയാനാണ് തീരുമാനം. സര്‍ക്കാരിനും ആന്റണി രാജുവിനും ഇത് സംബന്ധിച്ച് നിയമോപദേശം ലഭിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷം തടവ് ശിക്ഷ ലഭിച്ചതിന് പിന്നാലെ ആന്റണി രാജുവിന്റെ നിയമസഭാ അംഗത്വം അയോഗ്യമായിരുന്നു.

നിയമസഭാ സെക്രട്ടറി കോടതി ഉത്തരവ് പരിശോധിച്ച് അയോഗ്യനാക്കി ഉത്തരവ് പുറപ്പെടുവിക്കുന്നതോടെയാണ് നിയമസഭാ അംഗത്വം ഇല്ലാതാവുക. എന്നാല്‍ ഇതിന് മുന്‍പ് സ്വയം രാജിവെക്കാനാണ് തീരുമാനം. ഇന്ന് രാവിലെ സ്പീക്കറെ നേരില്‍ കണ്ടോ ഇമെയില്‍ ആയോ രാജി കൈമാറുമെന്നാണ് കരുതുന്നത്. മേല്‍ക്കോടതിയില്‍ ആന്റണി രാജു അപ്പീല്‍ പോയാലും അനുകൂല തീരുമാനം ഉടന്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതിനാലാണ് രാജിവെക്കുന്നത്. രാഷ്ട്രീയ ആരോപണങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ രാജി കൊണ്ട് സാധിക്കുമെന്നാണ് ഇടത് മുന്നണിയും ആന്റണി രാജുവും കരുതുന്നത്.

ഇന്നലെയായിരുന്നു തൊണ്ടിമുതല്‍ തിരിമറി കേസില്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. കേസെടുത്ത് മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് കേസില്‍ വിധി വന്നത്. ഗൂഢാലോചനയ്ക്ക് ആറ് മാസം തടവ്, തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും, കള്ള തെളിവ് ഉണ്ടാക്കല്‍ വകുപ്പിന് മൂന്ന് വര്‍ഷം തടവുമാണ് ശിക്ഷ. ഐപിസി 120 ബി, 201, 193, 409, 34 എന്നീ വകുപ്പുകളായിരുന്നു ആന്റണി രാജുവിനെതിരെ തെളിഞ്ഞത്. കേസിലെ ഒന്നാം പ്രതിയും കോടതി ക്ലര്‍ക്കുമായിരുന്ന ജോസും കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടുണ്ട്.

ജോസുമായി ആന്റണി രാജു ഗൂഢാലോചന നടത്തി തൊണ്ടിമുതല്‍ പുറത്തെടുത്ത് അതില്‍ കൃത്രിമത്വം വരുത്തിയെന്നും അങ്ങനെ ഹൈക്കോടതിയിലെ കേസ് പ്രതിക്ക് അനുകൂലമാക്കിയെന്നും തെളിഞ്ഞതായി കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ലഹരിക്കേസില്‍ പിടിയിലായ വിദേശിയെ രക്ഷിക്കാനായി തൊണ്ടിമുതലില്‍ തിരിമറി നടത്തിയെന്ന കേസില്‍ മൂന്ന് പതിറ്റാണ്ട് നീണ്ട വാദ പ്രതിവാദങ്ങള്‍ക്കൊടുവിലാണ് കോടതി വിധി പറഞ്ഞത്.

1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ ശിക്ഷയില്‍നിന്ന് രക്ഷപ്പെടുത്താന്‍ തൊണ്ടിയായ അടിവസ്ത്രത്തില്‍ കൃത്രിമം കാട്ടിയെന്നതാണ് ആന്റണി രാജുവിന് എതിരായ കേസ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയാണ് പിടിയിലായത്. ഈ കേസില്‍ പ്രധാന തൊണ്ടിമുതലായിരുന്നു സര്‍വലിയുടെ അടിവസ്ത്രം.

Content Highlight; The prosecution has announced its decision to file an appeal in the High Court in the evidence tampering case involving Antony Raju. It stated that the punishment awarded was not adequate and that further legal steps will be taken seeking a stricter sentence through higher judicial review.

dot image
To advertise here,contact us
dot image