മൂന്നാമൂഴത്തിൽ മത്സരിച്ച് നയിക്കുമോ പിണറായി? കെ കെ ശൈലജ വീണ്ടും മത്സരിക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റാൻ സിപിഐഎം

രണ്ട് ടേം പൂർത്തിയാക്കിയ പകുതിയോളം എംഎൽഎമാരെ മൂന്നാമതും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിം​ഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ

മൂന്നാമൂഴത്തിൽ മത്സരിച്ച് നയിക്കുമോ പിണറായി? കെ കെ ശൈലജ വീണ്ടും മത്സരിക്കും: രണ്ട് ടേം വ്യവസ്ഥ മാറ്റാൻ സിപിഐഎം
dot image

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംഭവിച്ച അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ മൂന്നാമൂഴം ഉറപ്പിക്കാനുള്ള നീക്കങ്ങൾ സജീവമാക്കിയിരിക്കുകയാണ് സിപിഐഎം. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നയിക്കണമെന്നാണ് സിപിഐഎമ്മിൽ ധാരണയായിരിക്കുന്നത്. എന്നാൽ മത്സരരം​ഗത്തിറങ്ങി പിണറായി തെരഞ്ഞെടുപ്പ് നയിക്കുമോ അതോ മത്സരിക്കാതെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ചുക്കാൻ പിടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. പിണറായി വിജയൻ മത്സരരം​ഗത്തില്ലെങ്കിൽ സിപിഐഎം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ഉയർത്തിക്കാണിക്കുക ആരെയാകും എന്നതും രാഷ്ട്രീയ കേന്ദ്രങ്ങൾ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

സംസ്ഥാനത്ത് മൂന്നാമൂഴം ലക്ഷ്യമിടുന്ന സിപിഐഎം ജനപ്രിയരായ നേതാക്കളെ മത്സരരം​ഗത്തേയ്ക്ക് പരി​ഗണിക്കുമെന്ന സൂചനകളാണ് വരുന്നത്. 2021ൽ കർശനമായി നടപ്പിലാക്കിയ രണ്ട് ടേം വ്യവസ്ഥ ഇത്തവണ സിപിഐഎം വേണ്ടെന്ന് വെച്ചേക്കും. 2021ൽ സിപിഐഎം വിജയിച്ച 62 സീറ്റുകളിൽ 23 എണ്ണത്തിലും രണ്ടാം തവണയും മത്സരിച്ചവരായിരുന്നു. രണ്ട് ടേം നിബന്ധന കർശനമാക്കിയാൽ ഈ 23 പേർക്കും സിപിഐഎം ഇത്തവണ സീറ്റ് നിഷേധിക്കേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ ഇവരില്‍ പകുതിയിലേറെപ്പേരെ എംഎൽഎമാരെ വീണ്ടും മത്സരിപ്പിച്ചില്ലെങ്കിൽ സിറ്റിം​ഗ് സീറ്റുകൾ നഷ്ടപ്പെട്ടേക്കാമെന്നാണ് സിപിഐഎം കണക്ക് കൂട്ടൽ. അതിനാൽ തന്നെയാണ് രണ്ട് ടേം വ്യവസ്ഥ ഒഴിവാക്കാൻ ഇത്തവണ സിപിഐഎമ്മിൽ തത്വത്തിൽ ധാരണയായിരിക്കുന്നത്. കഴിഞ്ഞ തവണ രണ്ട് ടേം വ്യവസ്ഥ കർശനമാക്കിയതിനെ തുടർന്ന് മത്സരരംഗത്ത് നിന്ന് മാറ്റി നിർത്തിയ തോമസ് ഐസക്ക് ഉൾപ്പെടെയുള്ള ഏതാനും നേതാക്കളെ 2026ൽ മത്സരിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.

രണ്ട് ടേം ഒഴിവാക്കാൻ തീരുമാനിച്ചാൽ മുഖ്യമന്ത്രി പിണറായി വിജയൻ, കെ കെ ശൈലജ, മന്ത്രിമാരായ വീണാ ജോർജ്ജ്, ഒ ആർ കേളു എന്നിവർക്ക് അവസരം ലഭിച്ചേക്കും. നിലവിൽ തിരുവനന്തപുരം ജില്ലയിൽ ആറ് എംഎൽഎമാരാണ് രണ്ടാമൂഴം പൂർത്തിയാക്കിയത്. ഇതിൽ വർക്കലയിൽ നിന്ന് വിജയിച്ച തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് ഒഴികേയുള്ള അഞ്ച് പേർക്കും വിജയസാധ്യത പരി​ഗണിച്ച് മൂന്നാമൂഴം നൽകിയേക്കും. അങ്ങനെയെങ്കിൽ കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രൻ, വട്ടിയൂർക്കാവിൽ വി കെ പ്രശാന്ത്, പാറശാലയിൽ സി കെ ഹരീന്ദ്രൻ, വാമനപുരത്ത് ഡി കെ മുരളി, നെയ്യാറ്റിൻകര കെ ആൻസലൻ എന്നിവർ വീണ്ടും മത്സരിച്ചേക്കും.

കൊല്ലത്ത് രണ്ട് ടേം പൂർത്തിയാക്കിയ മുകേഷിനെ വീണ്ടും മത്സരിപ്പിച്ചേക്കില്ല. എന്നാൽ ഇരവിപുരത്ത് എം നൗഷാദിന് മൂന്നാം ഊഴം ലഭിച്ചേക്കും. പത്തനംതിട്ടയിൽ ആരോ​ഗ്യ മന്ത്രി വീണാ ജോർജ്ജിന് ആറന്മുളയിൽ മൂന്നാമൂഴത്തിന് ഇറങ്ങുമെന്ന് ഉറപ്പാണ്. കോന്നിയിൽ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് 2021ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കെ യു ജനീഷ് കുമാറിന് ഒരിക്കല്‍ കൂടി അവസരം ഉറപ്പാണ്. ആലപ്പുഴയിലെ ചെങ്ങന്നൂരിൽ മന്ത്രി സജി ചെറിയാനും സമാനപരി​ഗണന ലഭിച്ചേക്കും. രണ്ട് ടേം പൂർത്തിയാക്കിയ പ്രതിഭ ഹരിയെ കായംകുളത്ത് മൂന്നാമൂഴത്തിന് പരി​ഗണിച്ചേക്കില്ല. ഇടുക്കിയിൽ മുൻ മന്ത്രി എം എം മണിക്ക് മൂന്നാമൂഴം ലഭിച്ചേക്കില്ല. ഉടുമ്പൻചോലയിൽ രണ്ട് ടേം പൂർത്തിയാക്കിയ എം എം മണിയ്ക്ക് അനാരോ​ഗ്യം മൂന്നാമൂഴത്തിന് തടസ്സമാകും.

എറണാകുളം ജില്ലയിൽ രണ്ട് സിറ്റിം​ഗ് എംഎൽഎമാർക്ക് സിപിഐഎം മൂന്നാമൂഴം നൽകും. കോതമം​ഗലത്ത് അൻ്റണി ജോണും കൊച്ചിയിൽ കെ ജെ മാക്സിയും വീണ്ടും മത്സരത്തിനിറങ്ങും. തൃശ്ശൂർ മണലൂരിൽ മുരളി പെരുനെല്ലി, പാലക്കാട് നെന്മാറയിൽ കെ ബാബു, ആലത്തൂരിൽ കെ ഡി പ്രസന്നൻ എന്നിവരും വീണ്ടും മണ്ഡലം നിലനിർത്താൻ രം​ഗത്തിറങ്ങും. മലപ്പുറത്ത് തവനൂരിൽ കെ ടി ജലീലിനും രണ്ടാമൂഴം നൽകാൻ ആലോചനയുണ്ടെങ്കിലും തീരുമാനം ജലീലിന് വിട്ടേക്കും. കോഴിക്കോട് പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണന് മൂന്നാമൂഴം നൽകാൻ ആലോചനയുണ്ടെങ്കിലും ആരോ​ഗ്യപ്രശ്നങ്ങൾ കൂടി പരി​ഗണിച്ചാവും തീരുമാനം. വയനാട്ടിൽ സിപിഐഎമ്മിൻ്റെ ഏക സിറ്റി​ഗ് സീറ്റായ മാനന്തവാടിയിൽ മന്ത്രി ഒ ആർ കേളുവിനും മൂന്നാമൂഴം ഉറപ്പാണ്. കണ്ണൂരിൽ മൂന്നാം ഊഴത്തിനായി ധർമ്മടത്ത് പിണറായി വിജയനെയും മട്ടന്നൂരിൽ കെ കെ ശൈലജയെയും തലശ്ശേരിയിൽ എ എൻ ഷംസീറിനെയും പരി​ഗണിക്കാനാണ് ആലോചന. മത്സരിക്കുന്നില്ലെന്ന് പിണറായി വിജയൻ തീരുമാനിച്ചാൽ മാത്രമേ പിണറായിയിൽ മറ്റൊരാളെ സിപിഐഎം ആലോചിക്കുകയുള്ളു. കാസർകോട് തൃക്കരിപ്പൂരിൽ എം രാജ​ഗോപാൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ മൂന്നാമൂഴത്തിന് പരി​ഗണിക്കില്ലെന്ന് ഉറപ്പാണ്.

Content Highlights: Kerala Assembly Election 2026 Will Pinarayi Vijayan Contest CPIM has Withdrawn Two Term Condition

dot image
To advertise here,contact us
dot image