

പാലക്കാട്: അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് ആദിവാസി യുവാവിന് നേരെ ക്രൂര മര്‍ദനം. പാലൂര്‍ സ്വദേശി മണികണ്ഠനാണ് (26) മര്‍ദനമേറ്റത്. തലയോട്ടി തകര്‍ന്ന മണികണ്ഠന്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയില്‍ ചികിത്സയിലാണ്. മര്‍ദിച്ച പാലൂര്‍ സ്വദേശി രാമരാജിനെതിരെ പുതൂര്‍ പൊലീസ് കേസ് എടുത്തു.
എന്നാല്‍ ദുര്‍ബല വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയതെന്നും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുയരുന്നുണ്ട്. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് സംഭവം. പച്ച മരുന്നിന് ഉപയോഗിക്കുന്ന മരുന്ന് മോഷ്ടിച്ചു എന്ന് ആരോപിച്ചാണ് രാമരാജ് മണികണ്ഠനെ മര്‍ദിച്ചത്. എന്നാല്‍ മര്‍ദനം കാര്യമാക്കാതെ മണികണ്ഠന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വാദ്യോപകരണങ്ങളുമായി കോഴിക്കോടെത്തിയിരുന്നു.
അവിടെ വെച്ച് തലകറങ്ങി വീണതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്നുള്ള പരിശോധനയിലാണ് മണികണ്ഠന് തലയോട്ടിയില്‍ ഗുരുതര പരിക്കേറ്റിട്ടുണ്ടെന്ന് കണ്ടെത്തിയത്. പിന്നാലെ മെഡിക്കല്‍ കോളേജ് അധികൃതര്‍ തന്നെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
Content Highlights: Adivasi men attacked in Palakkad Attappadi