സഞ്ജുവിന്റെ അവസ്ഥ തന്നെ റുതുരാജിനും!; അവസാന ഏകദിനത്തിൽ സെഞ്ച്വറി; പിന്നാലെ ടീമിൽ നിന്ന് പുറത്ത്

ഇതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണിനും സമാന അവസ്ഥയുണ്ടായിരുന്നു

സഞ്ജുവിന്റെ അവസ്ഥ തന്നെ റുതുരാജിനും!; അവസാന ഏകദിനത്തിൽ സെഞ്ച്വറി; പിന്നാലെ ടീമിൽ നിന്ന് പുറത്ത്
dot image

ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോൾ ഏവരെയും ഞെട്ടിച്ചത് റുതുരാജ് ഗെയ്കവാദിന്റേതായിരുന്നു. താരം അവസാനം കളിച്ച ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു എന്നതായിരുന്നു അതിന് പ്രധാന കാരണം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരമായ അന്ന് 83 പന്തില്‍ 105 റൺസാണ് താരം നേടിയത്. 12 ഫോര്‍, രണ്ട് സിക്‌സ് എന്നിവ ഉൾപ്പടെയായിരുന്നു ഇന്നിങ്‌സ്. ശേഷം മൂന്നാം മത്സരത്തിലും താരം ഇലവനിലുണ്ടായെങ്കിലും ബാറ്റ് ചെയ്യേണ്ടി വന്നിരുന്നില്ല.

എന്നാൽ ഇപ്പോൾ നടക്കാനിരിക്കുന്ന ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിൽ താരത്തെ വെട്ടി. കഴിഞ്ഞ ഏകദിന പരമ്പരയ്ക്ക് ശേഷം നടന്ന വിജയ് ഹസാരെ ടൂർണമെന്റിലും സെഞ്ച്വറി അടക്കം മിന്നും പ്രകടനം നടത്തിയ താരത്തിന്റെ അഭാവം അത് കൊണ്ട് തന്നെ ആരാധകരെ ഞെട്ടിച്ചു.


ഇതിന് മുമ്പ് മലയാളി താരം സഞ്ജു സാംസണിനും സമാന അവസ്ഥയുണ്ടായിരുന്നു. 2023 ൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള തന്റെ അവസാന ഏകദിനത്തിൽ സെഞ്ച്വറി നേടിയ താരത്തിന് പിന്നീട് ആ ഫോർമാറ്റിൽ അവസരം കിട്ടിയിട്ടില്ല.


റിതുവിനെ കൂടാതെ സമീപകാലത്തെ ആഭ്യന്തര ക്രിക്കറ്റിലെ മിന്നും പ്രകടനവുമായി ഏകദിന ടീമിലേക്ക് കംബാക്ക് പ്രതീക്ഷിച്ച മുഹമ്മദ് ഷമി, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ എന്നിവർക്കൊന്നും അവസരം ലഭിച്ചില്ല.

15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരിച്ചെത്തി. പരിക്കേറ്റ് കഴിഞ്ഞ പരമ്പരയിൽ പുറത്തായിരുന്ന ശ്രേയസ് ബി സി സി ഐ യുടെ ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചതിന് പിന്നാലെയാണ് ടീമിൽ തിരിച്ചെത്തിയത്.

ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.

Content highlights: century from last match; but rejected from indian team; like sanju samson

dot image
To advertise here,contact us
dot image