'സഭയുടെ കോളേജുകളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ടായി, അത് അരാഷ്ട്രീയത വളര്‍ത്തി'

സഭയ്ക്കുള്ളില്‍ നിന്നും ക്വാളിറ്റിയുള്ള രാഷ്ട്രീയക്കാര്‍ രൂപപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു

'സഭയുടെ കോളേജുകളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ടായി, അത് അരാഷ്ട്രീയത വളര്‍ത്തി'
dot image

കൊച്ചി: രാഷ്ട്രീയം കൂടിയുണ്ടെങ്കിലെ പൗരബോധമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നല്ല കുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പന്‍മാരും സമരക്കാരും മാത്രമാണ് ചെല്ലുന്നതെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര സഭ ഏറ്റെടുത്തിരുന്നെന്നും സഭയ്ക്ക് കീഴിലെ കോളേജുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമയ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സഭയ്ക്കുള്ളില്‍ നിന്നും ക്വാളിറ്റിയുള്ള രാഷ്ട്രീയക്കാര്‍ രൂപപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

'നല്ലകുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പന്‍മാരും സമരക്കാരും മാത്രം ചെല്ലുന്നതാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര ഞങ്ങളും ഏറ്റെടുക്കുകയും ചെയ്തിരുന്നു. സഭയ്ക്ക് കീഴിലെ കോളേജുകളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളും നടന്നിട്ടുണ്ട്. സ്ഥാപനങ്ങളിലെ ഈ നിബന്ധനകള്‍ കുട്ടികള്‍ക്കിടയില്‍ അരാഷ്ട്രീയത വളര്‍ത്തിയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. മധ്യകേരളത്തിലിത് കൂടുതലാണ്. അതൊക്കെ നമ്മുടെ സമൂഹത്തെ രാഷ്ട്രീയത്തില്‍ നിന്ന് പിന്നോട്ട് നയിച്ചു.

അതുകൊണ്ടാവാം ഇത്തരത്തില്‍ അരാഷ്ട്രീയത നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവന്നത്. രാഷ്ട്രീയം കൂടിയുണ്ടെങ്കിലെ പൗരബോധമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. രാഷ്ട്രീയമെന്നത് സത്യസന്ധതയ്ക്ക് വിലയില്ലാത്തതാണെന്നും അവിടെ കൈക്കൂലിയും അഴിമതിയുമേ ഉള്ളൂവെന്നുമുള്ള പൊതുബോധമാണ് സഭയും ഉള്‍ക്കൊണ്ടത്. നമ്മുടെ സമുദായത്തില്‍ ക്വാളിറ്റിയുള്ള ലീഡര്‍ഷിപ്പ് ഉണ്ടാകുന്നില്ല. എല്ലാ സമുദായങ്ങളും ശ്രദ്ധിക്കേണ്ട കാര്യം, പുതിയ തലമുറയിലെ കഴിവുള്ളവരും സമര്‍പ്പണബുദ്ധിയുമുള്ളവരെ രാഷ്ട്രീയത്തിലേക്ക് ഓറിയന്റ് ചെയ്യണമെന്നാണ്', പാംപ്ലാനി പറഞ്ഞു.

കേരളത്തിലൊരു ക്രിസ്ത്യന്‍ മുഖ്യമന്ത്രി ഉണ്ടാവാനുള്ള സാധ്യത വിദൂരമാണെന്ന സത്യം സഭ തിരിച്ചറിയുന്നുണ്ടോ എന്ന ചോദ്യത്തിന് സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ജാതിയും മതവും നോക്കി നിര്‍ണയിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'ക്രിസ്ത്യന്‍ മുഖ്യമന്ത്രി എന്നു പറഞ്ഞ ഒരു സങ്കല്‍പ ലോകം ഞങ്ങള്‍ക്കില്ല. ഞങ്ങളങ്ങനെ ചിന്തിക്കുന്നവരുമല്ല. ക്രിസ്ത്യാനി മുഖ്യമന്ത്രിയായാല്‍ സഭയ്ക്ക് എന്തങ്കിലും വലിയ കാര്യം ചെയ്യുമെന്ന് വിശ്വസിക്കുന്നുമില്ല. എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയുമുണ്ടായിരുന്നു. ഇവരാരെങ്കിലും ക്രിസ്ത്യാനികള്‍ക്കായി വഴിവിട്ട് എന്തെങ്കിലും ചെയ്തിട്ടില്ല. ഞങ്ങളാരും ഒന്നും ചോദിക്കാനും പോയിട്ടില്ല.

ഒരു സമുദായം അന്യായമായി എന്തെങ്കിലും നേടിയെടുത്താൽ ആ സമുദായത്തെ മറ്റുള്ളവര്‍ സംശയത്തോടെ നോക്കുമെന്നും ആ സമുദായം ഒറ്റപ്പെടാന്‍ ഇടവരുമെന്നും ഞങ്ങള്‍ക്ക് ഉത്തമ ബോധ്യമമുണ്ട്. മറിച്ച് ഒരുരാജ്യത്തെ പൗരന്മാരെന്ന നിലയില്‍ ഞങ്ങള്‍ക്ക് കിട്ടേണ്ട അവകാശങ്ങളെക്കുറിച്ച് ചിന്തിക്കും. മുഖ്യമന്ത്രി ക്രസ്ത്യാനി ആവട്ടെ ഹിന്ദുവാവട്ടെ, മുസ്ലിമായിക്കോട്ടെ, ഞങ്ങളുടെ നിലപാടുകളെപ്പോഴും തുല്യമാണ്. ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സഭ വലിയ സമരങ്ങള്‍ നടത്തിയിട്ടുണ്ട്. അതുകൊണ്ട് സഭയുടെ നിലപാടുകള്‍ മുഖ്യമന്ത്രിയുടെ ജാതിയും മതവും നോക്കി നിര്‍ണയിക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നില്ല. ക്രിസ്ത്യന്‍ മുഖ്യമന്ത്രി വന്നതുകൊണ്ട് എന്തെങ്കിലും പ്രത്യേക നേട്ടം ഞങ്ങള്‍ സ്വന്തമാക്കാനും ആഗ്രഹിക്കുന്നില്ല', പാംപ്ലാനി കൂട്ടിച്ചേർത്തു.

Content Highlights: Thalassery Archbishop Mar Joseph Pamplani about orientation of youth in politics

dot image
To advertise here,contact us
dot image