ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു

ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി

ശബരിമല സ്വര്‍ണക്കൊളള കേസ്; എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍  മുന്‍ ദേവസ്വം സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സുപ്രീംകോടതിയുടെ നടപടി. ജനുവരി എട്ടിനും ഒന്‍പതിനും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് എസ് ജയശ്രീയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജയശ്രീ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നടപടി. ഹൈക്കോടതി ജാമ്യാപേക്ഷ തളളിയതോടെ ജയശ്രീയെ ചോദ്യംചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു. ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ദ്വാരപാലക പാളികള്‍ കടത്തിയ കേസിൽ ചോദ്യം ചെയ്യാനായിരുന്നു അന്വേഷണസംഘത്തിന്റെ നീക്കം.

കേസില്‍ ജയശ്രീ നിര്‍ണായക കണ്ണിയാണ് എന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. ക്ഷേത്രം വക വസ്തുക്കളുടെ കസ്റ്റോഡിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ്. ദേവസ്വം സെക്രട്ടറി ചീഫ് അഡ്മിനിസ്‌ട്രേറ്ററാണ്. ആ ചുമതല കൂടി വഹിച്ചിരുന്നയാളാണ് ജയശ്രീ. അതുകൊണ്ടുതന്നെ ക്ഷേത്രവക സ്വത്തുകള്‍ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ജയശ്രീയ്ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് നിഗമനം. 35 വര്‍ഷത്തെ സര്‍വീസ് ഉളളയാളാണ് ജയശ്രീ. ഗൂഢാലോചനയില്‍ പങ്കുളളത് കൊണ്ടാണ് സ്വര്‍ണത്തെ ചെമ്പെന്ന് രേഖപ്പെടുത്തിയിട്ട് പോലും അത് തിരുത്താന്‍ ജയശ്രീ തയ്യാറായില്ലെന്നാണ് അന്വേഷണസംഘം ചൂണ്ടിക്കാട്ടുന്നത്.

Content Highlights: Sabarimala gold theft case; Supreme Court stays arrest of S Jayashree

dot image
To advertise here,contact us
dot image