

ആഭ്യന്തര ക്രിക്കറ്റിലെ തകർപ്പൻ ഫോമും മലയാളി താരം ദേവ്ദത്ത് പടിക്കലിനെ തുണച്ചില്ല. ഏറ്റവുമൊടുവിൽ ത്രിപുരയ്ക്കെതിരെ ഇന്ന് നടന്ന വിജയ് ഹസാരെ ട്രോഫി മത്സരത്തിലും കർണാടകയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയ താരത്തെ പക്ഷെ ന്യൂസിലാൻഡിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചില്ല.
ഇന്ന് വൈകുന്നേരമാണ് മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ആഭ്യന്തര ക്രിക്കറ്റിലെ ഫോം പരിഗണിച്ച് ദേവ്ദത്തിനെ ടീമിലേക്ക് പരിഗണിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അത് സംഭവിച്ചില്ല. താരത്തെ കൂടാതെ ആഭ്യന്തര ക്രിക്കറ്റിൽ സമീപ കാലത്ത് ഫോം തെളിയിച്ച മുഹമ്മദ് ഷമി, ഇഷാൻ കിഷൻ എന്നിവരെയൊന്നും പരിഗണിച്ചിട്ടില്ല.
വിജയ് ഹസാരെയിൽ കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ നിന്ന് നാലാം സെഞ്ച്വറിയാണ് ദേവ്ദത്ത് ഇന്ന് കുറിച്ചത്. ത്രിപുരയ്‌ക്കെതിരായ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ ദേവ്ദത്ത് 120 പന്തില്‍ 108 റണ്‍സ് അടിച്ചെടുത്തു. മൂന്ന് സിക്‌സും എട്ട് ബൗണ്ടറിയും സഹിതമായിരുന്നു ദേവ്ദത്തിന്റെ വെടിക്കെട്ട്.
ആദ്യ മത്സരത്തിലും രണ്ടാം മത്സരത്തിലും നാലാം മത്സരത്തിലും മൂന്നക്കം കണ്ട ദേവ്ദത്ത് ഇപ്പോൾ അഞ്ചാം മത്സരത്തിലും സെഞ്ച്വറി തികച്ചിരിക്കുകയാണ്. രണ്ട് വീതം ടെസ്റ്റിലും ട്വന്റി20യിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ല.
Content highlights: four century from last 5 matches; but devdutt padikkal reject from indian team