

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറ്റമുണ്ടാക്കാൻ സാധിച്ചെങ്കിലും തൃശൂര്‍ അടക്കം പ്രതീക്ഷവെച്ചിരുന്ന ഇടങ്ങളില്‍ തിരിച്ചടി നേരിട്ടതില്‍ കടുത്ത അതൃപ്തിയിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖര്‍. ലക്ഷ്യംവെച്ചത് കിട്ടിയുമില്ല, ഉണ്ടായിരുന്നത് പോയി എന്നതാണ് അവസ്ഥ. ഇത് ഗൗരവമായാണ് പാര്‍ട്ടി നേതൃത്വമെടുത്തിരിക്കുന്നത്. എല്ലായിടത്തും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതും തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തുന്നത്. വീഴ്ചവരുത്തിയ സ്ഥലങ്ങളിലെ നേതാക്കളെ വിളിച്ച് താക്കീത് നല്‍കാനാണ് അധ്യക്ഷന്റെ തീരുമാനമെന്നാണ് പുറത്തുവരുന്ന വിവരം. കീഴ്ഘടകങ്ങളില്‍ പുനഃസംഘടനയ്ക്കും സാധ്യതയുണ്ട്.
സുരേഷ് ഗോപിയുടെ 'താരപദവി'കൊണ്ട് തൃശൂരിങ്ങെടുക്കാമെന്നായിരുന്നു പാര്‍ട്ടിയുടെ പ്രതീക്ഷ. ഇത് ലക്ഷ്യംവെച്ചായിരുന്നു സുരേഷ് ഗോപിയുടെ കലുങ്ക് സംവാദങ്ങളത്രയും. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ നേടിയത് ആകെ 220 സീറ്റുകള്‍. 171 ഗ്രാമപഞ്ചായത്ത് സീറ്റുകളും അഞ്ച് ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും 36 നഗരസഭാ ഡിവിഷനുകളും എട്ട് കോര്‍പ്പറേഷന്‍ ഡിവിഷനുകളുമാണ് ഇക്കുറി എന്‍ഡിഎയ്ക്കൊപ്പം നിന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലുണ്ടായ കുതിപ്പ് തദ്ദേശ തെരഞ്ഞെടുപ്പില്‍ നേടാന്‍ കഴിയാത്തത് തിരിച്ചടിയായാണ് പാര്‍ട്ടി വിലയിരുത്തത്. തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയഘട്ടം മുതല്‍ അനാവശ്യമായി ഇടപെട്ട സംസ്ഥാന നേതാക്കളെ തിരുവനന്തപുരത്തേയ്ക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്‌തേക്കും.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മുന്നേറ്റമുണ്ടാക്കിയെങ്കിലും വോട്ട് ശതമാനം കുറഞ്ഞത് പാര്‍ട്ടി ഗൗരവത്തിലാണ് എടുത്തിരിക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് ശതമാനം 20 ആയിരുന്നെങ്കില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ അത് രണ്ട് ശതമാനം കുറഞ്ഞ് പതിനെട്ടായിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇതിന് പുറമേ കയ്യിലുണ്ടായിരുന്ന അറുന്നൂറോളം വാര്‍ഡുകള്‍ നഷ്ടപ്പെട്ടു. 1500 സീറ്റുകള്‍ ചെറിയ വോട്ടിന് നഷ്ടമാകുകയും ചെയ്തു. ശബരിമല സ്വര്‍ണപ്പാളി, രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ വേണ്ട രീതിയില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ലെന്ന വിലയിരുത്തലും പാര്‍ട്ടിക്കുണ്ട്.
രാഷ്ട്രീമായി വോട്ടുചെയ്യുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ വലിയ മേല്‍ക്കൈ ബിജെപി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെ രണ്ടില്‍ നിന്ന് ഇക്കുറി ഒന്നിലേക്ക്ചുരുങ്ങി. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരുടെ എണ്ണത്തില്‍ നാലിന്റെ മാത്രം വര്‍ധനവാണുണ്ടായത്. കുറഞ്ഞത് 2,500 ജനപ്രതിനിധികളെ പ്രതീക്ഷിച്ച ബിജെപിക്ക് 1,911 ല്‍ തൃപ്തിപ്പെടേണ്ടതായി വന്നു. ചുരുക്കത്തില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ മാത്രമാണ് എടുത്തുപറയാന്‍ മാത്രമുള്ളതെന്ന വികാരം നേതൃത്വത്തിനുണ്ട്. പ്രശ്‌ന പരിഹാരത്തിന് പുനഃസംഘടന അനിവാര്യമാണെന്ന അഭിപ്രായം നേതാക്കള്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്. പകരം നേതാക്കളെ കണ്ടെത്താനുള്ള പ്രയാസംമൂലം ജില്ലാ പ്രസിഡന്റുമാരെ മാറ്റാതെയുള്ള പുനഃസംഘടയെന്ന ആവശ്യമാണ് ഉയരുന്നത്. ജനറല്‍ സെക്രട്ടറിമാര്‍ മുതല്‍ താഴേത്തട്ടിലുള്ള പുനഃസംഘടന വരുമെന്നുള്ള സാധ്യതയിലേക്കാണ് ഇത് വിരല്‍ചൂണ്ടുന്നത്.
Content Highlights- Rajeev Chandrasekhar may take strict action against leaders over local body election lose