

കൊച്ചി: കോര്‍പ്പറേഷന്‍ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി കെ മിനി മോള്‍ക്ക് പിന്തുണയുമായി നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനി. താന്‍ ഒരു കോണ്‍ഗ്രസുകാരിയല്ലെങ്കിലും മിനി മോള്‍ മേയറാകാന്‍ അര്‍ഹതയുള്ള ഒരാളാണെന്ന് ടി ബി മിനി പറഞ്ഞു. സംഘടനാപ്രവര്‍ത്തനത്തില്‍ സുഖലോലുപരായി വീട്ടില്‍ ഇരിക്കുക എന്നത് മിനിമോളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്ന് മിനി പറഞ്ഞു.
'ഞങ്ങളൊക്കെ ഈ നഗരത്തിലുള്ളവരല്ലേ, അത്രക്ക് പ്രവര്‍ത്തിക്കുന്ന, ജനങ്ങളെ അറിയുന്ന, വിഷയങ്ങളെ അറിയുന്ന ഒരു സ്ത്രീ തന്നെയാവണം സ്ത്രീകളില്‍ നിന്നും മേയര്‍ ആകാന്‍. നാല് ടേം ജയിച്ച് കൗണ്‍സിലറാവുക ഒരു ചെറിയ കാര്യമല്ല. ഞാനറിയുന്ന മിനിമോള്‍ സിമ്പിളാണ്. അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വെയില്‍ കൊണ്ട് സംഘടന കെട്ടിപ്പെടുത്ത് നടക്കുന്ന സാധാരണ സ്ത്രീയാണ്. സൗന്ദര്യം മാനദണ്ഡമാകുന്ന ജാതി മതം മാനദണ്ഡമാകുന്ന കോണ്‍ഗ്രസ് രീതി മാറേണ്ടതാണ്. ശ്രീ ഷിയാസാണ് ഈ തീരുമാനം എടുത്തതെങ്കില്‍ അത് ശരിയാണ്', ടി ബി മിനി പറഞ്ഞു.
ദീപ്തി മേരി വര്‍ഗീസിന് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തുവാന്‍ കഴിയുമെന്നും ക്ഷമയോടെ പക്വതയോടെ കാത്തിരിക്കുവാന്‍ സ്ത്രീനേതൃത്വം തയ്യാറാവണമെന്നും മിനി കൂട്ടിച്ചേര്‍ത്തു. ഇതില്‍ കൂടുതല്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് പുരുഷന്‍മാരാണ്. അവരുടെ രീതിമോശം ആണ്. മിനിമോള്‍ മേയറായി നന്നായി ഭരിച്ച് ജനാധിപത്യപരമായി സൗമ്യമായി തലക്കനമില്ലാതെ ഞാനെന്ന ഭാവമില്ലാതെ സിമ്പിളായി എല്ലാവരേയും കാണുവാന്‍ അനുവദിച്ച് ഭരിച്ച് കാണിച്ചു കൊടുക്കണമെന്നും ടി ബി മിനി കൂട്ടിച്ചേര്‍ത്തു.
കൊച്ചി മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ദീപ്തി മേരി വര്‍ഗീസിനെ മേയറാക്കുമെന്ന സൂചനകളുണ്ടായിരുന്നെങ്കിലും വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാന്‍ ധാരണയാകുകയായിരുന്നു. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ പിന്തുണ മാത്രം പരിഗണിച്ചാണെങ്കില്‍ ടേം വ്യവസ്ഥയില്ലാതെ ഷൈനി മാത്യുവിനെ പരിഗണിക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസില്‍ മേയര്‍ തെരഞ്ഞെടുപ്പുമായി മാധ്യമങ്ങള്‍ ചര്‍ച്ച നടക്കുകയാണല്ലോ. ഞാന്‍ കോണ്‍ഗ്രസുകാരിയല്ല. പക്ഷെ വി കെ മിനിമോള്‍ യഥാര്‍ത്ഥത്തില്‍ അര്‍ഹതയുള്ള ഒരാളാണ്. 4 ടേം കൗണ്‍സിലറായി എല്ലായ്‌പ്പോഴും ഒരു സ്‌കൂട്ടറിന്റെ പുറകില്‍ ഭാര്യയും ഭര്‍ത്താവും എല്ലാ സ്ഥലത്തും എത്തുന്നതിന് നേര്‍സാക്ഷിയാണ് ഞാന്‍.
അവരുടെ സംഘടനാപ്രവര്‍ത്തനത്തിലും സുഖലോലുപരായി വീട്ടില്‍ ഇരിക്കുക എന്നത് മിനിമോളുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഞങ്ങളൊക്കെ ഈ നഗരത്തിലുള്ളവരല്ലേ, അത്രക്ക് പ്രവര്‍ത്തിക്കുന്ന, ജനങ്ങളെ അറിയുന്ന, വിഷയങ്ങളെ അറിയുന്ന ഒരു സ്ത്രീ തന്നെയാവണം സ്ത്രീകളില്‍ നിന്നും മേയര്‍ ആകാന്‍.
4 ടേം ജയിച്ച് കൗണ്‍സിലറാവുക ഒരു ചെറിയ കാര്യമല്ല. ഞാനറിയുന്ന മിനിമോള്‍ സിമ്പിളാണ്. അഡ്വക്കേറ്റായി പ്രാക്ടീസ് ചെയ്യാതെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി വെയില്‍ കൊണ്ട് സംഘടന കെട്ടിപ്പെടുത്ത് നടക്കുന്ന സാധാരണ സ്ത്രീയാണ്. സൗന്ദര്യം മാനദണ്ഡമാകുന്ന ജാതി മതം മാനദണ്ഡമാകുന്ന കോണ്‍ഗ്രസ് രീതി മാറാണ്ടതാണ്. ശ്രീ ഷിയാസാണ് ഈ തീരുമാനം എടുത്തതെങ്കില്‍ അത് ശരിയാണ്.
ഞാന്‍ കൊച്ചി കോര്‍പ്പറേഷനില്‍ കണ്ടീജന്റ് തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇരിക്കുന്നത് വര്‍ഷങ്ങളായി. മിനിമോള്‍ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആയ സമയത്ത് മാസത്തില്‍ ഒരു ദിവസം കണ്ടീജന്റ് തൊഴിലാളികളുടെ യൂണിയനുകളുടെ യോഗം വിളിക്കും. ഞങ്ങളോടൊപ്പം ഭക്ഷണം കഴിക്കും. ഓരോ സ്ഥലത്തേയും പ്രശ്‌നങ്ങള്‍ കേട്ട് പരിഹരിക്കും. എന്തൊരു മനോഹരമായ ജനാധിപത്യ രീതിയായിരുന്നു. മറ്റാരും ഇങ്ങനെ ഒരു രീതി ചെയ്തിട്ടില്ല.
ജനാധിപത്യത്തെ മനോഹരമാക്കാന്‍, ജയിച്ചാല്‍ എല്ലാവരുടേതെന്ന് മനസിലാക്കി രാഷ്ട്രീയത്തിനധീതമായി കാര്യങ്ങള്‍ ചെയ്യുവാന്‍ മിനിമോള്‍ക്ക് കഴിയും. ദീപ്തിയും അത് മനസിലാക്കും എന്നാണ് എനിക്ക് തോന്നുന്നത്. ദീപ്തിക്ക് ഇതിനേക്കാള്‍ ഉയര്‍ന്ന നിലയില്‍ എത്തുവാന്‍ കഴിയും. ക്ഷമയോടെ പക്വതയോടെ കാത്തിരിക്കുവാന്‍ സ്ത്രീനേതൃത്വം തയ്യാറാവണം. ഇതില്‍ കൂടുതല്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നത് പുരുഷന്‍മാരാണ്. അവരുടെ രീതിമോശം ആണ്. മിനിമോള്‍ മേയറായി നന്നായി ഭരിച്ച് ജനാധിപത്യപരമായി സൗമ്യമായി തലക്കനമില്ലാതെ ഞാനെന്ന ഭാവമില്ലാതെ സിമ്പിളായി എല്ലാവരേയും കാണുവാന്‍ അനുവദിച്ച് ഭരിച്ച് കാണിച്ചു കൊടുക്കണം. അഭിനന്ദനങ്ങള്‍.
Content Highlights: Advocate T B Mini Supports Kochi Mayor Minimol