

തുടരും 100 കോടി ഷെയർ നേടിയ സമയത്ത് താനും നിർമാതാവ് രഞ്ജിത്തും അത് അറിയിച്ചുകൊണ്ട് പോസ്റ്റ് ഇട്ടപ്പോൾ കമന്റിൽ മുഴുവൻ തെറി ആയിരുന്നുവെന്ന് സംവിധായകൻ തരുൺ മൂർത്തി. പ്രൊഡ്യൂസഴ്സ് അസോസിയേഷൻ എന്നെങ്കിലും ഒരു മലയാള സിനിമ ആ റെക്കോർഡ് നേടുമോ എന്ന് ചോദിച്ച സമയത്താണ് തങ്ങളുടെ സിനിമ അത് നേടിയതെന്നും എന്നാൽ അതിന്റെ സന്തോഷത്തിൽ പോസ്റ്റ് ഇട്ടപ്പോഴാണ് ഇത്തരം അനുഭവം ഉണ്ടായതെന്നും മനസുതുറക്കുകയാണ് തരുൺ മൂർത്തി. ക്ലബ് എഫ് എം സംഘടിപ്പിച്ച റൗണ്ട്ടേബിളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഒരു സമയത്ത് പ്രൊഡ്യൂസഴ്സ് അസോസിയേഷനിൽ നിന്ന് എന്നെങ്കിലും ഒരു മലയാള സിനിമ 100 കോടി ഷെയർ ഒക്കെ നേടുമോ എന്ന് ചോദ്യങ്ങൾ വന്ന സമയത്ത് തുടരും അത് നേടിയെടുത്തു. അന്ന് അത് വലിയ കാര്യമായി രഞ്ജിത്തേട്ടൻ എന്നെ വിളിച്ച് പറഞ്ഞു. മലയാളത്തിലേക്ക് ഇനിയും ഫണ്ടേഴ്സ് വരട്ടെ നമ്മുടെ സിനിമ അത് നേടി എന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പോ അത് എനിക്കും ഭയങ്കര എക്സൈറ്റ്മെന്റ് ആയി കാരണം ഞാൻ അത് വിചാരിച്ചതല്ല. അങ്ങനെ എല്ലാവരും എത്തില്ല എത്തില്ല എന്ന് പറഞ്ഞ സാധനം എത്തി എന്ന് രഞ്ജിത്തേട്ടൻ എന്നെ വിളിച്ചു പറഞ്ഞപ്പോൾ ചേട്ടാ എന്നാ നമുക്ക് അത് പറയാം എന്ന് പറഞ്ഞു ഞങ്ങൾ ഒരു പോസ്റ്റ് ഇട്ടു. അതിന്റെ അടിയിൽ ഭയങ്കര തെറി ആയിരുന്നു.
കളക്ഷൻ 70 കോടിയെ എത്തിയിട്ടുള്ളൂ നീ 30 കോടി വെള്ളം ചേർത്തല്ലേ എന്ന് ആയിരുന്നു കമന്റുകൾ. അതെനിക്ക് വല്ലാതെ ഫീൽ ആയി. രഞ്ജിത്തേട്ടന്റെ പോസ്റ്റിലും നല്ല തെറി ആയിരുന്നു. ലാലേട്ടനോട് ഞങ്ങൾ പോസ്റ്റ് ഇടേണ്ട എന്ന് പറഞ്ഞു, വെറുതെ എന്തിനാണ് ആ മനുഷ്യനെ തെറി കേൾപ്പിക്കുന്നത്. ഞാൻ ഇടക്ക് രാത്രി രഞ്ജിത്തേട്ടനെ വിളിച്ചു ചോദിച്ചിരുന്നു ചേട്ടാ എന്തേലും നമ്മൾ വെള്ളം ചേർത്തതാണോ എന്ന്. എനിക്കറിയുന്ന രഞ്ചിത്തേട്ടൻ ഇതുവരെയും അങ്ങനെ ഒരു ഒരു ബ്ലണ്ടർ കണക്കുകളോ അങ്ങനെ ഒരു ബൂം കണക്കുകളോ പുറത്തുവിടുന്ന ആളല്ല. എനിക്ക് വന്ന കണക്കല്ലേ എനിക്ക് പുറത്തുവിടാൻ പറ്റൂ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്', തരുണിന്റെ വാക്കുകൾ.

തരുൺ മൂർത്തി സംവിധാനം ചെയ്ത സിനിമയിൽ പ്രകാശ് വർമ, ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു, തോമസ് മാത്യു, ഇർഷാദ് തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ചിത്രത്തിൽ പ്രകാശ് വർമ്മ അവതരിപ്പിച്ച ജോർജ് സാർ എന്ന വില്ലൻ കഥാപാത്രം ഏറെ കയ്യടി വാങ്ങിയിരുന്നു. നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് തുടരും ഒടിടി സ്ട്രീം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സിനിമ ലഭ്യമാണ്.
Content Highlights: Tharun Moorthy about mohanlal and the comments he got in his post