

തൊണ്ടിമുതലില്‍ തിരിമറി നടത്തിയ കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. മൂന്ന് വര്‍ഷത്തെ തടവും ആന്റണി രാജുവിന് കോടതി വിധിച്ചിട്ടുണ്ട്. 1990ല്‍ നടന്ന സംഭവത്തിലാണ്, വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഒരു മലയാള സിനിമ ചര്‍ച്ചകളില്‍ നിറഞ്ഞിരിക്കുകയാണ്. 1991ല്‍ പുറത്തിറങ്ങിയ ആനവാല്‍ മോതിരം എന്ന സിനിമയാണത്.
സിനിമയിലേക്ക് കടക്കുംമുന്‍പ് എന്തായിരുന്നു യഥാര്‍ത്ഥ കേസ് എന്ന് നോക്കാം: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് രണ്ട് പാക്കറ്റ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് ഓസ്‌ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ പൊലീസ് പിടിയിലാകുന്നു. പക്ഷെ, കോടതിയില്‍ പൊലീസ് ഹാജരാക്കിയ അടിവസ്ത്രം പ്രതിയുടേതല്ല എന്ന കാരണത്താല്‍ അന്ന് ആന്‍ഡ്രൂ സാല്‍വദോറിനെ വെറുതെ വിടുകയായിരുന്നു. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അന്ന് അടിവസ്ത്രം മാറ്റിയതിലെ തിരിമറികള്‍ പുറത്തുവരുന്നത്.
ഇനി സിനിമയിലേക്ക്: ടി ദാമോദരന്റെ തിരക്കഥയില്‍ ജി എസ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആനവാല്‍ മോതിരം. ശ്രീനിവാസനും സുരേഷ് ഗോപിയും പൊലീസുകാരായി പ്രധാന വേഷങ്ങളില്‍ ഈ ചിത്രത്തില്‍ അഭിനയിച്ചു. സിനിമയില്‍ ആല്‍ബര്‍ട്ടോ ഫെല്ലിനി എന്ന വിദേശപൗരനെ ശ്രീനിവാസനും സുരേഷ് ഗോപിയും ചേര്‍ന്ന് പിടികൂടുന്നു. അയാളുടെ അടിവസ്ത്രത്തില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തുന്നു. പൊലീസ് ആല്‍ബര്‍ട്ടോയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
കോടതിയിലേക്ക് കേസ് എത്തുമ്പോള്‍ സുരേഷ് ഗോപിയും ശ്രീനിവാസും ഞെട്ടിപ്പോകുന്നതാണ് പിന്നീട് കാണുന്നത്. വിചാരണക്കിടെ അഭിഭാഷകന്‍ ആല്‍ബര്‍ട്ടോ ലഹരി ഒളിപ്പിച്ചെന്ന് അവകാശപ്പെടുന്ന നീല അടിവസ്ത്രം കോടതിയില്‍ ഉയര്‍ത്തികാണിക്കുന്നു. കൗമാരക്കാരന് പോലും പാകമാത്ത ചെറിയ അടിവസ്ത്രമായിരുന്നു അത്. ഇത് ആല്‍ബര്‍ട്ടോയ്ക്ക് ഒരിക്കലും ധരിക്കാനാകില്ലെന്ന് പൊലീസുകാര്‍ക്ക് സമ്മതിക്കേണ്ടി വരുന്നു. അങ്ങനെ കേസില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെടുന്നു. ആല്‍ബര്‍ട്ടോയെ കോടതി വെറുതെ വിടുകയും ചെയ്യുന്നു.
തൊണ്ടിമുതലായ അടിവസ്ത്രം മാറ്റിയതാണെന്ന് ചിത്രത്തില്‍ ഉണ്ടായിരുന്നു.
1990 ല്‍ ഗ്രെഗ് ചാമ്പ്യന്‍ സംവിധാനം ചെയ്ത ബ്രിട്ടീഷ് ചിത്രമായ ഷോര്‍ട്ട് ടൈമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ചിത്രം രചിച്ചത് എന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആന്റണി രാജുവിനെതിരെ വിധി വന്നതോടെ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവത്തെ കുറിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് അറിയുമായിരുന്നോ എന്നാണ് ചിലര്‍ ചോദ്യമുയര്‍ത്തുന്നത്.
തൊണ്ടിമുതല്‍ കൃത്രിമം നടന്ന് കൃത്യം ഒരു വര്‍ഷം കഴിഞ്ഞ് ഇറങ്ങിയ സിനിമയിലെ ഈ രംഗം ആകസ്മികമോ എന്നതില്‍ ഉത്തരം തരേണ്ടത് തിരക്കഥാകൃത്താണ്. എന്നാല്‍ തിരക്കാഥാകൃത്ത് ടി ദാമോദരന്‍ ഇന്ന് ജീവിച്ചിരിപ്പില്ല. പോലീസിലും രാഷ്ട്രീയത്തിലും പരിചയക്കാരും അടുത്ത സുഹൃത്തുക്കളുമുണ്ടായിരുന്നു ടി ദാമോദരന്. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങളാകാം ഇങ്ങനെ ഒരു രംഗം എഴുതാണ് കാരണമെന്നാണ് ഇപ്പോള്‍ പലരും പറയുന്നത്.
Content Highlights: Antony Raju case and Aanaval mothiram movie connection