ആ പഴയ 'പൂക്കി നിവിൻ' അല്ലേ ഇത്! അജുവും നിവിനും കലക്കും; ഹിറ്റായി 'സർവ്വം മായ'യിലെ പുതിയ ഗാനം

അജു -നിവിൻ കോമ്പോ തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് സിനിമ തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ

ആ പഴയ 'പൂക്കി നിവിൻ' അല്ലേ ഇത്! അജുവും നിവിനും കലക്കും; ഹിറ്റായി 'സർവ്വം മായ'യിലെ പുതിയ ഗാനം
dot image

അഖിൽ സത്യൻ സംവിധാനം ചെയ്യുന്ന സർവ്വം മായ വലിയ പ്രതീക്ഷകളോടെ സിനിമാപ്രേമികൾ കാത്തിരിക്കുന്ന സിനിമയാണ്. ചിത്രം നിവിൻ പോളിയുടെ കംബാക്ക് ആകുമെന്നാണ് ആരാധകരുടെ പ്രതീക്ഷകൾ. ഇപ്പോഴിതാ സിനിമയിലെ പുതിയ ഗാനം പുറത്തുവന്നിരിക്കുകയാണ്. 'വെള്ളാരതാരം' എന്ന് തുടങ്ങുന്ന ഗാനം അജു വർഗീസ്-നിവിൻ പോളി കോമ്പോയെ അവതരിപ്പിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.

മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം പകർന്നത് ജസ്റ്റിൻ പ്രഭാകരൻ ആണ്. വിനീത് ശ്രീനിവാസൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഒരു ഫൺ ഫീൽ ഗുഡ് വൈബിൽ ആണ് ഗാനം ഒരുക്കിയിരിക്കുന്നത്. പുറത്തുവന്ന് നിമിഷനേരം കൊണ്ട് തന്നെ ഗാനം പ്രേക്ഷകർക്കിടയിൽ ചർച്ചയായിരിക്കുകയാണ്. അജു -നിവിൻ കോമ്പോ തന്നെയാണ് ഗാനത്തിന്റെ പ്രധാന ആകർഷണം. ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ മറ്റൊരു ഹിറ്റ് സിനിമ തന്നെ പ്രതീക്ഷിക്കാം എന്നാണ് പ്രേക്ഷകരുടെ കമന്റുകൾ. ഒരു പക്കാ ഫൺ പടമാകും സർവ്വം മായ എന്ന സൂചനയാണ് മേക്കിങ് വീഡിയോ നൽകുന്നത്. എല്ലാവരും കാണാൻ കാത്തിരിക്കുന്ന ആ പഴയ നിവിൻ പോളിയെ ഈ സിനിമയിലൂടെ കാണാനാകും എന്ന ഉറപ്പും മേക്കിങ് വീഡിയോ നൽകുന്നുണ്ട്.

ചിത്രം ഡിസംബർ 25 ന് ക്രിസ്മസ് റിലീസായി തിയേറ്ററിൽ എത്തും. സിനിമയുടെ ടീസർ നേരത്തെ പുറത്തുവന്നിരുന്നു. വളരെ സുന്ദരനായിട്ടാണ് നിവിനെ ടീസറിൽ കാണുന്നത്. ഒരു ഹൊറർ മൂഡിലാണ് ചിത്രം ഒരുങ്ങുന്നതെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു. നിവിൻ പോളിയുടെ പിറന്നാൾ ദിനത്തോട് അനുബന്ധിച്ചാണ് അണിയറപ്രവർത്തകർ ഈ ടീസർ പുറത്തിറക്കിയത്. പാച്ചുവും അത്ഭുതവിളക്കും എന്ന സിനിമയ്ക്ക് ശേഷം അഖിൽ സത്യൻ ഒരുക്കുന്ന ചിത്രമാണ് സർവ്വം മായ. സെൻട്രൽ പിക്ചേഴ്സ് ആണ് സിനിമ കേരളത്തിൽ വിതരണം ചെയ്യുന്നത്.

എ പി ഇന്റർനാഷണൽ ആണ് റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിന്റെ അവകാശം നേടിയത്. ഗൾഫ് രാജ്യങ്ങളിൽ ചിത്രം തിയേറ്ററിൽ എത്തിക്കാൻ ഒരുങ്ങുന്നത് ഹോം സ്ക്രീൻ എന്റർടൈൻമെന്റ് ആണ്. ഒരിടവേളയ്ക്ക് ശേഷം അജു വർഗീസ്-നിവിൻ പോളി കോമ്പോ ഒരുമിക്കുന്ന സിനിമയാണ് സർവ്വം മായ. സിനിമയിൽ ഇവരുടെ കോമ്പിനേഷൻ വളരെ രസകരമായിട്ടാണ് വന്നിട്ടുള്ളതെന്ന് അഖിൽ സത്യൻ റിപ്പോർട്ടറിനോട് നേരത്തെ മനസുതുറന്നിരുന്നു.

Content Highlights: Nivin Pauly film Sarvam Maya new song out now

dot image
To advertise here,contact us
dot image