

തിരുവനന്തപുരം: വട്ടപ്പാറയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് സംശയം. വട്ടപ്പാറ വേറ്റിനാട് സ്വദേശി അജിത്തിനെ ദീപാവലിയുടെ തലേന്നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍ണ്ണായക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു.
മരിക്കുന്നതിന് മുമ്പ് അജിത് കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മരണത്തിന് പിന്നാലെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും കാണാതായി. അജിത്തിന്റേത് ആത്മഹത്യയെന്നായിരുന്നു ഭാര്യയും മകനും മൊഴി നല്‍കിയത്. എന്നാല്‍ അജിത് ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും അച്ഛനും പറയുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്.
മഹിളാ കോണ്‍ഗ്രസ് നേതാവാണ് അജിത്തിന്റെ ഭാര്യ ബീന. രണ്ട് തവണ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായിട്ടുണ്ട്. ഇനി എവിടെ ബീന മത്സരിക്കുകയാണെങ്കിലും പേരിനൊപ്പം തന്റെ പേര് ഉപയോഗിക്കരുതെന്ന് ആവശ്യപ്പെടുന്നുവെന്നാണ് മരിക്കുന്നതിന് മുമ്പുള്ള അജിതിന്റെ കുറിപ്പ്. ബീനയ്ക്ക് ഇനി എവിടെയും സീറ്റ് കൊടുക്കരുതെന്നും കൊടുത്താല്‍ താന്‍ അവള്‍ക്കെതിരെ രംഗത്തെത്തുമെന്നും അജിത്തിന്റെ കുറിപ്പിലുണ്ട്. മരണത്തിന് പിന്നാലെ കുറിപ്പ് അപ്രത്യക്ഷമാവുകയായിരുന്നു. പോസ്റ്റ് ഡിലീറ്റ് ചെയ്തതിനെക്കുറിച്ച് അറിയില്ലെന്നാണ് ബീന മൊഴി നല്‍കിയത്. എന്നാല്‍ താന്‍ ആത്മഹത്യ ചെയ്യുമെന്ന് പിതാവ് പോസ്റ്റിട്ടിരുന്നുവെന്നും അത് ഡിലീറ്റ് ചെയ്തുമെന്നുമാണ് മകന്റെ മൊഴി. എന്നാല്‍ പോസ്റ്റില്‍ അത്തരമൊരു വാചകം ഇല്ല. പിതാവ് തന്റെ വിരലില്‍ കടിച്ചു. ഇതില്‍ പ്രകോപിതനായി താന്‍ പിതാവിനെ ചെറുതായി അടിച്ചുവെന്നും മൊഴിയിലുണ്ട്. അച്ഛന്റെ മരണത്തില്‍ സംശയമില്ലെന്നും മകന്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം.
31 പരിക്കുകള്‍ അജിത്തിന്റെ ശരീരത്തിലുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരുണ്ട ഇരുമ്പ് ദണ്ഡോ മരത്തിന്റെ ദണ്ഡോ ഉപയോഗിച്ചുള്ള മര്‍ദനത്തിന്റെ പരിക്ക് ആകാം ശരീരത്തിലെന്നാണ് നിഗമനം. അജിത്തിന്റെ മരണം നടന്ന് ഒമ്പതാം ദിവസം മുറി പെയിന്റ് ചെയ്തതും ദുരൂഹത ഉയര്‍ത്തി.
എന്നാല്‍ മുറികള്‍ പെയിന്റ് ചെയ്തിട്ടില്ലെന്നും വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നുമാണ് ബിന്ദു പറയുന്നത്. അജിത് സ്ഥിരം പ്രശ്‌നമുണ്ടാക്കുന്നയാളാണെന്നും ബീന പറയുന്നു. അജിത് ആത്മഹത്യ ചെയ്യില്ലെന്നാണ് വിശ്വാസമെന്ന് പിതാവ് മാധവന്‍ നായര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. 'നിങ്ങള്‍ക്ക് ഞാന്‍ മാത്രമല്ലേയുള്ളൂ'വെന്ന് മകന്‍ എപ്പോഴും പറയാറുണ്ട്. അത്തരമൊരാള്‍ ആത്മഹത്യ ചെയ്യില്ലെന്ന ഉറപ്പാണ്. കേസില്‍ അന്വേഷണം നടക്കണം. മുറി പെയിന്റ് ചെയ്തതില്‍ ദുരൂഹതയുണ്ടെന്ന് തോന്നിയിരുന്നു. ഹിന്ദു ആചാരപ്രകാരം മരണം നടന്നവീട്ടില്‍ പെട്ടെന്ന് അങ്ങനെ ചെയ്യില്ലെന്നും മാധവന്‍ നായര്‍ പറഞ്ഞു.
Content Highlights: Elderly man's death suspected to be murder at thiruvananthapuram