

കൊച്ചി: കോര്‍പ്പറേഷനില്‍ മേയര്‍ പദവി പങ്കിടാന്‍ ധാരണ. മഹിള കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷ വി കെ മിനിമോളും ഷൈനി മാത്യുവും രണ്ടര വര്‍ഷം വീതം കൊച്ചി മേയര്‍ സ്ഥാനം പങ്കിടും. ആദ്യത്തെ രണ്ടര വര്‍ഷം വി കെ മിനിമോളും അടുത്ത രണ്ടര വര്‍ഷം ഷൈനി മാത്യുവും ആയിരിക്കും കൊച്ചി മേയര്‍. എറണാകുളം ഡിസിസിയുടേതാണ് പ്രഖ്യാപനം.
ഡെപ്യൂട്ടി മേയര്‍ പദവിയും ടേം വ്യവസ്ഥയിലാണ്. ദീപക് ജോയ്, കെ വി പി കൃഷ്ണകുമാര്‍ എന്നിവര്‍ ഡെപ്യൂട്ടി മേയര്‍ പദവി പങ്കിടും. ദീപക് ജോയ്ക്കാണ് ആദ്യ ടേമില്‍ ഊഴം. രണ്ടാമത്തെ രണ്ടര വര്‍ഷം കെ വി പി കൃഷ്ണകുമാര്‍ ഡെപ്യൂട്ടി മേയറാകും.
പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കൂടുതല്‍ പിന്തുണ ലഭിച്ചത് ഷൈനി മാത്യുവിനായിരുന്നു. 19 പേര്‍ ഷൈനി മാത്യുവിനെയും 17 പേര്‍ വി കെ മിനിയെയും പിന്തുണച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കൂടി അനുമതിയോടെയാണ് മിനിമോളും ഷൈനിയും മേയര്‍ സ്ഥാനം പങ്കിടാനുള്ള തീരുമാനമായത് എന്നാണ് സൂചന.
വന്‍ വിജയം സ്വന്തമാക്കിയിട്ടും തെരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച്ചയ്ക്ക് ശേഷവും കോണ്‍ഗ്രസിന് മേയറെ തീരുമാനിക്കായില്ല എന്നത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിരുന്നു. മേയർ സ്ഥാനത്തേയ്ക്ക് ലത്തീൻ വിഭാഗത്തെ പരിഗണിക്കണമെന്ന് സമുദായ നേതൃത്വം കോൺഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കൊച്ചി മേയര്‍ ആരാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും പാര്‍ട്ടിക്ക് വിധേയമായി പ്രവര്‍ത്തിക്കുന്നയാള്‍ പദവിയിലെത്തുമെന്നും ഡിസിസി അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് നേരത്തെ പറഞ്ഞിരുന്നു.
കൊച്ചി കോര്‍പ്പറേഷനിലെ 76 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 46 സീറ്റും എല്‍ഡിഎഫ് 20 സീറ്റും മറ്റുള്ളവര്‍ നാല് സീറ്റും നേടിയിരുന്നു. 2020ലെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് 31 സീറ്റിലും എല്‍ഡിഎഫ് 34 സീറ്റിലും എന്‍ഡിഎ അഞ്ച് സീറ്റിലും മറ്റുള്ളവര്‍ നാല് സീറ്റിലും വിജയിച്ചിരുന്നു.
Content Highlight; V K Minimol and Shiny Mathew will share the post of Kochi Mayor