

പ്രീമിയര്‍ ലീഗില്‍ വമ്പന്‍ വിജയം സ്വന്തമാക്കി ആഴ്‌സണല്‍. ബോണ്‍മൗത്തിനെതിരെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് ആഴ്‌സണല്‍ സ്വന്തമാക്കിയത്. പൊരുതിക്കളിച്ച ബോണ്‍മൗത്തിനെ തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തിയാണ് ഗണ്ണേഴ്‌സ് വിജയം പിടിച്ചെടുത്തത്. ആഴ്‌സണലിന് വേണ്ടി ഡെക്ലാന്‍ റൈസ് ഇരട്ട ഗോള്‍ നേടിത്തിളങ്ങി.
സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ബോണ്‍മൗത്താണ് തുടക്കം തന്നെ ലീഡെടുത്തത്. പത്താം മിനിറ്റില്‍ തന്നെ ഇവാനില്‍സണിലൂടെ ആതിഥേയര്‍ മുന്നിലെത്തി. ആറ് മിനിറ്റിനുള്ളില്‍ ആഴ്‌സണല്‍ തിരിച്ചടിച്ചു. 16-ാം മിനിറ്റില്‍ ഗബ്രിയേല്‍ മഗല്‍ഹേസാണ് ആഴ്‌സണലിന്റെ ആദ്യഗോള്‍ കണ്ടെത്തിയത്.
54, 71 മിനിറ്റുകളില്‍ ഡെക്ലാന്‍ റൈസ് ഇരട്ടഗോളുകള്‍ സ്വന്തമാക്കി. 76-ാം മിനിറ്റില്‍ എലി ജൂനിയര്‍ ക്രൂപ്പിയിലൂടെ ബോണ്‍മൗത്ത് ഒരു ഗോള്‍ തിരിച്ചടിച്ചെങ്കിലും വിജയിക്കാനായില്ല.
Content highlights: Premier League: Declan Rice leads Arsenal to thrilling comeback win at Bournemouth