

ന്യൂ ഡൽഹി: പാകിസ്താന് ചൈന കൂടുതൽ നാലാം തലമുറ ഫൈറ്റർ ജെറ്റുകൾ കൈമാറാനൊരുങ്ങുന്നുവെന്ന് പെന്റഗൺ റിപ്പോർട്ട്. പതിനാറ് J-10C ഫൈറ്റർ ജെറ്റുകളാണ് കൈമാറുക. ഇരു രാജ്യങ്ങളും തമ്മിലുള്ള കരാറിന്റെ ഭാഗമായാണ് കൈമാറ്റം. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ ഇത്തരത്തിൽ 20 ജെറ്റുകൾ ചൈന പാകിസ്താന് നൽകിയിരുന്നു.
ഏഷ്യയിലും ആഫ്രിക്കയിലുമെമ്പാടും തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും ചൈനയ്ക്ക് പദ്ധതിയുണ്ട്. വിമാനങ്ങൾ നൽകുന്നതിന് പുറമെ ചൈന പാകിസ്താനിലും ബംഗ്ലാദേശിലും സൈനികത്താവളങ്ങൾ നിർമിക്കാനും ചൈന പദ്ധതിയിടുന്നുണ്ട് എന്നും റിപ്പോർട്ടിൽ പറയുന്നു. ഈ രണ്ട് രാജ്യങ്ങൾക്ക് പുറമെ അംഗോള, ബർമ, ക്യൂബ, ശ്രീലങ്ക, തായ്‌ലൻഡ്, യുഎഇ, താജ്കിസ്താൻ, നമീബിയ, കെനിയ തുടങ്ങിയ നിരവധി രാജ്യങ്ങളിലും സൈനികത്താവളങ്ങൾ ഒരുക്കാൻ പദ്ധതിയുണ്ട്. മലാക്ക കടലിടുക്ക്, ഹോർമുസ് കടലിടുക്ക്, ആഫ്രിക്കയിലെയും പശ്ചിമേഷ്യയിലെയും പ്രദേശങ്ങൾ എന്നിവിടങ്ങളിലെ സമുദ്രപാതകളിലും ചൈനയ്ക്ക് കണ്ണുണ്ട് എന്നും റിപ്പോർട്ടിലുണ്ട്.
2021ലാണ് ചൈനയിൽ നിന്ന് 25 J-10C ജെറ്റുകൾ വാങ്ങാൻ പാകിസ്താൻ തീരുമാനിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് ഇന്ത്യക്കെതിരെ ഈ J-10C ജെറ്റുകളാണ് പാകിസ്താൻ ഉപയോഗിച്ചത്.
മാരക ആക്രമണശേഷിയുള്ള കൈഹോങ്, വിങ് ലൂങ് യുഎവി, നാല് ഫ്രിഗേറ്റുകൾ എന്നിവ കൂടി ചൈന പാകിസ്താന് നൽകിയെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്. എട്ട് യുവാൻ അന്തർവാഹിനികളാണ് പാകിസ്താന് ചൈന നൽകുക. അതിൽ ആദ്യത്തേത് അടുത്ത വർഷം പാകിസ്താന് നൽകും. എട്ട് അന്തർവാഹിനികളിൽ നാലെണ്ണം ചൈനയിലും നാലെണ്ണം പാകിസ്താനിലുമാണ് നിർമിക്കുക.
അന്തർവാഹിനികളിൽ നിന്ന് പറന്നുയരാനും, അവയിൽ തന്നെ പറന്നിറങ്ങാനും കഴിവുള്ള അത്യാധുനിക ഡ്രോണുകളും ചൈന വികസിപ്പിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയി എന്നാണ് ഈ ഡ്രോണിന്റെ പേര്. ഇതിന് പുറമെ ബഹിരാകാശ മേഖലയിൽ യുഎസിന് കടത്തിവെട്ടാൻ ചൈന പദ്ധതിയിടുന്നുവെന്നും അന്താരാഷ്ട്ര സഹകരണം വർധിപ്പിക്കുകയാണെന്നും പെന്റഗൺ റിപ്പോർട്ടിലുണ്ട്.
Content Highlights: pakistan to receive more fighter jets from china which it used against india