

കല്പറ്റ: നിയമസഭാ തെരഞ്ഞെടുപ്പിൽ കുറഞ്ഞത് 85 മണ്ഡലങ്ങളിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്. 140ൽ ഏറ്റവും കുറഞ്ഞത് 85 സീറ്റിൽ വിജയിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ. വയനാട് നേതൃയോഗത്തിലെ മേഖല തിരിച്ചുള്ള അവലോകനയോഗത്തിലാണ് ഈ വിജയസാധ്യത കണക്കുകൂട്ടിയത്.
കാസർകോട് മൂന്ന് മണ്ഡലങ്ങളാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ നാല്, കോഴിക്കോട് എട്ട്, പാലക്കാട് അഞ്ച്, തൃശൂർ ആറ്, ഇടുക്കി നാല്, ആലപ്പുഴ നാല്, കോട്ടയം അഞ്ച്, കൊല്ലം ആറ്, തിരുവനന്തപുരം നാല് എന്നിങ്ങനെയാണ് പ്രതീക്ഷ. വയനാട്, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ മുഴുവൻ സീറ്റുകളും നേടുമെന്നും പാർട്ടി കണക്കുകൂട്ടുന്നുണ്ട്.
വയനാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന ലീഡേഴ്‌സ് മീറ്റിൽ നിരവധി അഭിപ്രായങ്ങളും ഉയർന്നുവന്നു. മുതിർന്ന നേതാക്കളാണ് അഭിപ്രായങ്ങൾ പറഞ്ഞത്. മുസ്‌ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളെ പിണക്കരുത് എന്നും സമുദായ സംഘടനകളെ പൂര്‍ണമായി വിശ്വാസത്തിലെടുക്കണമെന്നുമാണ് കെ മുരളീധരന്‍ പറഞ്ഞത്. 2019ലെ ലോക്‌സഭാ വിജയത്തോടെയുണ്ടായ അമിത ആത്മവിശ്വാസം വേണ്ടെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപദാസ് മുന്‍ഷി പറഞ്ഞു. അതേ സമയം ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവുമായ ശശി തരൂര്‍ പറഞ്ഞു.
ലീഡേഴ്‌സ് മീറ്റില്‍ കോണ്‍ഗ്രസ് അംഗവും രാഷ്ട്രീയ തന്ത്രജ്ഞനുമായ സുനില്‍ കനഗോലു പങ്കെടുക്കുന്നുണ്ട്. ജയസാധ്യത സംബന്ധിച്ച പഠനം കനഗോലുവാണ് നടത്തുന്നത്. ഈ പഠനത്തിലെ വിവരങ്ങള്‍ കനഗോലു അവതരിപ്പിച്ചേക്കും.
നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള മിഷന്‍ 2026 രേഖ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അവതരിപ്പിക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 100 സീറ്റുകള്‍ നേടുകയാണ് ലക്ഷ്യം. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കലാണ് ലക്ഷ്യം.
Content Highlights: Congress Party leaders in Wayanad are gearing up for the Kerala State Assembly elections scheduled for 2026. 85 seats assured as per plan