സ്വർണ ഖനികള്‍ ഒന്നല്ല രണ്ട്: രാജസ്ഥാന്‍റെ തലവര മാറുമോ? ലേല നടപടികള്‍ ആരംഭിച്ചു

സംസ്ഥാനത്തെ രണ്ട് വലിയ സ്വർണ്ണ ഖനന ബ്ലോക്കുകളുടെ ലേല പ്രക്രിയ സർക്കാർ വീണ്ടും ആരംഭിച്ചു

സ്വർണ ഖനികള്‍ ഒന്നല്ല രണ്ട്: രാജസ്ഥാന്‍റെ തലവര മാറുമോ? ലേല നടപടികള്‍ ആരംഭിച്ചു
dot image

ജയ്പൂർ: സ്വർണ ഖനന പ്രവർത്തനങ്ങള്‍ വീണ്ടും സജീവമാക്കി രാജസ്ഥാൻ സർക്കാർ. സംസ്ഥാനത്തെ രണ്ട് വലിയ സ്വർണ്ണ ഖനന ബ്ലോക്കുകളുടെ ലേല പ്രക്രിയ സർക്കാർ വീണ്ടും ആരംഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിലെ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനങ്ങളുടെ പട്ടികയിൽ ഇടം നേടാനുള്ള ശ്രമങ്ങൾ രാജസ്ഥാന്‍ നേരത്തെ തന്നെ ശക്തമാക്കിയിരുന്നു. ഇതിനായി മാസങ്ങള്‍ക്ക് മുമ്പ് തന്നെ ലേലം നടത്തിയിരുന്നെങ്കിലും ക്രമക്കേടുകൾ കാരണം റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് പുതിയ ലേല പ്രക്രിയ ആരംഭിച്ചിരിക്കുന്നത്.

ബൻസ്വാഡ ജില്ലയിലെ ഘട്ടോൾ തെഹ്സിലില്‍ സ്ഥിതി ചെയ്യുന്ന 205 ഹെക്ടർ വിസ്തൃതിയുള്ള കങ്കരിയ ഗര ബ്ലോക്ക്, ഉദയ്പൂർ ജില്ലയിലെ 472 ഹെക്ടർ വിസ്തൃതിയില്‍ സ്ഥിതി ചെയ്യുന്ന ഡുഗോച്ച ബ്ലോക്ക് എന്നിവിടങ്ങളിലെ ഖനനത്തിലുള്ള ലേല നടപടികളാണ് ഖനന-ഭൂമിശാസ്ത്ര വകുപ്പ് ആരംഭിച്ചിരിക്കുന്നത്. പൂർണ്ണമായും ഡിജിറ്റല്‍ രൂപത്തിലാണ് ലേലം നടക്കുക. 2026 ജനുവരി 2 ന് ആയിരിക്കും ടെക്നിക്കൽ ബിഡ് തുറക്കൽ.

കങ്കരിയ ഗര ബ്ലോക്കിൽ 1.2 മില്യൺ ടൺ സ്വർണ്ണ അയിര് (gold ore) ഉണ്ടെന്നാണ് കണക്കാക്കുന്നത്. അതേസമയം 1.74 മില്യൺ ടൺ സ്വർണ്ണ ശേഖരം ഡുഗോച്ച ബ്ലോക്കിലുണ്ടെന്നും അനുമാനിക്കുന്നു. "രണ്ട് ബ്ലോക്കുകളും മുൻപ് ലേലം ചെയ്തിരുന്നു. എന്നാൽ ലേലത്തില്‍ വിജയിച്ച കമ്പനി സമർപ്പിച്ച രേഖകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പ്രക്രിയ റദ്ദാക്കി," ഒരു മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പുതിയ ടെൻഡർ വിൽപ്പന നവംബർ 29 മുതൽ ഡിസംബർ 15 വരെ നടന്നു, ബിഡ് സമർപ്പിക്കൽ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലേലം വിജയകരമായാൽ രാജസ്ഥാൻ ഇന്ത്യയിലെ സ്വർണ്ണ ഉൽപ്പാദക സംസ്ഥാനങ്ങളുടെ പട്ടികയിലേക്ക് എത്തും. നിലവില്‍ കർണാടക, ഝാർഖണ്ഡ്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ചെറിയ തോതിലെങ്കിലും ഖനന പ്രവർത്തനങ്ങള്‍ നടക്കുന്നത്. അതോടൊപ്പം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) രാജസ്ഥാനിലെ 18 സാധ്യതയുള്ള സ്വർണ്ണ ബ്ലോക്കുകളുടെ റിപ്പോർട്ടുകൾ സമർപ്പിച്ചിട്ടുണ്ടെന്ന് എന്നുള്ളത് വലിയ പ്രതീക്ഷകള്‍ നല്‍കുന്നു.

ഖനന പ്രവർത്തനങ്ങള്‍ ആരംഭിച്ചാല്‍ രാജസ്ഥാന്റെ ഖനന മേഖലയെ ശക്തിപ്പെടുത്തുകയും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. സ്വർണ്ണ വില ഉയരുന്ന സാഹചര്യത്തിൽ ഈ ഖനന ബ്ലോക്കുകൾ സംസ്ഥാനത്തിന് വൻ സാമ്പത്തിക നേട്ടവും നല്‍കിയേക്കും.

Content Highlights: Rajasthan To Auction Two Gold Mines: State May See Huge Economic Boost

dot image
To advertise here,contact us
dot image