

വിക്രം ചിത്രം സേതുവിന്റെ തമിഴ് റീമേക്കിൽ അഭിനയിക്കുമ്പോൾ നേരിട്ട കഷ്ടപ്പാടുകളെക്കുറിച്ച് മനസുതുറന്ന് നടൻ കിച്ച സുദീപ്. നിരവധി നടൻമാർ ഒഴിവാക്കിയ സ്ക്രിപ്റ്റ് ആയിരുന്നു അതെന്നും ഒടുവിൽ അത് തന്റെ കരിയർ ബ്രേക്ക് ചിത്രമായി എന്നും സുദീപ് പറഞ്ഞു. സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങൾ സംഭവിച്ചു എന്നും ഒടിഞ്ഞ കാല് കെട്ടിവെച്ചാണ് താൻ സിനിമ പൂർത്തിയാക്കിയത് എന്നും നടൻ പറഞ്ഞു.
'കന്നടയിൽ ഒരുപാട് നടൻമാർ റിജെക്ട് ചെയ്ത സ്ക്രിപ്റ്റ് ആയിരുന്നു സേതു റീമേക്ക്. കാരണം മുടി വെട്ടണം, ഒട്ടും ഗ്ലാമർ ഇല്ലാത്ത റോൾ ആയിരുന്നു അത്. സേതുവിൽ അഭിനയിക്കുമ്പോൾ അന്ന് വിക്രമും വലിയ സ്റ്റാർ അല്ല. കന്നടയിൽ എന്റെ കാര്യവും അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ എല്ലാവരും ഒഴിവാക്കിയ സിനിമ എന്റെ പക്കൽ വന്നു. പക്ഷെ സിനിമയുടെ ഷൂട്ടിന്റെ ഏഴാമത്തെ ദിവസം സെറ്റിൽ വലിയ ഒരു ആക്സിഡന്റ് നടന്നു. തേനീച്ചകളുടെ ആക്രമണം നടന്നു, മൂന്നാം നിലയിൽ നിന്ന് ഞാൻ താഴേക്ക് വീണു. ഒരു മരത്തിൽ ഇടിച്ചാണ് ഞാൻ വീണത് എന്റെ കാല് മുഴുവൻ ഒടിഞ്ഞു. കാല് കെട്ടിവെച്ചാണ് ഞാൻ സിനിമ പൂർത്തിയാക്കിയത്. ഈ സിനിമ വർക്ക് ആയില്ലെങ്കിൽ തിരിച്ച് ഹോട്ടലിൽ വന്നു ജോലി ചെയ്യണം എന്നായിരുന്നു അച്ഛൻ പറഞ്ഞിരുന്നത്. അതും എനിക്കൊരു ടെൻഷൻ ആയിരുന്നു. ആ സിനിമയ്ക്കായി ഞാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു', സുദീപിന്റെ വാക്കുകൾ.

ഹുച്ച എന്നായിരുന്നു സിനിമയുടെ പേര്. ഓം പ്രകാശ് റാവു ആയിരുന്നു ഈ റീമേക്ക് ചിത്രം സംവിധാനം ചെയ്തത്. വിക്രമിനെ നായകനാക്കി ബാല ഒരുക്കിയ റൊമാന്റിക് ട്രാജഡി സിനിമയാണ് സേതു. നടൻ വിക്രമിന്റെ കരിയറിൽ വലിയ വഴിത്തിരിവായ സിനിമയാണ് ഇത്. ഇളയരാജ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. സിനിമയിലെ വിക്രമിന്റെ പ്രകടനം ഏറെ ചർച്ചയായിരുന്നു. അതേസമയം, വിജയ് കാർത്തികേയ സംവിധാനം ചെയ്യുന്ന മാർക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള സുദീപ് ചിത്രം. കിച്ച ക്രിയേഷൻസുമായി ചേർന്ന് സത്യജ്യോതി ഫിലിംസ് ആണ് മാർക്ക് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്. നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, റോഷ്‌നി പ്രകാശ് എന്നിവരാണ് മാർക്കിലെ മറ്റു അഭിനേതാക്കൾ.
Content Highlights: Kichcha Sudeep about accidents in his film shooting