

വയനാട്: തദ്ദേശ തെരഞ്ഞടുപ്പിൽ നേതൃത്വം വോട്ട് മറിച്ച് വഞ്ചിച്ചുവെന്ന് ആരോപിച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്നയാളും കുടുംബവും ബിജെപിയിൽ ചേർന്നു. പുൽപള്ളി ഗ്രാമപഞ്ചായത്ത് ആനപ്പാറ വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ഗോപി മനയത്തുകുടിയിലും കുടുംബവുമാണ് ബിജെപിയിൽ ചേർന്നത്. ബിജെപി നേതാക്കൾ വീട്ടിലെത്തിയാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിച്ചത്.
ആനപ്പാറ വാർഡിൽ സിപിഐയുടെ സ്ഥാനാർത്ഥിയായാണ് ഗോപി മത്സരിച്ചത്. ബിജെപിയുടെ സിറ്റിംഗ് വാർഡായിരുന്നു. ഇപ്രാവശ്യം 432 വോട്ട് നേടിയ കോൺഗ്രസ് സ്ഥാനാർത്ഥിയാണ് ഇവിടെ വിജയിച്ചത്. 393 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ ബിജെപി സ്ഥാനാർത്ഥിക്കും പിന്നിലാണ് ഗോപി മത്സരം അവസാനിപ്പിച്ചത്. തന്നെ മത്സരിക്കാൻ ഇറക്കിയ ശേഷം ബിജെപി ജയിക്കാതിരിക്കാനായി എൽഡിഎഫിന്റെ വോട്ടുകൾ കോൺഗ്രസിന് മറിച്ചുനൽകി എന്നാണ് ഗോപിയുടെ ആരോപണം.
നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതിയാണ് സിപിഐ ഗോപിയെ സ്ഥാനാർത്ഥിയാക്കിയത്. എൽഡിഎഫിന് വാർഡിൽ 264 വോട്ടുകൾ ഉണ്ടെന്നും പ്രചാരണചിലവുകൾ ഏറ്റെടുക്കുമെന്നും പാർട്ടി ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതൊന്നും പാലിക്കപ്പെട്ടില്ല എന്നാണ് ഗോപി പറയുന്നത്. പാർട്ടിയിൽ പരാതി ഉന്നയിച്ചപ്പോൾ വിഷയം പരിശോധിക്കാം എന്ന് മാത്രമായിരുന്നു മറുപടി. ഇതിൽ പ്രതിഷേധിച്ചാണ് ഗോപിയും കുടുംബവും ബിജെപിയിൽ ചേർന്നത്.
Content Highlights: ldf candidate and family joins bjp after vote shift allegation