'ആത്മാഭിമാനമുള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ ദർശനവേദി

'വിദ്വേഷ പ്രസ്താവനകളിലൂടെയും പ്രസംഗങ്ങളിലൂടെയും ഓരോ ദിവസവും വെള്ളാപ്പള്ളി പുറത്തുവിടുന്ന വിഷമാലിന്യം കേരളം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസിലാക്കണം'

'ആത്മാഭിമാനമുള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണം'; വെള്ളാപ്പള്ളിക്കെതിരെ ശ്രീനാരായണ ദർശനവേദി
dot image

തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമർശനവുമായി ശ്രീനാരായണ ദർശനവേദി. എസ്എൻഡിപി യോഗത്തിന്റെ കാലാവധി കഴിഞ്ഞ നേതാവ് വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് നാണക്കേടും അപമാനവുമാണെന്ന് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി വ്യക്തമാക്കി. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയണമെന്നും തുറന്നുകാട്ടണമെന്നും ശ്രീനാരായണ ദർശനവേദി പറയുന്നു. വെള്ളാപ്പള്ളി നടേശന്റെ തുടർച്ചയായ വിദ്വേഷ പരാമർശങ്ങൾക്ക് പിന്നാലെയാണ് ശ്രീനാരായണ ദർശനവേദിയുടെ പ്രതികരണം.

ശ്രീനാരായണ ഗുരുവിന്‍റെ ദർശനങ്ങളെ മുൻനിർത്തി മുന്നോട്ടു പോകുന്ന എസ്എൻഡിപി യോഗത്തിന്റെ നിലവിലെ നേതാവ് വെള്ളാപ്പള്ളി നടേശൻ പരമതനിന്ദയിലൂടെയും വിദ്വേഷ പ്രസ്താവനകളിലൂടെയും ഈഴവ സമുദായത്തിന് നാണക്കേടും അപമാനവും വരുത്തിവെച്ചിരിക്കുകയാണ്. സംഘടനയുടെ നേതൃത്വത്തിൽ ഇരുന്നിരുന്ന കാലത്തൊന്നും സമുദായത്തിന്റെ മുന്നോട്ടുപോക്കിന് ആവശ്യമായ ഒരു നടപടിയും സ്വീകരിക്കാത്ത വെള്ളാപ്പള്ളി ഈഴവ സമുദായത്തിന്റെ സ്വത്വബോധത്തെ പോലും പണയം വെച്ച് ഹിന്ദുത്വ വംശീയതയ്ക്ക് വിടുപണി ചെയ്തുകൊണ്ടിരിക്കുകയാണ്. ഈഴവ സമുദായത്തിന്റെ നിലനിൽപ്പിനെയും ഭാവിയെയും ബാധിക്കുന്ന സവർണ്ണസംവരണം കേരളത്തിൽ നടപ്പിലാക്കിയിട്ട് അഞ്ച് വർഷമായി. അതിനെതിരെ ഒരു ചെറു ശബ്ദം പോലുമുയർത്താൻ വെള്ളാപ്പള്ളിക്കോ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനക്കോ ആയിട്ടില്ല. അത്തരമൊരു ഇടപെടൽ നാം എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോയെന്നും കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദി ചോദിച്ചു.

വെള്ളാപ്പള്ളി ഉൾപ്പെടുന്ന സമുദായമായ ഈഴവർക്കും മറ്റിതര ദലിത് പിന്നാക്ക സമുദായങ്ങളിലെ വരും തലമുറയ്ക്കും വേണ്ടിയാണ് മുസ്‌ലിം ലീഗ് സവർണ സംവരണത്തിനെതിരെ പാർലിമെന്റിൽ വോട്ട് ചെയ്തതെന്നെങ്കിലും നാം ഓർക്കണം. കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ പാർട്ടികൾ നിശ്ശബ്ദത പാലിച്ചപ്പോഴാണ് ലീഗ് ഇത്തരമൊരു നിലപാടെടുത്തതെന്നും ശ്രീനാരായണ ദർശന വേദി പറയുന്നുണ്ട്. നടേശനെ കാറിൽ കയറ്റി കൊണ്ട് പോകുന്ന, സവർണ സംവരണം രാജ്യത്ത് ആദ്യമായി നടപ്പാക്കിയ എൽഡിഎഫ് സർക്കാരിന്റെ മുഖ്യമന്ത്രിക്ക് നാക്കെടുത്താൽ മുസ്‌ലിം വിരുദ്ധത മാത്രം പറയുന്ന നടേശനെ പ്രിയമായിരിക്കാം. വിദ്വേഷ പ്രസ്താവനകളിലൂടെയും വിദ്വേഷ പ്രസംഗങ്ങളിലൂടെയും ഓരോ ദിവസവും വെള്ളാപ്പള്ളി പുറത്തുവിടുന്ന വിഷമാലിന്യം കേരളം സസൂക്ഷമം നിരീക്ഷിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രിയും ഇടതുപക്ഷവും മനസിലാക്കണം. ഈഴവരാദി ദളിത് പിന്നോക്ക മുസ്‌ലിം ജനതയെ ബാധിക്കുന്ന സവർണ സംവരണത്തിനെതിരെ പ്രതിഷേധിച്ചതുകൊണ്ട് മർദനം ഏറ്റുവാങ്ങേണ്ടിവന്നവരാണ് കൊടുങ്ങലൂർ ശ്രീനാരായണ ദർശനവേദി പ്രവർത്തകർ. എന്നാൽ നടേശൻ നയിക്കുന്ന യോഗത്തിന്റെ ഒരു നേതാവിനും ഇത്തരമൊരു പ്രതിഷേധം നടത്താൻ സാധിച്ചില്ലെന്നും ഇവർ ആരോപിച്ചു.

ഗുരുവായൂർ-കൂടൽമാണിക്യം ക്ഷേത്രത്തിലെ അധികാരികൾ ജാതിവിവേചനം കാണിച്ചപ്പോൾ അതിനെതിരേ പ്രതിഷേധിക്കാൻ നടേശന്റെ ഒരു അനുയായിയും തയ്യാറായില്ല. കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദിയുടെ പ്രവർത്തകർ ഇതിനെതിരെ ദേവസ്വം ബോർഡ് ഓഫീസറെ ഘരാവോചെയ്തു. അതിന്റെ പേരിൽ കേസുമുണ്ട്. കൂടൽ മാണിക്യം ക്ഷേത്രത്തിൽ തൊഴിൽ കിട്ടിയെത്തിയ ഈഴവനായ ബാലുവിന് ജാതീയമായ വിവേചനം നേരിടേണ്ടിവന്നപ്പോൾ ഇരിങ്ങാലക്കുട എസ്എൻഡിപി യൂണിയൻ ഒരു പത്രപ്രസ്താവന പോലും ഇറക്കിയില്ല. എന്നാൽ കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശന വേദി പ്രവർത്തകർ ആ ക്ഷേത്രത്തിലേക്ക് മാർച്ച് നടത്തി. അതിനുശേഷമാണ് എസ്എൻഡിപിക്കാർ ഒരു ജാഥ പോലും പ്രഖ്യാപിച്ചത്. അതിന്റെ കാരണം എന്താണെന്ന് തൃശൂർകാർക്ക് അറിയാമെന്നും ഇവർ പറയുന്നു.

ശ്രീനാരായണ ഗുരുവിന്റെ ശിഷ്യപരമ്പരയിൽപ്പെടുന്നതും ശിവഗിരി മഠത്തിന്റെ അധ്യക്ഷനുമായ സച്ചിദാനന്ദ സ്വാമികൾ, ശ്രീനാരായണ ക്ഷേത്രങ്ങളിലെങ്കിലും പുരുഷന്മാരെ മേൽവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്ന് പറഞ്ഞപ്പോൾ പലരും അദ്ദേഹത്തെ അധിക്ഷേപിച്ചു. അതിനെതിരേ പ്രതിഷേധിച്ചതും സുകുമാരൻ നായരുടെ കോലം കത്തിച്ചതും ദർശനവേദിയാണ്. ആ സമയവും നടേശന്റെ എസ്എൻഡിപി യുണിയനുകൾ മൗനത്തിൽ ആയിരുന്നുവെന്നും ഇവർ ആരോപിച്ചു.

നടേശൻ എന്ന യോഗം നേതാവ് ഈഴവ സമുദായത്തിന്റെ അന്തകനായി മാറാതെയിരിക്കണമെങ്കിൽ നാരായണ ഗുരുവിന്റെ ദർശനങ്ങളെ മുറുകെ പിടിക്കുന്ന സമൂഹം കെട്ടിപ്പടുക്കണം. ആ കടമ ഈഴവ സമുദായം ഏറ്റെടുക്കണം. ആത്മാഭിമാനം ഉള്ള ശ്രീനാരായണീയർ ഈ സമുദായ ദ്രോഹിയെ തള്ളിപ്പറയുകയുംസമുദായ ദ്രോഹിയായ ഈ മനുഷ്യനെ തുറന്നുകാട്ടുകയും വേണമെന്ന് ശ്രീനാരായണ ദർശനവേദി പറഞ്ഞു.

Content Highlights:‌ Kodungallur Sree Narayana Darshan Vedi criticise SNDP yogam general secretary vellapally natesan

dot image
To advertise here,contact us
dot image