'പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായ് മാറ്റിയേ': ഐഎഫ്എഫ്‌കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍

ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു

'പോറ്റിയെ കേറ്റിയെ സ്വര്‍ണം ചെമ്പായ് മാറ്റിയേ': ഐഎഫ്എഫ്‌കെ വേദിയില്‍ പാരഡി പാടി പ്രതിഷേധിച്ച് ചാണ്ടി ഉമ്മന്‍
dot image

തിരുവനന്തപുരം: ഐഎഫ്എഫ്‌കെ വേദിയില്‍ പോറ്റിയെ കേറ്റിയെ വിവാദ പാരഡി ഗാനം പാടി പുതുപ്പളളി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ചാണ്ടി ഉമ്മന്റെ പ്രതിഷേധം. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് തടയിടുന്നതില്‍ കേന്ദ്രവും കേരളവും ഒരുപോലെയാണെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. കേന്ദ്രം സിനിമ വിലക്കുമ്പോള്‍ കേരളം പാട്ട് വിലക്കുകയാണെന്നും ഇഷ്ടമില്ലാത്തത് വിലക്കുന്ന രീതിയാണ് രണ്ട് കൂട്ടരും കാണിക്കുന്നതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

'ഇവിടെ ഒരു പാട്ട് പാടാന്‍ സമ്മതിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? ഒരു പാട്ടിനെതിരെ വ്യാപകമായി കേസെടുക്കുന്നു, അത് പിന്‍വലിക്കണമെന്ന് പറയുന്നു. ആ പാട്ടുപാടാന്‍ അനുവദിക്കാത്തവര്‍ സിനിമയെക്കുറിച്ച് ദുഃഖിക്കേണ്ട കാര്യമുണ്ടോ? കേന്ദ്രം സിനിമ വിലക്കുമ്പോൾ കേരളം പാട്ട് വിലക്കുന്നു. പലസ്തീൻ രാഷ്ട്രീയം പറയുന്ന ചിത്രങ്ങൾ കേന്ദ്രം വിലക്കിയപ്പോൾ കേരള രാഷ്ട്രീയം പറയുന്ന പാട്ടാണ് കേരളം വിലക്കിയത്. ഇഷ്ടമില്ലാത്തത് വിലക്കുന്നതിൽ കേന്ദ്രവും കേരളവും മുണ്ടും ജാക്കറ്റും പോലെയാണ്. രണ്ടുകൂട്ടരും ഒരു കാര്യമല്ലേ ചെയ്യുന്നത്? കേസെടുത്ത് ഇത് അവസാനിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഇത് ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പ്രശ്‌നമാണ്. കൊച്ചുകുട്ടി മുതല്‍ ഈ പാട്ട് പാടുന്നുണ്ട്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കാനാണെങ്കില്‍ ഇവിടുത്തെ ജയിലുകള്‍ പോരാതെ വരും': ചാണ്ടി ഉമ്മന്‍ പറഞ്ഞു. പാട്ട് പാടിയതിന്റെ പേരിൽ അറസ്റ്റ് ചെയ്യുകയാണെങ്കിൽ തന്നെയും അറസ്റ്റ് ചെയ്യട്ടെ എന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

അതേസമയം,  'പോറ്റിയേ കേറ്റിയേ' എന്ന വിവാദ പാരഡി ഗാനത്തില്‍ പ്രതികള്‍ക്കെതിരെ ഉടന്‍ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് വിവരം. കേസ് കോടതിയിലെത്തിയാല്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് പൊലീസ്. കേസില്‍ ചോദ്യം ചെയ്യല്‍ അടക്കമുള്ള പ്രാഥമിക നടപടികള്‍ പൂര്‍ത്തീകരിക്കും. പ്രതികള്‍ക്ക് നോട്ടീസ് അയച്ചശേഷമായിരിക്കും തുടര്‍നടപടി. പ്രതിപ്പട്ടികയില്‍ ഇല്ലാത്ത അണിയറ പ്രവര്‍ത്തകരുടെ മൊഴിയെടുക്കാനും നീക്കമുണ്ട്. പരാതിക്കാരന്റെ മൊഴി നാളെയോ മറ്റന്നാളോ രേഖപ്പെടുത്തും.

ഗാനം അയ്യപ്പഭക്തിഗാനത്തെ അവഹേളിക്കുന്നതായി കാണിച്ച് തിരുവാഭരണപാത സംരക്ഷണ സമിതിയാണ് ഡിജിപിക്ക് പരാതി നല്‍കിയത്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി പാരഡി ഗാനം പ്രചരിപ്പിക്കുന്നത് അയ്യപ്പഭക്തര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല എന്ന് പരാതിയില്‍ പറയുന്നു. പാരഡി ഗാനം പിന്‍വലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.

Content Highlights: Chandy oommen protest in iffk singing pottiye kettiye song

dot image
To advertise here,contact us
dot image