'പോറ്റിയെ കേറ്റിയെ'; വിവാദ പാരഡി ഗാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഐഎം

പന്തളം ഏരിയ കമ്മിറ്റി അംഗവും പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വര്‍മ്മ പരാതി നല്‍കും

'പോറ്റിയെ കേറ്റിയെ'; വിവാദ പാരഡി ഗാനത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഐഎം
dot image

പത്തനംതിട്ട: വിവാദ പാരഡി ഗാനത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കാന്‍ സിപിഐഎം തീരുമാനം. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. പന്തളം ഏരിയ കമ്മിറ്റി അംഗവും പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വര്‍മ്മ പരാതി നല്‍കും. തദ്ദേശ തെരഞ്ഞെടുപ്പ് വേളയില്‍ യുഡിഎഫായിരുന്നു ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചാരണ ഗാനമിറക്കിയത്. ഇതിനെതിരെ പരാതി ഉയർന്നിരുന്നു.

അതേസമയം, സ്വര്‍ണക്കൊള്ള പാരഡി കേസില്‍ കരുതലോടെ നീങ്ങാനാണ് പൊലീസ് നീക്കം. തിടുക്കപ്പെട്ട് നടപടി വേണ്ടെന്നാണ് നിലവിലെ തീരുമാനം. ഗാനം പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിക്കും.

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പാട്ട് ദുരുപയോഗം ചെയ്തതില്‍ നടപടി വേണമെന്നും രാഷ്ട്രീയ ലാഭത്തിനായി അയ്യപ്പന്റെ പേര് ഉപയോഗിച്ചെന്നുമാണ് പരാതിയില്‍.

അയ്യപ്പഭക്തരെ സംബന്ധിച്ച് ഏറ്റവും ഭക്തിയുള്ള ഗാനത്തെയാണ് പാരഡി ഗാനമായി ഉപയോഗിച്ചത്. പാരഡി ഗാനത്തിനകത്ത് അയ്യപ്പ എന്ന വാക്ക് ഉപയോഗിച്ചത് ഭക്തരെ സംബന്ധിച്ച് പ്രയാസമുണ്ടാക്കിയതായും പരാതിയില്‍ പറയുന്നു. കേരളത്തിലെ എംപിമാര്‍ പാര്‍ലമെന്റിനു മുന്നില്‍ പാരഡി ഗാനം പാടി സമരം ചെയ്തത് ലോകം മുഴുവന്‍ പ്രചരിച്ചു. പാരഡി ഗാനത്തിന് പിന്നിലുള്ള ഉദ്ദേശശുദ്ധിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിയില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഗാനം സംബന്ധിച്ച് ഡിജിപിക്ക് പരാതി നല്‍കിയത് സമിതി അല്ലെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് വ്യക്തമാക്കിയിരുന്നു.

പാട്ട് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും അയ്യപ്പനെ നിന്ദിച്ചുവെന്നും പറയുന്നുണ്ട്. പാരഡി ഗാനം പിന്‍വലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.

Content Highlights: CPIM to file complaint with Election Commission against controversial parody song

dot image
To advertise here,contact us
dot image