പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണം; പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്

ഹെലിപ്പാഡ് ധൃതിയിൽ പൊളിച്ചതിൽ ദുരൂഹത ‌ഉണ്ടെന്നും റഷീദ് ആനപ്പാറ പറഞ്ഞു

പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണം; പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ്
dot image

പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് നിർമ്മാണത്തിലെ പരാതിയിൽ അന്വേഷണം നടത്താൻ കളക്ടറോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. വിവരാവകാശ പ്രവർത്തകൻ റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നിർദ്ദേശം.

ഹെലിപ്പാട് നിർമ്മാണത്തിന് 20.7 ലക്ഷം രൂപ ഭരണാനുമതിക്ക് സമർപ്പിച്ചതായി റഷീദ് ആനപ്പാറയ്ക്ക് വിവരാവകാശ രേഖ ലഭിച്ചിരുന്നു. അതിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തുന്നത്. നിർമ്മാണത്തിൽ അഴിമതി നടന്നിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അതേസമയം ഇന്നലെ ഹെലിപ്പാഡ് പൊളിച്ചിരുന്നു. ഹെലിപ്പാഡ് ധൃതിയിൽ പൊളിച്ചതിൽ ദുരൂഹത ‌ഉണ്ടെന്നും റഷീദ് ആനപ്പാറ പറഞ്ഞു.

ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അ​ഗ്നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.

രാഷ്ട്രപതിയെത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത് .രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് മുമ്പ് വ്യോമസേനയുടെ അനുമതിയോടെ പ്രമാടത്ത് രണ്ടു പ്രാവശ്യം ഹെലികോപ്ടര്‍ ഇറക്കി പരിശോധന നടത്തിയിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കേണ്ടിടത്ത് കോണ്‍ക്രീറ്റ് ചെയ്തു. എച്ച് മാര്‍ക്ക് ചെയ്തു. എന്നാല്‍ ഇവിടെ നിന്ന് രണ്ട് അടി മാറിയാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് എച്ച് മാര്‍ക്കിലേയ്ക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി അന്ന് വ്യക്തമാക്കിയിരുന്നു.

Content Highlight : Controversial construction of helipad in Pramadam; Chief Minister's Office asks Collector to investigate complaint

dot image
To advertise here,contact us
dot image