'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ WCC

ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ WCC
dot image

മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). പിടി കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി പ്രതിഷേധം അറിയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

ലോകസിനിമാ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച INTERNATIONAL FILM FESTIVAL OF KERALA (IFFK) ഐഎഫ്എഫ്കെ മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ട്. എന്നാൽ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സിലക്ഷൺ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. സിലക്ഷൻ കമ്മറ്റി സിറ്റിങ്ങ് നടക്കുന്ന വേളയിലാണ് അതിക്രമമുണ്ടായത്.


സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവർത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്.

ഇതു IFFK-യുടെ ഖ്യാതിക്ക് ദോഷകരമാണ്. ചലച്ചിത്ര അക്കാദമി IFFK വേദികളിൽ നിന്ന് കുറ്റാരോപിതനെ അകറ്റിനിർത്തുന്നത് ഉച്ചിത്തമായ നിലപാടാണ്; പക്ഷേ അക്കാദമി നിയമാനുസൃതമായ നടപടിയെടുത്ത് കാണാത്തത് എന്തുകൊണ്ടാണ്? സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ അത്യാവശ്യമായ നിമിഷമാണ് ഇത്. അതിക്രമം നടത്തിയ തലമുതിർന്ന സംവിധായകനും രാഷ്ട്രീയമായി വലിയ സ്വാധീനശക്തിയുള്ള മുൻ എംഎൽഎയുമായ അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ.

അവൾ വിശ്വസിച്ച സുരക്ഷയുടെ വാഗ്ദാനം ഇവിടെ ലംഘിക്കപ്പെട്ടിരിക്കുന്നു. ഇനി സർക്കാരിന് മുന്നിലുള്ള ഒരേയൊരു നടപടി മാതൃകാപരമായ ശിക്ഷ ഉറപ്പാക്കുക എന്നതാണ്. ഐഎഫ്എഫ് കെ 2025 നടക്കുന്ന വേളയിൽ തന്നെ ഇക്കാര്യത്തിൽ ഉടൻ നടപടി ഉണ്ടാകണമെന്ന് ഡബ്ല്യുസിസി സർക്കാറിനോട് ആവശ്യപ്പെടുന്നു.

ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്. ചലച്ചിത്ര പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് നേരിട്ട് നല്‍കിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ആരോപണം നിഷേധിച്ച് പി ടി കുഞ്ഞുമുഹമ്മദ് രംഗത്തെത്തിയിരുന്നു. ആരോടും താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും പരാതിക്കാരി തെറ്റിദ്ധരിച്ചതാകാമെന്നുമാണ് പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞത്. മാപ്പുപറയാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: WCC take on pt kunjumuhammad case

dot image
To advertise here,contact us
dot image