

കൽപ്പറ്റ: കൊച്ചി മേയർ തെരഞ്ഞെടുപ്പ് വിവാദത്തിൽ പാർട്ടി തീരുമാനം അന്തിമമെന്ന് എഐസിസി ജനറൽ സെക്രട്ടറിയും ആലപ്പുഴ എംപിയുമായ കെ സി വേണുഗോപാൽ. ദീപ്‌തി മേരി വർഗീസ് വളരെക്കാലമായി പാർട്ടിയിൽ ഉള്ള നേതാവാണെന്നും അവർക്ക് പ്രയാസമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു. അവർക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടായതിൽ തെറ്റ് പറയാനാകില്ല. വിഷമമുണ്ടായെങ്കിൽ തെറ്റ് പറയാനാകില്ല. എങ്കിലും പാർട്ടി തീരുമാനം അന്തിമമാണെന്നും അവർ അത് അംഗീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും വേണുഗോപാൽ പറഞ്ഞു. അപാകതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ പാർട്ടി വേദികളിൽ ചർച്ച ചെയ്യുമെന്നും ഒന്നിനോടും കടക്ക് പുറത്ത് എന്ന് പറയുന്ന രീതി പാർട്ടിക്ക് ഇല്ല എന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
കേരളത്തിൽ സജീവമാകുന്നത് സംബന്ധിച്ചുള്ള ചോദ്യത്തിനും കെ സി വേണുഗോപാൽ പ്രതികരിച്ചു. താൻ കേരളത്തിൽ ഇല്ലാത്ത ഒരാളല്ല എന്നും തന്റെ പാർട്ടിയെ അധികാരത്തിൽ കൊണ്ടുവരിക എന്നതാണ് തന്റെ ലക്ഷ്യമെന്നുമാണ് കെ സി പ്രതികരിച്ചത്. തന്നെക്കൊണ്ട് ചെയ്യാൻ സാധിക്കുന്ന പരമാവധി കാര്യങ്ങൾ ചെയ്യും. തന്നെ വിമർശിക്കുക എന്നത് ചിലരുടെ ഹോബിയാണ്. പാർട്ടിയെ വിജയിപ്പിക്കാൻ എല്ലാവരെയും ഒന്നിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം താൻ നടത്തുമെന്നും കെ സി പറഞ്ഞു.
അതേസമയം, മേയർ സ്ഥാനാർത്ഥിയായി തന്നെ തഴഞ്ഞതിൽ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തി. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞുതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ഭംഗിയായി ചെയ്‌തെന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നോ എന്ന് അറിയില്ലെന്നും അതിന്റെ ആവശ്യവുമില്ലെന്നും ദീപ്തി പറഞ്ഞിരുന്നു. സ്വതന്ത്രമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണമായിരുന്നു. തന്റെ കൂടെ വളരെയധികം കൗണ്‍സിലര്‍മാര്‍ ഉണ്ടെന്നാണ് ആത്മവിശ്വാസം. തനിക്ക് പിന്തുണയില്ലെന്ന് പറയുന്നത് മാത്രമാണ് പരിഭവമെന്നും പദവി ലഭിക്കാതിരുന്നതില്‍ പരിഭവമില്ലെന്നും ദീപ്തി പറഞ്ഞിരുന്നു.
കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്.
Content Highlights: KC Venugopal supports deepthi mary varghese on kochi mayor controversy