കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ

കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു

കിഫ്ബി മസാലബോണ്ട് കേസ്; മുഖ്യമന്ത്രി പിണറായി വിജയനും മുൻ ധനകാര്യമന്ത്രി തോമസ് ഐസക്കിനും ഇഡി നോട്ടീസിന് സ്റ്റേ
dot image

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡിക്ക് വീണ്ടും തിരിച്ചടി. മുഖ്യമന്ത്രിക്കും മുന്‍ ധനമന്ത്രിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസും ഹൈക്കോടതി തടഞ്ഞു. കിഫ്ബി സിഇഒ കെഎം അബ്രഹാമിന് നല്‍കിയ നോട്ടീസിനും സിംഗിള്‍ ബെഞ്ചിന്റെ സ്‌റ്റേയുണ്ട്. ഇഡിയുടെ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസില്‍ മൂന്ന് മാസത്തേക്ക് തുടര്‍ നടപടികള്‍ പാടില്ലെന്നാണ് ഹൈക്കോടതി ഉത്തരവ്. മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി ഇഡിക്ക് നോട്ടീസയച്ചു. ഹര്‍ജികളില്‍ ഇഡി മൂന്ന് മാസത്തിനകം മറുപടി നല്‍കണം. നോട്ടീസയച്ച ഇഡി നടപടി നിയമവിരുദ്ധവും വസ്തുതാ വിരുദ്ധവുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വാദം. വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നത് റിയല്‍ എസ്റ്റേറ്റ് കച്ചവടമല്ല. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇഡി നോട്ടീസെന്നും ആണ് മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുടെ വാദം. കിഫ്ബിയുടെ ഹര്‍ജിയില്‍ നേരത്തെ നോട്ടീസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

നേരത്തെ മസാല ബോണ്ട് കേസില്‍ 'ഫെമ' ലംഘനം കണ്ടെത്തിയ ഇഡി റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ ഹൈക്കോടതി തടഞ്ഞിരുന്നു. നാല് മാസത്തേക്കായിരുന്നു സ്‌റ്റേ. റിയല്‍ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്നായിരുന്നു കിഫ്ബിയുടെ വാദം. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. മറുപടി ലഭിച്ച ശേഷമാകും കേസില്‍ തുടര്‍വാദം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബര്‍ 28നാണ് ഇ ഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നുമായിരുന്നു നോട്ടീസ്.

Content Highlights: KIIFB Masala Bonds Case ED notice to Pinarayi Vijayan and former Finance Minister Thomas Isaac stays

dot image
To advertise here,contact us
dot image