

വാഷിങ്ടണ്‍: വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയില്‍ വലിയ രീതിയിലുള്ള ആക്രമണം നടത്തിയെന്നും മഡുറോയെയും ഭാര്യയെയും ബന്ദിയാക്കിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. അമേരിക്കന്‍ നിയമനിര്‍വഹണ വകുപ്പുമായി ചേര്‍ന്നാണ് ഈ ഓപ്പറേഷന്‍ നടത്തിയതെന്നും ട്രംപ് വ്യക്തമാക്കി.
മഡുറോ മയക്കുമരുന്നുകള്‍ കടത്തുന്നുണ്ടെന്ന് ആരോപിച്ച് മാസങ്ങളായി ട്രംപ് മഡുറോയെ വേട്ടയാടിയിരുന്നു. 1989ലെ പനാമ അധിനിവേശത്തിന് ശേഷം ആദ്യമായാണ് ഇത്തരത്തിലുള്ള നേരിട്ടുള്ള ഒരു കടന്നുകയറ്റം ലാറ്റിന്‍ അമേരിക്കയില്‍ അമേരിക്ക നടത്തിയിരിക്കുന്നത്. അമേരിക്കയുടെ പ്രത്യേക സൈനിക സംഘമാണ് മഡുറോയെ ബന്ദിയാക്കിയതെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓപ്പറേഷന്റെ വിശദാംശങ്ങള്‍ പങ്കുവെക്കുന്നതിനായി ഫ്‌ളോറിഡയിലെ മാര്‍-എ- ലാഗോയില്‍ ട്രംപ് പ്രത്യേക വാര്‍ത്താ സമ്മേളനം വിളിച്ച് ചേര്‍ത്തിട്ടുണ്ട്.
ആക്രമണങ്ങളെ ചെറുക്കുമെന്ന് വെനസ്വേല പ്രതിരോധ മന്ത്രി വ്ളാഡിമിര്‍ പാഡ്രിനോ അറിയിച്ചിട്ടുണ്ട്. അതേസമയം മഡൂറോയെയും പ്രഥമ വനിത കിലിയ ഫ്‌ളോര്‍സിന്റെയും ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്ന് വെനസ്വേല വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് പറഞ്ഞു. ഇരുവരും ജീവനോടെയുണ്ടെന്നതിന്റെ തെളിവ് തങ്ങള്‍ക്ക് ഉടനടി നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വെനസ്വേലയടക്കം 2000 മുതല്‍ അഫ്ഗാനിസ്ഥാന്‍, ഇറാഖ്, യെമന്‍, സിറിയ, ലിബിയ, ഇറാന്‍, സൊമാലിയ, നൈജീരിയ എന്നീ രാജ്യങ്ങളിലാണ് അമേരിക്ക ആക്രമണം നടത്തിയത്.
വെനസ്വലയിലേക്ക് യാത്ര ചെയ്യരുതെന്ന് പൗരന്മാര്‍ക്ക് അമേരിക്ക നിര്‍ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയുടെ ആക്രമണത്തെ അപലപിച്ച് ഇറാന്‍ രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കന്‍ ആക്രമണം അപലപനീയമാണെന്നും അഖണ്ഡതയിലേക്കുള്ള കടന്നുകയറ്റമാണ് അമേരിക്ക നടത്തിയതെന്നും ഇറാന്‍ പ്രതികരിച്ചു.
മഡുറോയെ ബന്ദിയാക്കുന്നതിന് മുമ്പ് വെനസ്വേലയില്‍ അമേരിക്ക കനത്ത ആക്രമണങ്ങളാണ് നടത്തിയത്. വിമാനത്താവളങ്ങള്‍ ലക്ഷ്യമിട്ടായിരുന്നു അമേരിക്കയുടെ ആക്രമണം. ഇതേ തുടര്‍ന്ന് മഡൂറോ സര്‍ക്കാര്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. വെനസ്വേലയുടെ എണ്ണയും ധാതുക്കളും പിടിച്ചെടുക്കാനുളള യുഎസ് ശ്രമമാണെന്ന് മഡുറോ ആരോപിച്ചിരുന്നു. പിന്നാലെയാണ് മഡുറോയെ ബന്ദിയാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്.
തലസ്ഥാനമായ കാരക്കാസില്‍ ഇന്ന് പുലര്‍ച്ചെയാണ് സ്ഫോടനമുണ്ടായത്. വിമാനങ്ങള്‍ താഴ്ന്ന് പറക്കുന്ന ശബ്ദങ്ങള്‍ കേട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികള്‍ തുടരുന്നതിനിടെയാണ് സ്ഫോടനം. നഗരത്തില്‍ വൈദ്യുത തടസം നേരിടുന്നതായും റിപ്പോര്‍ട്ടുണ്ട്. കാരക്കാസിന് പുറമെ മിറാന്‍ഡ, അറാഹുവ, ലാഗുവൈറെ തുടങ്ങിയ സ്ഥലങ്ങളിലും ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്. വെനസ്വേലയുടെ പ്രധാന സൈനിക താവളത്തിനടുത്തുള്ള നഗരത്തിലും സ്‌ഫോടനം നടന്നതായാണ് വിവരം.
2013 മുതല്‍ വെനസ്വേലയുടെ പ്രസിഡന്റാണ് മഡുറോ. ഒരു ബസ് ഡ്രൈവറായും യൂണിയന്‍ സംഘാടകനായും ഔദ്യോഗിക ജീവിതം ആരംഭിച്ചു മഡുറോ. ഇടതുപക്ഷ പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. മുന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ ഏറ്റവും വിശ്വസ്തനായിരുന്നു മഡുറോ. ഷാവേസ് സര്‍ക്കാരില്‍ ദീര്‍ഘകാലം വിദേശകാര്യ മന്ത്രിയായും പിന്നീട് വൈസ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചു. 2013-ല്‍ ഹ്യൂഗോ ഷാവേസിന്റെ മരണത്തെത്തുടര്‍ന്ന് വെനസ്വേലയുടെ പ്രസിഡന്റായി അധികാരമേറ്റു. വെനസ്വേലയുടെ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ സംരക്ഷകനെന്നും മഡുറോയെ വിശേഷിപ്പിക്കുന്നുണ്ട്.
അമേരിക്കയുടെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് മഡുറോ. തന്റെ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ അമേരിക്ക ശ്രമിക്കുന്നതായും സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും മഡുറോ നേരത്തെ ആവര്‍ത്തിച്ച് ആരോപിച്ചിരുന്നു. പാശ്ചാത്യ രാജ്യങ്ങളും പ്രതിപക്ഷവും മഡുറോയെ സ്വേച്ഛാധിപതിയായാണ് ചിത്രീകരിച്ചത്. 2024-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ മഡുറോ വിജയിച്ചതായി പ്രഖ്യാപിച്ചെങ്കിലും, അമേരിക്കയുള്‍പ്പെടെയുള്ള ഭൂരിഭാഗം രാജ്യങ്ങളും ഈ ഫലം അംഗീകരിച്ചിരുന്നില്ല. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നതായി ആരോപിച്ചായിരുന്നു മഡുറോയെ മറ്റ് രാജ്യങ്ങള്‍ എതിര്‍ത്തത്.
Content Highlights: United States has reportedly captuared Venezuelan President Nicolás Maduro