വോട്ടർ പട്ടികയിൽ പേര് മരിച്ചവരുടെ ലിസ്റ്റിൽ; പിന്നാലെ സ്വയം അന്ത്യ കർമങ്ങൾ ചെയ്യാനൊരുങ്ങി തൃണമൂൽ കൗണ്‍സിലര്‍

തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ് ജീവിച്ചിരിക്കുന്ന കൗണ്‍സിലറുടെ പേര് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്

വോട്ടർ പട്ടികയിൽ പേര്  മരിച്ചവരുടെ ലിസ്റ്റിൽ; പിന്നാലെ സ്വയം അന്ത്യ കർമങ്ങൾ ചെയ്യാനൊരുങ്ങി തൃണമൂൽ കൗണ്‍സിലര്‍
dot image

കൊല്‍ക്കത്ത: വോട്ടര്‍ പട്ടികയില്‍ മരിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേര് വന്നതിനെ തുടര്‍ന്ന് സ്വയം അന്ത്യകര്‍മങ്ങള്‍ ചെയ്യാനൊരുങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍. തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പുറത്തിറക്കിയ കരട് വോട്ടര്‍ പട്ടികയിലാണ് ജീവിച്ചിരിക്കുന്ന കൗണ്‍സിലറുടെ പേര് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്. മരിച്ചവരുടെ ലിസ്റ്റില്‍ തന്റെ പേരുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് ഇയാള്‍ സ്വന്തം അന്ത്യ കര്‍മങ്ങള്‍ ചെയ്യുന്നതിനായി കൊല്‍ക്കത്തയ്ക്ക് അടുത്തുള്ള ശ്മശാനത്തിലേക്ക് പോയി. പശ്ചിമ ബംഗാളില്‍ മരിച്ചവരുടെയും കുടിയേറ്റക്കാരുടെയും പേരുകള്‍ തരം തിരിച്ചുള്ള പട്ടിക ഇന്ന് പുറത്തിറക്കിയിരുന്നു.

ഡങ്കുനി മുന്‍സിപ്പാലിറ്റിയിലെ 18-ാം വാര്‍ഡിലെ തൃണമൂല്‍ കോണ്‍ഗ്രസ്(ടിഎംസി) കൗണ്‍സിലറായ സൂര്യ ദേയുടെ പേരാണ് മരിച്ചവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. എസ്‌ഐആറുമായി ബന്ധപ്പെട്ട ലിസ്റ്റ് പരിശോധിക്കുമ്പോളാണ് തന്റെ പേര് മരിച്ചവരുടെ കൂട്ടത്തിലുള്ളതായി സൂര്യ ദേ കണ്ടത്. എങ്കിലും തന്റെ എസ്‌ഐആര്‍ ഫോം പൂരിപ്പിച്ച് ബിഎല്‍ഒയെ ഏല്‍പ്പിക്കാന്‍ സൂര്യ ദേ മറന്നില്ല.

'തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഞാന്‍ മരിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനാല്‍ ഉടന്‍ കര്‍മങ്ങള്‍ തീര്‍ക്കണം. ഉദ്യോഗസ്ഥര്‍ വന്ന് എന്നെ ദഹിപ്പിക്കട്ടെ' സുര്യ ദേ മാധ്യമങ്ങളോട് പറഞ്ഞു.

'ഞാന്‍ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണ്. ജീവിച്ചിരിക്കെ ഞാന്‍ മരിച്ചെന്ന് കാണിച്ച് പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നു. എന്റെ അവസ്ഥ ഇതാണെങ്കില്‍ സാധാരണക്കാര്‍ എന്ത് ചെയ്യും.' സൂര്യ ദേ ചോദിച്ചു. ഇത് ക്ലര്‍ക്കിന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റാണെന്ന് കരുതുന്നില്ല. അപകടകരമായ കാര്യങ്ങളാണ് സംഭവിക്കുന്നതെന്നും സൂര്യ ദേ കൂട്ടിച്ചേര്‍ത്തു.

മരിച്ചവര്‍, കുടിയേറ്റക്കാര്‍, ഫോമുകള്‍ സമര്‍പ്പിക്കാത്തവര്‍ തുടങ്ങി 58 ലക്ഷം ആളുകളുടെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം നവംബര്‍ നാലിനും ഡിസംബര്‍ 11നും ഇടയില്‍ മാത്രം 58 ലക്ഷത്തിലധികം ആളുകളെയാണ് വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്. ഇതിലൂടെ വോട്ടര്‍മാരുടെ എണ്ണം 7.66 കോടിയില്‍ നിന്ന് 7.08 എന്ന നിലയിലേക്ക് താഴ്ന്നു.

Content Highlight; Trinamool Leader Demands Last Rites After Being Marked "Dead" in Draft Roll

dot image
To advertise here,contact us
dot image