സ്വർണ വില യുഎഇയിലും റെക്കോർഡില്‍: പക്ഷെ കേരളത്തേക്കാള്‍ ലാഭം; പവന് 4600 രൂപയുടെ കുറവ്

പുതിയ നിരക്ക് പ്രകാരം ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 3963.52 ദിർഹം നല്‍കേണ്ടി വരും

സ്വർണ വില യുഎഇയിലും റെക്കോർഡില്‍: പക്ഷെ കേരളത്തേക്കാള്‍ ലാഭം; പവന് 4600 രൂപയുടെ കുറവ്
dot image

ദുബായ്: യുഎഇയിലും സ്വർണവില റെക്കോർഡ് നിരക്കില്‍. ഗ്രാമിന് ഏകദേശം അഞ്ച് ദിര്‍ഹം വരെയാണ് ഇന്ന് ഉയർന്നത്. ഇതോടെ ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 540 ദിര്‍ഹം 31 ഫില്‍സ് എന്ന നിരക്കിലേക്ക് എത്തി. ഇന്നലെ ഇത് 534 ദിര്‍ഹം 15 ഫില്‍സായിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും സമാന രീതിയില്‍ ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാമിന് 495 ദിര്‍ഹം 44 ഫില്‍സാണ് പുതിയ നിരക്ക്. ഇന്നലെ 489 ദിര്‍ഹം 64 ഫില്‍സായിരുന്നു വില.

പുതിയ നിരക്ക് പ്രകാരം ഒരു പവന്‍ 22 കാരറ്റ് സ്വർണത്തിന് 3963.52 ദിർഹം നല്‍കേണ്ടി വരും. നിലവില വിനിമയ നിരക്ക് അനുസരിച്ച് ഇന്ത്യന്‍ രൂപയില്‍ 96908 നല്‍കേണ്ടി വരും. കേരളത്തിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയില്‍ അപ്പോഴും ഏകദേശം 4692 രൂപയുടെ കുറവുണ്ട് എന്നതാണ് ശ്രദ്ധേയം. കേരളത്തില്‍ ഇന്ന് ഒരു പവന് 101600 രൂപയാണ് നല്‍കേണ്ടത്.

യുഎഇ വിപണിയില്‍ 21 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 472 ദിര്‍ഹം 92 ഫില്‍സാണ് നിലവിലെ വില. ഇതിലും ഏകദേശം അഞ്ച് ദിര്‍ഹം വര്‍ദ്ധന രേഖപ്പെടുത്തി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 405 ദിര്‍ഹം 36 ഫില്‍സായി ഉയര്‍ന്നു. ഇന്നലെ ഇത് 400 ദിര്‍ഹം 61 ഫില്‍സായിരുന്നു. ഏകദേശം നാല് ദിര്‍ഹം വര്‍ധനവാണ് ഇവിടെ ഉണ്ടായത്.

സ്വര്‍ണവിലയിലെ ഈ വര്‍ദ്ധനവിനെ തുടര്‍ന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങാന്‍ ഇപ്പോള്‍ 4,300 ദിര്‍ഹത്തിന് മുകളില്‍ ചെലവഴിക്കേണ്ടി വരും. ഇത് ഇന്ത്യന്‍ രൂപയില്‍ ഏകദേശം ഒരു ലക്ഷത്തി അയ്യായിരം രൂപയ്ക്കടുത്താണ്. ഇന്നലെ ഒരു ലക്ഷത്തി നാലായിരം രൂപ നല്‍കിയാല്‍ ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങാനാവുമായിരുന്നു. തുടര്‍ച്ചയായ വിലക്കയറ്റം ആഭരണ വിപണിയെയും സ്വർണാഭരണ പ്രേമികളേയും ആശങ്കയിലാക്കിയിട്ടുണ്ട്.

കേരളത്തിലെ സ്വർണ വില

കേരളത്തില്‍ ഇന്ന് ചരിത്രത്തിലാദ്യമായി സ്വര്‍ണവില പവന് ഒരു ലക്ഷം കടന്നു. ഈ വര്‍ഷം ആദ്യം ഗ്രാമിന് 7150 രൂപയും പവന് 57,200 രൂപയുമായിരുന്ന സ്വര്‍ണവില വര്‍ഷാവസാനം അടുക്കുമ്പോഴാണ് 10,1600 എന്ന മാന്ത്രിക സംഖ്യ തൊടുന്നത്. ഇതിനിടെ ഏതാണ്ട് എല്ലാ മാസങ്ങളിലും സ്വര്‍ണവില തുടര്‍ച്ചയായി ഉയര്‍ന്ന് സാധാരണക്കാര്‍ക്ക് അപ്രാപ്യമാംവിധം ഉയരത്തിലായി. സ്വര്‍ണവിലയുടെ ചരിത്രത്തില്‍ ഇത്രയും മുന്നേറ്റമുണ്ടാകുന്ന വര്‍ഷം ഇതാദ്യമാണ്. 1760 രൂപയാണ് ഇന്നത്തെ ദിവസം മാത്രം വര്‍ധിച്ചത്. ഇന്നലെ രാവില 22 കാരറ്റ് സ്വര്‍ണത്തിന് 99,200 രൂപയും ഉച്ചയ്ക്ക് ശേഷം പവന് 640 രൂപ കൂടി വിപണിവില 99840 ആയിരുന്നു.

dot image
To advertise here,contact us
dot image