

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് എസ്‌ഐടി ദിണ്ടിഗലിലെത്തി ചോദ്യം ചെയ്തയാള്‍ ഡി മണി തന്നെയെന്ന് സ്ഥിരീകരണം. പ്രവാസി വ്യവസായിയെ ദൃശ്യങ്ങള്‍ കാണിച്ച് സ്ഥിരീകരിച്ചു. മൊഴിയില്‍പ്പറഞ്ഞ ഡി മണിയെ തന്നെയാണ് എസ്‌ഐടി ഇന്ന് ചോദ്യം ചെയ്തത്. താൻ ഡി മണി അല്ലെന്നും പേര് എം എസ് മണി എന്നാണെന്നുമായിരുന്നു എസ്ഐടിയോട് ഇയാൾ പറഞ്ഞിരുന്നത്. ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണിതെന്നാണ് വിലയിരുത്തല്‍.
അതേസമയം, ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാനാവശ്യപ്പെട്ട് ഡി മണിക്ക് എസ്‌ഐടി നോട്ടീസ് അയച്ചു. തിരുവനന്തപുരത്തെത്തി മൊഴി നല്‍കണമെന്നാണ് നിര്‍ദേശം. ജനുവരി നാലിനോ അഞ്ചിനോ ഹാജരാകണം. നോട്ടീസ് നല്‍കിയിട്ടില്ല എന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷം മണിയുടെ പ്രതികരണം. മണി ഡിസംബര്‍ 30-ന് ഹാജരാകും.
അന്വേഷണ സംഘം പറഞ്ഞ വിഷയത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും തന്റെ സുഹൃത്തിന്റെ പേരിലുള്ള നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും അത് ആരോ ദുരുപയോഗം ചെയ്തു എന്നുമായിരുന്നു എം എസ് മണി പറഞ്ഞത്. ശബരിമല സ്വർണക്കേസുമായി ബന്ധപ്പെട്ട് തനിക്ക് ഒന്നും അറിയില്ലെന്നും പൊലീസുകാർ കുറച്ച് ഫോട്ടോകൾ കാണിച്ചപ്പോൾ ആരെയും അറിയില്ല എന്നുപറഞ്ഞെന്നും എം എസ് മണി കൂട്ടിച്ചേർത്തു.
ബാലമുരുകൻ എന്ന തന്റെ സുഹൃത്തിന്റെ നമ്പറാണ് താൻ ഉപയോഗിക്കുന്നത് എന്നും തനിക്ക് റിയൽ എസ്റ്റേറ്റ് ബിസിനസ് മാത്രമാണ് ഉള്ളതെന്നും മണി പറഞ്ഞു. അവർ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും താൻ മറുപടി നൽകി. അന്വേഷണ സംഘത്തിന് തന്റെ പേര് ഡി മണി അല്ല എന്ന് മനസിലായി. അവർക്ക് ആളുമാറി വന്നതാണെന്ന് മനസിലായി എന്നും അന്വേഷണത്തോട് സഹകരിക്കും എന്നും എം എസ് മണി കൂട്ടിച്ചേർത്തു.
ഡി മണിയുടെ ആദ്യ ദൃശ്യങ്ങൾ റിപ്പോർട്ടറാണ് പുറത്തുവിട്ടത്. എസ്ഐടി സംഘം ചോദ്യം ചെയ്യുന്ന ദൃശ്യങ്ങളാണ് റിപ്പോർട്ടർ പുറത്തുവിട്ടത്. ബാലസുബ്രഹ്മണ്യൻ എന്നതാണ് മണിയുടെ യഥാർത്ഥ പേര് എന്നാണ് വിവരം. ശബരിമല സ്വർണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമർശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങൾ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണൻ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതൻ പണം വാങ്ങിയെന്നും വ്യവസായി മൊഴി നൽകിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങൾ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചായിരുന്നു ഇടപാടുകൾ എന്നുമായിരുന്നു ഇയാളുടെ മൊഴി.
മണിയെ എസ്ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. പിന്നാലെ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയിൽ കഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എത്തുകയായിരുന്നു.
Content Highlights: SIT sends notice to D Mani in sabarimala gold theft case