മേയർ തെരഞ്ഞെടുപ്പിൽ കെപിസിസിയുടെ മാനദണ്ഡങ്ങൾ അട്ടിമറിച്ചു; സണ്ണി ജോസഫിന് പരാതി നൽകി ദീപ്തി മേരി വർഗീസ്

തന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നെന്ന് ദീപ്തി നല്‍കിയ പരാതിയില്‍ പറയുന്നു

മേയർ തെരഞ്ഞെടുപ്പിൽ കെപിസിസിയുടെ മാനദണ്ഡങ്ങൾ അട്ടിമറിച്ചു; സണ്ണി ജോസഫിന് പരാതി നൽകി ദീപ്തി മേരി വർഗീസ്
dot image

കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതില്‍ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന് പരാതി നല്‍കി ദീപ്തി മേരി വര്‍ഗീസ്. കെപിസിസിയുടെ മാനദണ്ഡങ്ങള്‍ അട്ടിമറിച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി. തന്നെ ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നെന്ന് ദീപ്തി നല്‍കിയ പരാതിയില്‍ പറയുന്നു. കൊച്ചി കോർപ്പറേഷന്‍ മേയർ സ്ഥാനം വി കെ മിനിമോളും ഷൈനി മാത്യുവും പങ്കിടും എന്ന ധാരണയ്ക്ക് പിന്നാലെയാണ് ദീപ്തി മേരി വർഗീസ് പരാതി നല്‍കിയിരിക്കുന്നത്.

'മേയറെ നിശ്ചയിച്ചത് കെപിസിസി മാനദണ്ഡങ്ങള്‍ മറികടന്നാണ്. രഹസ്യ വോട്ടെടുപ്പ് നടത്തിയിട്ടില്ല. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള നേതാക്കള്‍ വോട്ടെടുപ്പിന് വന്നില്ല. ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് അടക്കമുള്ളവര്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചു.' ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ പറയുന്നു.

'കെപിസസിയുടെ നിരീക്ഷന്‍ എത്തി കൗണ്‍സിലര്‍മാരുടെ അഭിപ്രായം കേള്‍ക്കണം എന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. കൗണ്‍സിലര്‍മാരില്‍ കൂടുതല്‍ പേര് അനുകൂലിക്കുന്ന ആളെ മേയര്‍ ആക്കണം എന്നതാണ് പാര്‍ട്ടി നിലപാട്. എന്നാല്‍ കൊച്ചിയില്‍ അതുണ്ടായില്ല. ഗ്രൂപ്പ് നേതാക്കളായ ഡൊമിനിക് പ്രസന്റേഷനും എന്‍ വേണുഗോപാലുമാണ് കൗണ്‍സിലര്‍മാരെ കേട്ടത്. ഇവര്‍ പുറത്ത് പറഞ്ഞ കണക്ക് അവിശ്വസിനീയമാണ്.' ദീപ്തി മേരി വര്‍ഗീസ് പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും കൊച്ചി മേയറാകും. എറണാകുളം ഡിസിസിയുടേതാണ് പ്രഖ്യാപനം. ഡെപ്യൂട്ടി മേയര്‍ പദവിയും ടേം വ്യവസ്ഥയിലാണ്. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി മേയര്‍ പദവി പങ്കിടും. ദീപക് ജോയ്ക്കാണ് ആദ്യ ടേമില്‍ ഊഴം. രണ്ടാമത്തെ രണ്ടര വര്‍ഷം കെ വി പി കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.

പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിയെയും പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയര്‍ സ്ഥാനം പങ്കിടാനുള്ള തീരുമാനമായതെന്നും സൂചനയുണ്ട്.

Content Highlight; mayoral elections; Deepti Mary Varghese filed a complaint to Sunny Joseph

dot image
To advertise here,contact us
dot image