

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനുള്ള നടപടി ശക്തമാക്കി സിവില്‍ സര്‍വീസ് കമ്മീഷന്‍. സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍ട്ടിഫിക്കറ്റുകളില്‍ സംശയം തോന്നിയാല്‍ അതിന്റെ ആധികാരികത പരിശോധിച്ച് വ്യക്തത വരുത്തണമെന്ന് കമ്മീഷന്‍ വകുപ്പ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
സര്‍ക്കാര്‍ സര്‍വീസിലെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തുന്നതിനും ഭരണനിര്‍വഹണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിന്നതിന്റെയും ഭാഗമായാണ് നടപടി. ഇനി മുതല്‍ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം വഴി ലഭ്യമാകുന്ന അക്കാദമിക് സര്‍ട്ടിഫിക്കറ്റുകളുടെ തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് മാത്രമേ അംഗീകാരം ഉണ്ടായിരിക്കുകയുളളുവെന്ന് കുവൈത്ത് സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തമാക്കി. ജീവനക്കാരുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകളില്‍ എതെങ്കിലും തരത്തിലുള്ള അവ്യക്തതയോ കൃത്രിമത്വമോ നടത്തിയതായി തോന്നിയാല്‍ അക്കാര്യം വിശദമായി പരിശോധിക്കണമെന്നും വകുപ്പ് മേധാവികളോട് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ഉന്നതവിഭ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് സര്‍ട്ടിഫിക്കറ്റിന്റെ ആധികാരിക ഉറപ്പാക്കണമെന്നാണ് നിര്‍ദേശം. സര്‍ട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. തൊഴില്‍ നിയമനങ്ങളിലെ മുന്‍ഗണനാ ക്രമത്തിലും സിവില്‍ സര്‍വീസ് കമ്മീഷന്‍ വ്യക്തത വരുത്തിയിട്ടുണ്ട്.
ജോലിക്കായി രജിസ്റ്റര്‍ ചെയ്തവരില്‍ ഇതുവരെ തൊഴില്‍ ലഭിക്കാത്തവര്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഇതിന് ശേഷം മാത്രമെ സര്‍ക്കാര്‍ ഏജന്‍സികള്‍ തള്ളിക്കളഞ്ഞവരെയും ലഭിച്ച ജോലി നിരസിച്ചവരെയും പരിഗണിക്കുകയുള്ളൂവെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തയ്യാറാക്കിയ തൊഴില്‍ പദ്ധതി പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യകത കണക്കിലെടുത്ത് നിയമന നടപടികള്‍ കൃത്യമായി തുടരുന്നതായും കമ്മീഷന്‍ വ്യക്തമാക്കി.
Content Highlights: Kuwait: Fake degree holders will bring to account