

തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മുൻ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് കൊടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് ഏത് രാഹുലെന്ന് തിരികെ ചോദിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പിന്നാലെ രാഹുൽ ഇപ്പോൾ പാർട്ടിയിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് വടക്കാഞ്ചേരി കോഴ വിവാദത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു.
വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്തിൽ സിപിഐഎം കോഴ വാഗ്ദാനം ചെയ്തുവെന്നും കുതിരക്കച്ചവടം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പ് പരാജയത്തെ മറച്ചു പിടിക്കാനാണ് സിപിഎം ശ്രമിച്ചത്. വടക്കാഞ്ചേരി സംഭവത്തിൽ സമഗ്ര അന്വേഷണം വേണം കുറ്റക്കാരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുതിരകച്ചവടത്തിന് മുൻകൈ എടുത്തവരെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതികൾ ആയവരെ സിപിഐഎം സംരക്ഷിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചു. കോൺഗ്രസ് നേതാക്കൾക്ക് നേരെ ഉന്നയിക്കുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സണ്ണി ജോസഫ് അവകാശപ്പെട്ടു.
Content Highlights: KPCC President Sunny Joseph asks media who is Rahul Mamkootathil