

കൊച്ചി: ഒഴിഞ്ഞ പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കുന്ന ബിവറേജസ് കോർപ്പറേഷൻ്റെ പരീക്ഷണ പദ്ധതി വിജയം. പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പിലാക്കിയ കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ ബെവ്കോ ഔട്ട്ലെറ്റുകളിൽ കഴിഞ്ഞ മൂന്ന് മാസത്തിനിടെ തിരിച്ചെത്തിയത് 33,17,228 പ്ലാസ്റ്റിക് മദ്യക്കുപ്പികളാണ്. ഏകദേശം 80 ടണ്ണിലധികം തൂക്കം വരുന്ന ഈ കുപ്പികൾ പുനർസംസ്കരണത്തിനായി ക്ലീൻ കേരള കമ്പനിയാണ് ശേഖരിച്ചത്. ജലാശയങ്ങളിൽ അടക്കം പാസ്റ്റിക് മാലിന്യങ്ങൾ കുന്ന് കൂടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് ബെവ്കോ പദ്ധതി നടപ്പിലാക്കിയത്. കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട പത്ത് വീതം ഔട്ട്ലെറ്റുകളിലാണ് പദ്ധതിയ്ക്ക് ബെവ്കോ തുടക്കമിട്ടത്.
2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ കണ്ണൂരിലെ ഔട്ട്ലെറ്റുകളിൽ തിരിച്ചെത്തിയത് 15,86,833 പ്ലാസ്റ്റിക് കുപ്പികളാണ്. 38.835.16 കിലോ കുപ്പികളാണ് ഇങ്ങനെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് തിരിച്ചെത്തിയത് 42,028.34 കിലോ തൂക്കം വരുന്ന 17,30,395 കുപ്പികളാണ്. കണ്ണൂർ ജില്ലയിൽ ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് പയ്യന്നൂർ ഔട്ട്ലെറ്റിലാണ്. 5585.8 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്. തിരുവനന്തപുരത്ത് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത് മുക്കോല ഔട്ട്ലെറ്റിലാണ്. 6101.14 കിലോ കുപ്പികളാണ് ഇവിടെ തിരിച്ചെത്തിയത്.
തിരഞ്ഞെടുക്കപ്പെട്ട ഔട്ട്ലെറ്റുകളിലൂടെ വിൽക്കുന്ന പ്ലാസ്റ്റിക് മദ്യക്കുപ്പികളിൽ 20 രൂപ അധികം ഈടാക്കുന്നതിനായി പ്രത്യേകം ക്യൂ ആർ കോഡ് പതിപ്പിച്ചാണ് വിറ്റിരുന്നത്. പിന്നീട് ഈ ക്യൂആർ കോഡ് പതിച്ച കാലിക്കുപ്പികൾ അതേ ഔട്ട്ലെറ്റിൽ തിരിച്ചു നൽകിയാൽ ഉപഭോക്താവിന് 20 രൂപ തിരിച്ചു നൽകുന്നതുമായി രീതി. ഈ നിലയിൽ 2024 സെപ്റ്റംബർ 15 മുതൽ ഡിസംബർ 10വരെയുള്ള കാലയളവിൽ 6.63 കോടിയോളം രൂപയാണ് ഈ പദ്ധതി പ്രകാരം ബെവ്കോ ഉപഭോക്താക്കൾക്ക് തിരികെ നൽകിയത്.
പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതി വിജയമായതിന് പിന്നാലെ മറ്റ് ജില്ലകളിലേയ്ക്ക് കൂടി ഇത് വ്യാപിക്കാനുള്ള ആലോചനയിലാണ് ബെവ്കോ. സംസ്ഥാനത്തെ 284 ബെവ്കോ ഔട്ട്ലെറ്റുകൾ വഴി പ്രതിവർഷം ശരാശരി 51 കോടി കുപ്പി വിദേശമദ്യം വിൽക്കുന്നതായാണ് കണക്കാക്കുന്നത്.
Content Highlights: Bevco's experiment with taking back plastic liquor bottles is a success