അവനെന്ത് തെറ്റ് ചെയ്തിട്ടാണ്?; യുവ ഓപ്പണറെ ടി 20 ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ മുൻ ചീഫ് സെലക്ടർ

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മാറ്റി നിര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി മുൻ ചീഫ് സെലക്ടര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍

അവനെന്ത് തെറ്റ് ചെയ്തിട്ടാണ്?; യുവ ഓപ്പണറെ ടി 20 ടീമിൽ നിന്നും ഒഴിവാക്കിയതിനെതിരെ മുൻ ചീഫ് സെലക്ടർ
dot image

ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ നിന്നും യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാളിനെ മാറ്റി നിര്‍ത്തിയതിനെതിരെ വിമര്‍ശനവുമായി മുൻ ചീഫ് സെലക്ടര്‍ ദിലീപ് വെംഗ്സര്‍ക്കാര്‍. ടീമിൽ ഒഴിവാക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും അതിനുമാത്രം അവനെന്ത് തെറ്റ് ചെയ്തുവെന്നും വെംഗ്സര്‍ക്കാര്‍ ചോദിച്ചു.

ലോകകപ്പ് ടീമില്‍ നിന്ന് ഗില്ലിനെ ഒഴിവാക്കിയത് ശരിയായ തീരുമാനമായിരുന്നു. കാരണം, ഗില്ലിന്‍റെ സമീപകാല പ്രകടനങ്ങള്‍ വളരെ മോശമായിരുന്നു. ഗില്ലിനെ ഒഴിവാക്കിയ സാഹചര്യത്തില്‍ ഫസ്റ്റ് ചോയ്സായി ടീമിലെത്തേണ്ടിയിരുന്നത് യശസ്വി ജയ്സ്വാളായിരുന്നു. കാരണം, ഓപ്പണറായി കഴിവുതെളിയിച്ച താരമാണ് ജയ്സ്വാൾ, കിട്ടിയ അവസരങ്ങളിലെല്ലാം മികവ് കാട്ടി, വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

ലോകകപ്പ് ടീമിലെടുക്കുക മാത്രമല്ല, ഫസ്റ്റ് ഇലവനില്‍ അവന് സ്ഥാനം കൊടുക്കുകയും ചെയ്യണമായിരുന്നു. കാരണം, അവന്‍ നല്‍കുന്ന തുടക്കങ്ങള്‍ ടീമിന് അത്രമാത്രം പ്രധാനമാണ്. സെലക്ടറായിരുന്നെങ്കില്‍ ഒഴിവാക്കിയതിനെക്കുറിച്ച് എന്ത് പറയുമായിരുന്നു എന്ന ചോദ്യത്തിന് അങ്ങനെയൊരു ചോദ്യമേ ഉദിക്കുന്നില്ലെന്നും താനായിരുന്നു ചീഫ് സെലക്ടറെങ്കില്‍ ജയ്സ്വാള്‍ ടീമിലുണ്ടാവുമായിരുന്നുവെന്നും വെംഗ്സര്‍ക്കാര്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ടി20 ലോകകപ്പില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുണ്ടായിരുന്ന ജയ്സ്വാളിന് കോലിയും രോഹിത്തും ഓപ്പണര്‍മാരായി ഇറങ്ങിയതോടെ ഒരു മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിച്ചിരുന്നില്ല.

പിന്നീട് ടി20 ടീമില്‍ നിന്ന് പുറത്തായ ജയ്സ്വാള്‍ 2024 ജൂലൈയിലാണ് അവസാനം ടി20യില്‍ ഇന്ത്യക്കായി കളിച്ചത്. അഭിഷേക് ശര്‍മ ഓപ്പണറായി സ്ഥാനം ഉറപ്പിച്ചതും ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറും വൈസ് ക്യാപ്റ്റനുമായി ടീമിലെടുത്തതുമാണ് ജയ്സ്വാളിനെ പുറത്തിരുത്താന്‍ കാരണമായത്.

ഗില്‍ പരാജയപ്പെട്ടതോടെ ലോകകപ്പ് ടീമില്‍ നിന്ന് ഒഴിവാക്കിയെങ്കിലും ഗില്ലിന് മുമ്പ് ഓപ്പണറായി തിളങ്ങിയ സഞ്ജു സാംസണെയാണ് ലോകകപ്പ് ടീമില്‍ ഓപ്പണറായി സെലക്ടര്‍മാര്‍ ടീമിലെടുത്തത്.

Content Highlights:‌ Dilip Vengsarkar opens up on Yashasvi Jaiswal's selection ahead of T20 WC 2026

dot image
To advertise here,contact us
dot image